Quantcast

തടവുകാരുടെ പരസ്പര കൈമാറ്റം; അമേരിക്കയുടെ അനുകൂല പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് ഇറാൻ

തടവുകാരെ പരസ്പരം കൈമാറാനുള്ള സന്നദ്ധതക്ക് അമേരിക്കയാണ് ഇനി പ്രതികരണം അറിയിക്കേണ്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി

MediaOne Logo

Web Desk

  • Updated:

    2022-09-19 19:23:32.0

Published:

19 Sept 2022 11:52 PM IST

തടവുകാരുടെ പരസ്പര കൈമാറ്റം; അമേരിക്കയുടെ അനുകൂല പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് ഇറാൻ
X

തടവുകാരുടെ പരസ്പര കൈമാറ്റത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ. അമേരിക്കയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് ഇറാന്റെ പുതിയ പ്രസ്താവന.

ഇറാൻ തടവറയിലുള്ള അമേരിക്കൻ തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥ രാജ്യങ്ങൾ മുഖേന നേരത്തെ നീക്കം നടന്നിരുന്നു. തടവുകാരെ പരസ്പരം കൈമാറാനുള്ള സന്നദ്ധതക്ക് അമേരിക്കയാണ് ഇനി പ്രതികരണം അറിയിക്കേണ്ടതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. അമേരിക്ക തയ്യാറാവുകയാണെങ്കിൽ തടവുകാരുടെ കൈമാറ്റം അധികം വൈകാതെ നടക്കും. എന്നാൽ യു.എസ് ഭരണകൂടം എന്തു നിലപാട് സ്വീകരിക്കുന്നു എന്നതാണ് പ്രധാനമെന്നും ഇറാൻ ചൂണ്ടിക്കാട്ടി.

തങ്ങളുടെ എത്ര പൗരൻമാർ ഇറാൻ തടവിലുണ്ടെന്ന് അമേരിക്ക ഇനിയും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഉപരോധം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ ചില പൗരൻമാരെ അമേരിക്കയിൽ നിന്ന് പിടികൂടിയതെന്ന് ഇറാൻ ആരോപിക്കുന്നു. ആണവ കരാർ ചർച്ചകളുടെ ഭാഗമായി തടവുകാരുടെ കൈമാറ്റവും ഉയർന്നു വന്നിരുന്നു. കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ഉപാധികളിലൊന്നായി അമേരിക്ക മുന്നോട്ടുവെച്ചതും ഇതായിരുന്നു. ഇറാന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാടുണ്ടായെങ്കിലും മറ്റു രാഷ്ട്രീയ കാരണങ്ങളാൽ തുടർചർച്ചകളിൽ നിന്ന് അമേരിക്ക പിൻമാറുകയായിരുന്നു.

TAGS :

Next Story