ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങൾ അന്വേഷിക്കാൻ ആണവോർജ ഏജൻസിയോട് ആവശ്യപ്പെട്ട് ഇറാൻ
ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്

തെഹ്‌റാൻ: ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണങ്ങൾ അന്വേഷിക്കാൻ ഇൻ്റർനാഷണൽ ആണവോർജ ഏജൻസിയോട് ആവശ്യപ്പെട്ട് ഇറാൻ. ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ കേടുപാടുകളുണ്ടായിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു.
ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്‌ലാമി അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ ഗ്രോസിക്ക് അയച്ച കത്തിലാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. യുഎസ് നടപടിയെ അപലപിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും മുഹമ്മദ് ഇസ്‌ലാമി റാഫേൽ ഗ്രോസിയോട് ആവശ്യപ്പെട്ടു. ഏജൻസിയുടെ 'നിഷ്‌ക്രിയത്വത്തെയും അദ്ദേഹം വിമർശിച്ചു. ഇറാൻ ഉചിതമായ നിയമ നടപടികൾ പിന്തുടരുമെന്ന് മുഹമ്മദ് ഇസ്‌ലാമി കൂട്ടിച്ചേർത്തു.
'അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും, പ്രത്യേകിച്ച് ആണവ നിർവ്യാപന ഉടമ്പടിയുടെ [NPT] കടുത്ത ലംഘനത്തിനെതിരെ ഈ കത്ത് പ്രതിഷേധം പ്രകടിപ്പിക്കുന്നു.' കത്തിൽ പറയുന്നു. യുഎസ് വ്യോമാക്രമണത്തെത്തുടർന്ന് ഐഎഇഎയുടെ 35 രാജ്യങ്ങളുടെ ബോർഡ് ഓഫ് ഗവർണർമാരുടെ അടിയന്തര യോഗം വിളിക്കുകയാണെന്ന് റാഫേൽ ഗ്രോസി നേരത്തെ പറഞ്ഞിരുന്നു.
Adjust Story Font
16

