ഇറാനെ പഴിചേരാൻ 9/11 പോലൊരു ആക്രമണം ആസൂത്രണം ചെയ്യുകയാണ് എപ്സ്റ്റീന്റെ കൂട്ടാളികള്‍: അലി ലാരിജാനി
ഭീകരതയെ അതിശക്തമായി എതിർക്കുന്ന ഇറാൻ, അമേരിക്കൻ ജനതയെ ശത്രുവായി കാണുന്നില്ലെന്നും ലാരിജാനി പറഞ്ഞു

- Updated:
2026-03-16 05:41:52.0

തെഹ്‌റാന്‍: പശ്ചിമേഷ്യയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 17-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധമാരംഭിച്ച് ആക്രമണ-പ്രത്യാക്രമണങ്ങള്‍ മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ഇതിനോടകം ഇറാനില്‍ മാത്രം 1,500-ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ അതില്‍ കൂടുതല്‍ വരും.
ഇപ്പോഴിതാ, യുദ്ധത്തില്‍ ഇറാനെ കുറ്റപ്പെടുത്തുന്നതിനായി മറ്റൊരു 9/11 ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുകയാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി. ഭീകരതയെ ചെറുക്കുന്നതിനാണ് ഇറാന്റെ ശ്രമങ്ങളെന്നും അമേരിക്കന്‍ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ടതുണ്ടെന്നും ലാരിജാനി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ഇറാനെ കുറ്റപ്പെടുത്തുന്നതിനായി 9/11 പോലൊരു ആക്രമണം വീണ്ടും നടത്താനാണ് എപ്സ്റ്റീന്റെ കൂട്ടാളികളുടെ ശ്രമമെന്ന് കേട്ടു. ഇത്തരത്തിലുള്ള തീവ്രവാദ പരിപാടികളെ എതിര്‍ക്കുകയെന്നതാണ് ഇറാന്റെ രീതി. എന്നുകരുതി അമേരിക്കന്‍ ജനതയോട് പോരടിക്കുന്നുവെന്നല്ല. നിലവില്‍ യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കും. തീര്‍ച്ചയായും, പ്രകോപനപരമായി പെരുമാറുന്നവരെ അര്‍ഹിച്ച രീതിയില്‍ ഇറാന്‍ കൈകാര്യം ചെയ്യും'. ലാരിജാനി പ്രസ്താവിച്ചു.
അതേസമയം, നിലവിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്ന അവസ്ഥയില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തകര്‍ക്കുന്നതിനായി മറ്റു രാജ്യങ്ങളോട് യുഎസ് പ്രസിഡന്റ് സഹായം അഭ്യര്‍ഥിച്ചുവെന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം. പരസ്പര സഹകരണത്തോടെ നിലവിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാമെന്നും ഒരുമിച്ച് മുന്നോട്ടുപോകാമെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാല്‍, ട്രംപിന്റെ ആഹ്വാനത്തോട് ഇതുവരെയും ശക്തിരാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല.
2001 സെപ്റ്റംബര്‍ 11-നാണ് ലോകത്തെ പിടിച്ചുലച്ച ഭീകരാക്രമണം നടന്നത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണ്‍ ബില്‍ഡിങ്ങും അന്ന് ആക്രമിക്കപ്പെട്ടു. കാലിഫോര്‍ണിയ വഴി പോകേണ്ടിയിരുന്ന നാല് യാത്രാവിമാനങ്ങള്‍ അല്‍ഖാഇദ ഭീകരസംഘം റാഞ്ചുകയായിരുന്നു. അതില്‍ രണ്ട് വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റുകയും മറ്റൊന്ന് വാഷിങ്ടണിലെ പെന്റഗണ്‍ ബില്‍ഡിങ്ങിലും പതിപ്പിച്ചായിരുന്നു ആക്രമണം. അവശേഷിക്കുന്ന വിമാനം പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീഴുകയും ചെയ്തു.
ഭീകരാക്രമണത്തില്‍ 3,000-ത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. 10,000-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണവും പശ്ചാത്തലവും തെളിവുകളുമൊന്നും വേണ്ടവിധം പരിശോധിക്കാതെ, പ്രതികാരമെന്നോണം അല്‍ഖാഇദ ഭീകരര്‍ ഒളിച്ചുപാര്‍ക്കുന്ന ഇടമെന്നാരോപിച്ച് അഫ്ഗാനിസ്ഥാനിലേക്ക് അമേരിക്ക അധിനിവേശമാരംഭിക്കുകയും ചെയ്തു. വര്‍ഷങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനിലെ നിരവധി സാധാരണക്കാരുടെ രക്തക്കറയുമായി അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടുപോകുകയായിരുന്നു.
Adjust Story Font
16
