Quantcast

ഇറാനിലെ സംഘര്‍ഷം; 23-ഓളം യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്ന് റിപ്പോര്‍ട്ട്, മുഴുവന്‍ കണക്കും പുറത്തുവിടാതെ പെന്റഗണ്‍

സൈനികര്‍ക്ക് പുറമെ മൂന്ന് യുഎസ് കോണ്‍ട്രാക്ടര്‍മാരും കൊല്ലപ്പെട്ടു

MediaOne Logo
Pentagon officer removed over anti-Israel posts, internal probe launched
X

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ സംഘര്‍ഷത്തില്‍ പെന്റഗണ്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാള്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിവരം. പെന്റഗണ്‍ പുറത്തുവിട്ട ഡാറ്റകള്‍ പ്രകാരം 18 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ 23-ഓളം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ 820-ലധികം യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധ വകുപ്പിലെ ആഭ്യന്തര വിവരങ്ങള്‍ അറിയാവുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

സൈനികര്‍ക്ക് പുറമെ മൂന്ന് യുഎസ് കോണ്‍ട്രാക്ടര്‍മാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുറത്തുവിടാത്ത മരണങ്ങള്‍ സംഭവിച്ചത് ഒരുപക്ഷെ സൈനിക നീക്കങ്ങള്‍ക്കിടയില്‍ ആയിരിക്കില്ലെന്നാണ് വിലയിരുത്തല്‍. ക്യാമ്പിലുണ്ടായ അപകടങ്ങളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ സൈനികരുടെ മരണത്തിന് കാരണമായിരിക്കാം.

കൊല്ലപ്പെട്ട ചില സൈനികരുടെ വിവരങ്ങള്‍ പെന്റഗണിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. എന്നാല്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് റിപ്പോർട്ടിലെ വാദങ്ങൾ തള്ളി. പ്രസ്തുത ആരോപണങ്ങള്‍ തെറ്റാണെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. റിപ്പോര്‍ട്ടില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പെന്റഗണും ഇതുവരെ തയ്യാറായിട്ടില്ല.

രേഖപ്പെടുത്താത്ത സൈനിക മരണങ്ങള്‍ എവിടെ വെച്ച് സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. സൈനികരുടെ ഐഡന്റിറ്റിയെ കുറിച്ചും അറിവില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സാധാരണയായി ഒരു യുഎസ് സൈനികന്‍ മരണപ്പെട്ടാല്‍ അമേരിക്കന്‍ സൈന്യം ഒരു ലൈന്‍ ഓഫ് ഡ്യൂട്ടി അന്വേഷണം നടത്തും. ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നതിനിടെയാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയാല്‍ അവരുടെ കുടുംബത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കും.

എന്നാല്‍ ഇറാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്നില്ലെങ്കില്‍ അവരുടെ കുടുംബത്തിന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ പങ്കുവെച്ചു. കൂടാതെ ഇറാന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് യുഎസ് താവളങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും വ്യക്തമായ കണക്കുകളില്ല.

TAGS :

Next Story