'ഇറാന്റെ ആണവശേഷി പൂർണമായി നശിച്ചിട്ടില്ല' അമേരിക്കയെ തള്ളി
ഇറാന്റെ ആണവശേഷി സംബന്ധിച്ച് ഇസ്രയേലും അമേരിക്കയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പാടെ തള്ളിയിരിക്കുകയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി

ഇറാന്റെ ആണവശേഷി സംബന്ധിച്ച് ഇസ്രയേലും അമേരിക്കയും പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പാടെ തള്ളിയിരിക്കുകയാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി. ആണവകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാന് ആണവസമ്പുഷ്‌ടീകരണം പുനരാരംഭിക്കണമെങ്കിൽ ദശാബ്ദങ്ങളെടുക്കുമെന്നായിരുന്നു യു എസ് പ്രസിഡന്റ് ഉൾപ്പെടെ അവകാശപ്പെട്ടിരുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ലെന്ന് പറയുകയാണ് ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി
ശനിയാഴ്ച സി ബി എസ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി അഥവാ ഐ എ ഇ എയുടെ ഡയറക്ടർ ജനറൽ റഫേൽ ഗ്രോസി, അമേരിക്ക അടക്കമുള്ളവരുടെ അവകാശവാദങ്ങളെ തള്ളിയത്. ജൂൺ 22 നായിരുന്നു ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ എന്ന പേരിൽ അമേരിക്ക ഇറാന്റെ മൂന്നു ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. 14000 കിലോഗ്രാം വരുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. അതോടുകൂടി ഇറാന്റെ അനവശേഷിയെല്ലാം നഷ്ടപ്പെട്ടു എന്നായിരുന്നു ഇസ്രയേലും അമേരിക്കയും ലോകത്തോട് പറഞ്ഞത്.
അതിനിടെ, അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഇന്റെലിജൻസ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിരുന്നു. അതുപ്രകാരം, ഇറാന്റെ ശേഷി ജൂൺ 22ന് ഇറാൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിലൂടെ, തെഹ്‌റാന്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങൾക്ക് യാതൊരു കേടുപാടുകളും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇറാന്റെ ആണവപദ്ധതികളെ കുറച്ച് മാസത്തേക്ക് വൈകിപ്പിക്കാൻ മാത്രമാണ് സാധിച്ചതെന്നും പെന്റഗൺ റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു.
എന്നാൽ, ആ റിപ്പോർട്ടിനെയും അമേരിക്കൻ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്സെത്ത് തള്ളിയിരുന്നു. ഇറാന്റെ ആണവശേഷിയെ പാടെ നശിചിപ്പിച്ചു എന്നായിരുന്നു ഹെഗ്സെത്ത് ആവർത്തിച്ചത്. പക്ഷെ ആ വാദങ്ങൾക്ക് വിപരീതമാണ് നിലവിൽ റഫേൽ ഗ്രോസി നടത്തിയിരിക്കുന്ന തുറന്നുപറച്ചിൽ. ഇന്റെലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിനെ അടിവരയിടുന്നതാണ് ഐഎഇഎ മേധാവിയുടെ പ്രതികരണം.
ഇറാന്റെ പ്രധാന ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും പ്രവർത്തനക്ഷമമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. മാസങ്ങൾക്കകം യുറേനിയം സമ്പുഷ്‌ടീകരണം ആരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടക്കം കള്ളം പറയുകയായിരുന്നോ എന്നാണ് ഉയരുന്ന ചോദ്യം. കൂടാതെ ബങ്കർ ബസ്റ്റർ ബോംബുകളുടെ ശേഷിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ഇറാന്റെ പക്കലുണ്ടെന്ന് ആണവോർജ ഏജൻസി പറയുന്ന 400 കിലോയിലധികം വരുന്ന 60 ശതമാനം സമ്പുഷ്‌ടീകരിച്ച യുറേനിയം എവിടെയെന്നാണെന്നതും ആർക്കുമറിയില്ല. അതിലും ഗ്രോസി ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഐ എ ഇ എ യുമായുള്ള സഹകരണം താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനവും ഇറാൻ പാർലമെന്റും ഗാർഡിയൻ കൗൺസിലും അടുത്തിടെ കൈക്കൊണ്ടിരുന്നു.
ഐ എ ഇ എ അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദങ്ങളെ തള്ളിയതോടെ ഇറാനിൽ നടത്തിയ ഏകപക്ഷീയ ആക്രമണത്തിൽ സയണിസ്റ്റ് ഭരണകൂടം എന്തുനേടിയെന്ന ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്. ഇസ്രായേൽ ചരിത്ര വിജയം നേടിയെന്നും ഇറാന്റെ ആണവപദ്ധതിയെ ഇല്ലാതാക്കിയെന്നുമായിരുന്നു നെതന്യാഹു പ്രഖ്യാപിച്ചത്. എന്നാൽ അതെല്ലാം പൊയ് വായ്ക്ക് ആണെന്നാണ് തെളിയുന്നത്.
അതേസമയം, ലോകത്തെ അത്യാധുനിക ബോംബുകളെ പോലും പ്രതിരോധിച്ച ഇറാൻ, പശ്ചിമേഷ്യയിലെ തങ്ങളുടെ കരുത്ത് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ജൂൺ പതിമൂന്നിന് ഇസ്രായേൽ നടത്തിയ ഏകപക്ഷീയ ആക്രമണത്തിൽ 627 ഇറാനി പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നു എന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിച്ചായിരുന്നു ആക്രമണം.
Adjust Story Font
16

