ഇസ്രായേൽ ആരോപണം നിഷേധിച്ച് ഇറാൻ; വെടിനിർത്തൽ അംഗീകരിച്ചെന്ന് ഇറാൻ പരമോന്നത കൗൺസിലിന്റെ പ്രസ്താവന
സയണിസ്റ്റുകൾക്കും അവരുടെ സഖ്യത്തിനുമെതിരായ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നാണ് പ്രസ്താവന. നേരത്തെ വെടിനിർത്തൽ ലംഘിച്ച് ഇറാൻ ആക്രമണം നടത്തിയതായി ഇസ്രായേൽ ആരോപിച്ചിരുന്നു

തെഹ്‌റാൻ: വെടിനിർത്തൽ ലംഘിച്ച് അക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാൻ. ഇറാൻ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചു. സയണിസ്റ്റുകൾക്കും അവരുടെ സഖ്യത്തിനുമെതിരായ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്നാണ് പ്രസ്താവന. സയണിസ്റ്റ് സൈന്യത്തെ വിശ്വാസമില്ലെന്നും ട്രിഗറിൽ കൈകളുണ്ടെന്നും പ്രസ്താവനയിൽ പരാമർശമുണ്ട്.
നേരത്തെ വെടിനിർത്തൽ ലംഘിച്ച് ഇറാൻ ആക്രമണം നടത്തിയതായി ഇസ്രായേൽ ആരോപിച്ചിരുന്നു. തെഹ്‌റാനിൽ അത് നിമിഷവും ആക്രമണമുണ്ടായേക്കാമെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേൽ പ്രതിരോധമന്ത്രി ആക്രമണത്തിന് നിർദേശം നൽകിയിരുന്നു. വെടിനിർത്തൽ ലംഘിച്ച് ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെന്നും ഇസ്രായേൽ അത് തടഞ്ഞുവെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ രാത്രി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതിന് പിന്നാലെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഇസ്രായേലിൽ ഇറാൻ ആക്രമണത്തിൽ ആറുപേർ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഉപാധിരഹിതമായാണ് നെതന്യാഹു വെടിനിർത്തൽ അംഗീകരിച്ചത്. വെടിനിർത്തൽ ഇറാനോട് കീഴടങ്ങിയതിന് തുല്യമെന്ന് നെതന്യാഹുവിന്റെ പാർട്ടി പ്രതികരിച്ചിരുന്നു. ഇസ്രായേലിനെതിരെ ഇറാൻ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും ലിക്വിദ് പാർട്ടി പറഞ്ഞിരുന്നു.
Adjust Story Font
16

