Quantcast

​പൈലറ്റ് 1.5 മിനിറ്റ് മുമ്പ് ആശയവിനിമയം നടത്തി, അട്ടിമറിക്ക് തെളിവില്ല; ഹെലികോപ്റ്റർ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ

അപകടം നടന്ന് ഉടൻ ഹെലികോപ്റ്ററിന് തീപിടിച്ചു

MediaOne Logo

Web Desk

  • Published:

    24 May 2024 10:11 AM GMT

iran president helicopter crash
X

തെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ​പെട്ടതിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. പൈലറ്റ് 90 സെക്കൻഡ് മുമ്പ് ആശയ വിനിമയം നടത്തിയതായും അട്ടിമറിയുടെ തെളിവി​ല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇറാനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, ഹെലികോപ്റ്റർ അതിന്റെ റൂട്ടിൽ മാറ്റം വരുത്താതെ മുൻകൂട്ടി നിശ്ചയിച്ച പാതയിൽ തന്നെയാണ് സഞ്ചരിച്ചത്. അപകടത്തിന് 90 സെക്കൻഡ് മുമ്പ് മറ്റു രണ്ട് ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

ഹെലികോപ്റ്ററിൽ വെടിയുണ്ടയു​ടെയോ മറ്റു ആക്രമണങ്ങളുടെയോ അടയാളങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. അപകടം നടന്ന് ഉടൻ തന്നെ ഹെലികോപ്റ്ററിന് തീപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ദുർഘടമായ ഭൂപ്രദേശം, തണുത്ത കാലാവസ്ഥ, മൂടൽമഞ്ഞ് എന്നിവ കാരണം തിരച്ചിലും രക്ഷ​ാപ്രവർത്തനവും നീണ്ടുപോയി. പുലർച്ചയോടെ മാത്രമാണ് അപകടസ്ഥലത്ത് ദൗത്യസംഘത്തിന് എത്താൻ സാധിച്ചത്. കൺട്രോൾ ടവറുമായി പൈലറ്റ് നടത്തിയ ആശയവിനിമയത്തിൽ സംശയാസ്പദ സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല.

അപകടവുമായി ബന്ധപ്പെട്ട സാ​ങ്കേതികവും പൊതുവായതുമായ വിവരങ്ങളും കണ്ടെത്തലുകളും ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ ചില വിവരങ്ങൾ വിലയിരുത്താൻ കൂടുതൽ സമയം അനിവാര്യമാണ്. വിശദ അന്വേഷണം പൂർത്തിയായാലുടൻ അന്തിമഫലം പുറത്തുവിടുമെന്നും ഇറാൻ അറിയിച്ചു.

ദുർഘടമായ മലഞ്ചെരുവിൽ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. 15 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഹെലികോപ്ടർ കണ്ടെത്തിയത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഇറാൻ അറിയിച്ചിരുന്നത്. അതേസമയം, അപകടം സംബന്ധിച്ച് പലവിധ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉയർന്നിരുന്നു.

1960കളിൽ കനേഡിയൻ സൈന്യത്തിനായി യു.എസ് കമ്പനി വികസിപ്പിച്ചെടുത്ത ബെൽ 212 മോഡൽ ഹെലികോപ്റ്ററെന്ന് തകർന്നത്. ഇറാനെതിരായ അമേരിക്കയുടെ ഉപരോധമാണ് അപകടത്തിന് കാരണമെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, ഇതിനെതിരെ അമേരിക്ക രംഗത്തുവരികയുണ്ടായി. മോശം കാലാവസ്ഥയിൽ 45 വർഷം പഴക്കമുള്ള ഹെലികോപ്റ്റർ പറത്താനുള്ള തീരുമാനത്തിന് ഉത്തരവാദി ഇറാനിയൻ സർക്കാറാണെന്ന് യു.എസ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

മെയ് 19ന് ഇറാൻ-അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിൻ്റെ ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻ്റ് ഇബ്രാഹീം റഈസി പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടാകുന്നത്. വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും മറ്റു ഉദ്യോഗസ്ഥരും പൈലറ്റുമടക്കം ആറുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് ഇറാന്റെ അഭ്യർഥന പ്രകാരം തുർക്കിയും റഷ്യയും യൂറോപ്യൻ യൂനിയനുമെല്ലാം രക്ഷാദൗത്യവുമായി രംഗത്തുവന്നിരുന്നു. തുർക്കിയുടെ ആളില്ലാ വിമാനമാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. തുടർന്ന് ഇറാനിയൻ സംഘം സ്ഥലത്തെത്തി ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

പ്രസിഡന്റിനും മറ്റുള്ളവർക്കും വലിയ യാത്രയയപ്പാണ് ഇറാൻ ജനത നൽകിയത്. തബ്രിസ്, ഖോം, തെഹ്റാൻ, ബിർജന്ദ് എന്നിവിടങ്ങളിലൂടെയെല്ലാം വിലാപ യാത്ര കടന്നുപോയി. തെഹ്റാനിൽ നടന്ന ചടങ്ങുകൾക്ക് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി നേതൃത്വം നൽകി. അറുപതിലധികം രാജ്യങ്ങളിലെ തലവൻമാരും പ്രതിനിധികളും തെഹ്റാനിലെത്തി അന്ത്യോപചാരം അർപ്പിച്ചു. കൂടാതെ ഹമാസ് തലവൻ ഇസ്മായീൽ ഹനിയ്യയും തെഹ്റാനിലെത്തിയിരുന്നു.

വ്യാഴാഴ്ച റഈസിയുടെ ജന്മദേശമായ മഷാദിലാണ് ഖബറടക്കം നടന്നത്. വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയിരുന്നത്. കറുത്ത വസ്ത്രം ധരിച്ച് വെളുത്ത പൂക്കൾ കൈയിലേന്തിയാണ് പുരുഷൻമാരും സ്ത്രീകളുമെല്ലാം പ്രിയ നേതാവിന് വിടചൊല്ലിയത്.

ഇബ്രാഹീം റഈസിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രഥമ വൈസ് പ്രസിഡൻ്റ് മുഹമ്മദ് മൊഖ്ബറിനെ ഇടക്കാല പ്രസിഡൻ്റായി നിയമിച്ചിരുന്നു. വിദേശകാര്യ ഉപമന്ത്രി അലി ബാഗേരി കാനിയെ ഇടക്കാല വിദേശകാര്യ മന്ത്രിയായും ചുമതലയേറ്റു. പുതിയ പ്രസിഡന്റിനെ ജൂൺ 28ന് തെരഞ്ഞെടുക്കും.

TAGS :

Next Story