Quantcast

ആഞ്ജലീന ജോളിയാകാൻ 'വ്യാജ' പ്ലാസ്റ്റിക് സർജറി; ജയിൽ മോചിതയായതോടെ മുഖം വെളിപ്പെടുത്തി ഇറാൻ യുവതി

തനിക്ക് 21 വയസ് മാത്രമേ ഉള്ളൂവെന്നും വെറുമൊരു തമാശയ്ക്കായാണ് എല്ലാം ചെയ്തതെന്നും ഇവർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-10-27 16:52:32.0

Published:

27 Oct 2022 4:51 PM GMT

ആഞ്ജലീന ജോളിയാകാൻ വ്യാജ പ്ലാസ്റ്റിക് സർജറി; ജയിൽ മോചിതയായതോടെ മുഖം വെളിപ്പെടുത്തി ഇറാൻ യുവതി
X

ടെഹ്റാൻ: മുഖം ഹോളിവുഡ് നടി ആഞ്ജലീന ജോളിയുടേത് പോലെയാകാൻ നിരവധി പ്ലാസ്റ്റിക് സർജറി നടത്തി വിരൂപയായിപ്പോയെന്ന് പ്രചരിപ്പിച്ച ഇറാൻ യുവതി ഒടുവിൽ യഥാർഥ മുഖം വെളിപ്പെടുത്തി. ജയിൽ മോചിതയായതിനു പിന്നലെയാണ് 21കാരിയായ സഹർ തബർ താൻ പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചിത്രങ്ങളാണെന്ന് വെളിപ്പെടുത്തിയതും യഥാർഥ മുഖം കാണിച്ചതും.

'സോംബി ആഞ്ജലീന ജോളി' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. 2019ലാണ് ഹിജാബിനെ അവഹേളിച്ചതിന്റെ പേരിൽ മതനിന്ദാക്കുറ്റം ചുമത്തിയും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിച്ചതിനും സഹറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് പത്ത് വർഷത്തേയ്ക്ക് ജയിലിലടയ്ക്കുകയായിരുന്നു. 19 വയസുള്ളപ്പോഴായിരുന്നു ഇത്.

മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് 14 മാസത്തിനു ശേഷം സഹർ ജയിൽ മോചിതയായത്. തുടർന്ന് ഒരു ഇറാൻ ടി.വി ചാനലിലൂടെയാണ് യുവതി തന്റെ യഥാർഥ മുഖം വെളിപ്പെടുത്തിയത്. ഇറാനിൽ പ്രതിഷേധം ഉടലെടുത്തതോടെ സഹറിനെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

തനിക്ക് 21 വയസ് മാത്രമേ ഉള്ളുവെന്നും വെറുമൊരു തമാശയ്ക്കായാണ് എല്ലാം ചെയ്തതെന്നും ഇവർ പറഞ്ഞു. എന്നാൽ അത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ജയിലിലും കഴിയേണ്ടി വന്നു. ഇനി സമൂഹ മാധ്യമത്തിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്നും സഹർ വ്യക്തമാക്കി. ജയിൽ മോചിതയാക്കാൻ വേണ്ടി ആഞ്ജലീന ജോളിയുടെ സഹായം വരെ ഇവർ തേടിയിരുന്നു.

ജയിൽ മോചിതയായ ശേഷം പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫോട്ടോകൾ കൃത്രിമമായിരുന്നുവെന്ന് സഹർ സമ്മതിച്ചത്. മേക്കപ്പിലൂടെയും ഫോട്ടോഷോപ്പിലൂടെയും സൃഷ്ടിച്ച ഫോട്ടോകളാണ് പ്രചരിപ്പിച്ചത്. നിരവധി ആളുകളാണ് യുവതി പോസ്റ്റ് ചെയ്തത് പ്ലാസ്റ്റിക് സർജറിക്ക് ശേഷമുള്ള ഫോട്ടോ ആണെന്ന് വിശ്വസിച്ചിരുന്നത്.

അതേസമയം ചെറിയ രീതിയിലുള്ള ശസ്ത്രക്രിയകൾക്ക് വിധേയയായെന്നും സഹർ സമ്മതിച്ചു. തന്റെ യഥാർഥ പേര് 'ഫാത്തിമ ഖിഷ്‌വന്ദ്' എന്നാണെന്നും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയാകാനാണ് കൃത്രിമം നടത്തി മുഖം ഭീകരമാക്കിയതെന്നും സഹർ പറഞ്ഞു. സംഭവത്തിൽ തനിക്ക് ഖേദമുണ്ടെന്നും ഫോട്ടോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് അമ്മ പലതവണ പറഞ്ഞിരുന്നെങ്കിലും അനുസരിച്ചില്ലെന്നും സഹർ കൂട്ടിച്ചേർത്തു.

TAGS :

Next Story