Quantcast

തൊഴിലില്ലായ്മ, വിലക്കയറ്റം, രാഷ്ട്രീയ അസ്ഥിരത; ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തം

രാഷ്ട്രീയ ഭിന്നത കാരണം മാസങ്ങളായി ഇറാഖിലെ പുതിയ സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാണ്

MediaOne Logo

Web Desk

  • Published:

    28 July 2022 1:48 AM GMT

തൊഴിലില്ലായ്മ, വിലക്കയറ്റം, രാഷ്ട്രീയ അസ്ഥിരത; ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തം
X

ബാഗ്ദാദ്: തൊഴിലില്ലായ്മ രൂക്ഷമായതോടെ ഇറാഖിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഷിയ നേതാവ്​ മുഖ്​തദ അൽ സദ്​റിന്‍റെ അനുയായികൾ ഇറാഖ്​ പാർലമെൻറ്​ കെട്ടിടം കയ്യേറിയതിനെത്തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷത്തിന് താത്കാലികാറുതിയായി. ഇന്നലെ വൈകീട്ടുമുതൽ അർധരാത്രിവരെ പാർലമെൻറ്​ കെട്ടിടം പ്രക്ഷോഭകരുടെ പൂർണ നിയന്ത്രണത്തിലായിരുന്നു. പിരിഞ്ഞുപോകാനുള്ള സർക്കാർ ആഹ്വാനം തള്ളിയ പ്രക്ഷോഭകർ ഇറാൻ ​പിന്തുണയുള്ള പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥി മുഹമ്മദ്​ ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. ​ഒടുവിൽ മുക്​തദ അൽ സദ്​റിന്‍റെ ആഹ്വാനത്തെ തുടർന്നാണ്​​ പ്രക്ഷോഭകർ മടങ്ങിയത്​.

സർക്കാർ ഓഫീസുകളും നയതന്ത്ര കേന്ദ്രങ്ങളും നിലകൊള്ളുന്ന ബാഗ്ദാദിലെ ഗ്രീൻ സോൺ പ്രദേശത്തേക്ക്​ രാജ്യത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി സദ്​ർ അനുകൂലികൾ പ്രവഹിക്കുകയായിരുന്നു. പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന്​ പാർലമെൻറ്​ സ്​പീക്കർ ആദ്യമേ നിർദേശിച്ചിരുന്നു. അതേസമയം, പാർലമെൻറ്​ കൈയേറ്റത്തിലൂ​ടെ എല്ലാവർക്കും വ്യക്​തമായ സന്ദേശം നൽകിയെന്നും താൽക്കാലം പിരിഞ്ഞു പോകണമെന്നും മുഖ്​തദ അൽ സദ്​ർ അറിയിച്ചു. ഇതോടെയാണ്​ ബഗ്​ദാദിൽ സ്​ഥിതി ശാന്തമായത്. ഇറാഖിലെ​ സ്ഥിതിഗതികളിൽ യു.എൻ സെക്രട്ടറി ജനറൽ നടുക്കം പ്രകടിപ്പിച്ചിരുന്നു.

ഒമ്പതു മാസമായിട്ടും രാഷ്​ട്രീയ ഭിന്നത കാരണം ഇറാഖിലെ പുതിയ സർക്കാർ രൂപവത്​കരണം എങ്ങുമെത്തിയിട്ടില്ല​. മുസ്​തഫ അൽ ഖാദിമിയുടെ ഇടക്കാല സർക്കാറാണ്​ നിലവിൽ ഭരണത്തിൽ. രാഷ്​ട്രീയ അസ്​ഥിരതക്കു പുറമെ തൊഴിലില്ലായ്​മയും വിലക്കയറ്റവും ഇറാഖിൽ രൂക്ഷമാണ്​. സ്വന്തമായി സർക്കാർ രൂപവത്​കരിക്കുന്നതിൽ പരാജയ​പ്പെട്ട മുഖ്​തദ അൽ സദ്​ർ പാർലമെൻറിലെ തന്‍റെ 74 അംഗങ്ങളെയും കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു. നൂരി അൽ മാലികി, മുഹമ്മദ്​ ഷിയാ അൽ സുഡാനി എന്നിവരിൽ ഒരാളെ പ്രധാനമ​ന്ത്രിയാക്കിയുള്ള വിമത ഷിയാസഖ്യനീക്കം ഒരുനിലക്കും അനുവദിക്കില്ലെന്നാണ്​ സദ്​ർ പക്ഷത്തിന്‍റെ നിലപാട്​.

TAGS :

Next Story