ശത്രുവിൻ്റെ പൂര്‍ണ പരാജയം വരെ പോരാട്ടം തുടരുമെന്ന് ഇറാന്‍ സൈന്യം
നെതന്യാഹുവും ട്രംപും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ആരംഭിച്ചതെന്നും അക്രമികളെ ഒരു പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി

- Updated:
2026-02-28 14:35:44.0

തെഹ്‌റാന്‍: ശത്രുവിനെ പൂര്‍ണമായി പരാജയപ്പെടുത്തും വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐആര്‍ജിസി) പറഞ്ഞു. പശ്ചിമേഷ്യയിലെ യുഎസിന്റെയും ഇസ്രായേലിന്റെയും എല്ലാ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്നും ഐആര്‍ജിസി പറഞ്ഞു. അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ തെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിന് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് സൈന്യത്തിന്റെ പ്രസ്താവന.
നെതന്യാഹുവും ട്രംപും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ആരംഭിച്ചതെന്നും അക്രമികളെ ഒരു പാഠം പഠിപ്പിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. അമേരിക്ക ഫസ്റ്റ് എന്ന നയം ഇസ്രായേല്‍ ഫസ്റ്റ് എന്നാക്കി ട്രംപ് മാറ്റി. ഈ ഒരു ദിവസത്തിനായി ഇറാന്റെ ശക്തമായ സൈന്യം സുസജ്ജമായിരുന്നെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഇന്ന് രാവിലെയാണ് ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നീട് വിവിധ സമയങ്ങളിലായി ആക്രമണം തുടര്‍ന്നു. മറുപടിയായി ഇസ്രായേലിലെ തെല്‍ അവിവ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഗള്‍ഫ് മേഖലയിലെ യുഎസിന്റെ നിരവധി സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. ഇറാനില്‍ സ്‌കൂളിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 40 കുട്ടികള്‍ കൊല്ലപ്പെട്ടു. തെഹ്റാനില്‍ വീണ്ടും സ്ഫോടനങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള ഓപ്പറേറ്റര്‍മാര്‍ ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് മേഖലയിലെ വ്യോമപാത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിരിക്കുകയാണ്.
Adjust Story Font
16
