Quantcast

കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കി, സൈനിക വാഹനങ്ങൾ ബീജിങ്ങിലേക്ക്; ചൈനയിൽ പട്ടാള അട്ടിമറി നടക്കുമോ?

മൂന്ന് ഉയർന്ന സൈനികോദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചതായും അഭ്യൂഹം

MediaOne Logo

Web Desk

  • Updated:

    2022-09-25 07:28:17.0

Published:

25 Sep 2022 6:14 AM GMT

കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കി, സൈനിക വാഹനങ്ങൾ ബീജിങ്ങിലേക്ക്; ചൈനയിൽ പട്ടാള അട്ടിമറി നടക്കുമോ?
X

ബീജിങ്: പ്രസിഡണ്ട് ഷി ജിൻപിങ്ങിനെ കുറച്ചുനാളായി പൊതുവേദിയിൽ കാണാനില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ചൈനയിൽ 'എന്തോ നടക്കുന്നുണ്ടെന്ന' ഊഹത്തിലാണ് ഇന്റർനെറ്റ്. ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പഞ്ഞമില്ല. ചൈനയിൽ പട്ടാള അട്ടിമറി നടക്കുന്നു എന്ന റിപ്പോർട്ടുകൾ വരെ പ്രചരിച്ചു കഴിഞ്ഞു. എന്നാൽ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഔദ്യോഗിക വിവരങ്ങളും ചൈനീസ് സർക്കാറോ മാധ്യമങ്ങളോ പുറത്തുവിട്ടിട്ടില്ല.

ഷി ജിൻപിങ്ങിനെതിരെ പട്ടാള അട്ടിമറി?

ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള നിരവധി ട്വിറ്റർ ഉപയോക്താക്കൾ ഷി യെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതായി അവകാശപ്പെടുന്നു. പിന്തുടർച്ചക്കാരനായ ജനറൽ ലി ക്വിയോമിങ്ങിന്റെ ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഈ ട്വിറ്റർ യൂസർമാർക്ക് ഫോളോവേഴ്‌സ് കൂടുതലുണ്ട് എങ്കിലും ഇവയൊന്നും വെരിഫൈഡ് പേജുകളല്ല.

സൈനിക നടപടിയെന്ന പേരിൽ ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്. മാധ്യമപ്രവർത്തക ജെന്നിഫർ സെങ് ഇത്തരത്തിലൊരു വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു. 'സെപ്തംബർ 22ന് ബീജിങ്ങിലേക്ക് നീങ്ങുന്ന പീപ്പ്ൾസ് ലിബറേഷൻ ആർമിയുടെ സൈനിക വാഹനങ്ങൾ. ഷി ജിൻപിങ് അറസ്റ്റിലായതായതായും പിഎൽഎയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയതായും അഭ്യൂഹമുണ്ട്.' എന്ന അടിക്കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവച്ചിരുന്നത്. മൂന്ന് ഉയർന്ന സൈനികോദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധിച്ചതായും അവർ പറയുന്നു.

വിദഗ്ധർ പറയുന്നതെന്ത്?

സമൂഹമാധ്യമങ്ങളിൽ -വിശേഷിച്ചും ഇന്ത്യയിൽ- പറയപ്പെടുന്നതു പോലെയുള്ള പട്ടാള അട്ടിമറിയുടെ അടയാളങ്ങൾ ചൈനയിലില്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഉസ്ബക്കിസ്താനിൽ നടന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് ശേഷം ഷി ജിൻപിങ് ക്വാറന്റൈനിൽ പോയിരിക്കാനാണ് സാധ്യതയെന്ന് മാധ്യമപ്രവർത്തകനും ചൈനീസ് വിഷയ വിദഗ്ധനുമായ ആദിൽ ബ്രാർ പറയുന്നു. രാജ്യത്ത് വിമാനയാത്രയ്ക്ക് ഒരു തടസ്സവുമില്ലെന്ന് തെളിയിക്കുന്ന സ്‌ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചു.

പട്ടാള അട്ടിമറിക്ക് ഒരു സാധ്യതയുമില്ലാത്ത രീതിയിലുള്ള ശക്തമായ അധികാരമാണ് ഷിയുടെ കൈയിലുള്ളതെന്ന് മാധ്യമപ്രവർത്തകൻ സെക്ക ജേക്കബ് ചൂണ്ടിക്കാട്ടുന്നു. 'ചൈനയിലെ പട്ടാള അട്ടിമറിയെ കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ ഇന്നു രാവിലെ കേട്ടു. ഒന്നും ഇതുവരെ വിശ്വസനീയമല്ല. പീപ്പ്ൾസ് ലിബറേഷൻ ആർമി സെൻട്രൽ മിലിറ്ററി കമ്മിഷന് (സിഎംസി) കീഴിൽ വരുന്നതു കൊണ്ട് ചൈനയിൽ അട്ടിമറിക്ക് സാധ്യതയില്ല. കമ്യൂണിസ്റ്റ് പാർട്ടി തലവനായ ഷി യാണ് സിഎംസിക്ക് നേതൃത്വം കൊടുക്കുന്നത്. സൈന്യം പാർട്ടിയുടേതാണ്. സർക്കാറിന്റേതല്ല' - ജേക്കബ് ട്വീറ്റു ചെയ്തു.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ആനന്ത് കൃഷ്ണനും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. ചൈനീസ് രാഷ്ട്രീയം അങ്ങേയറ്റം ഇരുട്ടിലാണ് എങ്കിലും സമൂഹമാധ്യമ അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന ഒരു വിശ്വസനീയ വിവരവും കിട്ടിയിട്ടില്ല എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

ഹോങ്കോങ് ആസ്ഥാനമായ പ്രമുഖ മാധ്യമസ്ഥാപനം സൗത്ത് ചൈന മോണിങ് പോസ്റ്റും ചൈനയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയെ കുറിച്ച് ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

TAGS :

Next Story