Quantcast

പുറത്താക്കിയ ഗസ്സക്കാര്‍ക്ക് പകരം ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രായേല്‍; ഒരു ലക്ഷം പേരെ വേണമെന്ന് ആവശ്യം

കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-11-07 04:39:16.0

Published:

7 Nov 2023 4:08 AM GMT

Israel workers
X

പ്രതീകാത്മക ചിത്രം

തെല്‍ അവിവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്. 100,000 തൊഴിലാളികളെ വേണമെന്നാണ് ഇസ്രായേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികൾക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നൽകാൻ ഇസ്രായേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗൾ എക്സില്‍ കുറിച്ചു. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് നടന്ന വർക്ക് പെർമിറ്റ് റദ്ദാക്കൽ മുതൽ വിവിധ വ്യവസായ മേഖലകളിലുണ്ടായ ഫലസ്തീൻ തൊഴിലാളികളുടെ അഭാവം അവശേഷിപ്പിച്ച വിടവ് നികത്തുകയാണ് ലക്ഷ്യം.

ഇന്ത്യയിൽ നിന്നുള്ള 100,000 തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രായേലി ബിൽഡേഴ്‌സ് അസോസിയേഷൻ സര്‍ക്കാരിനോട് അനുമതി തേടിയതായി റിപ്പോർട്ടുണ്ട്.യുദ്ധത്തിന് പിന്നാലെ 90,000 ഫലസ്തീനികളുടെ വർക്ക് പെർമിറ്റുകളാണ് റദ്ദാക്കിയത്. “ നിലവിൽ ഞങ്ങൾ ഇന്ത്യയുമായി ചർച്ചയിലാണ്, ഈ സംരംഭത്തിന് പച്ചക്കൊടി കാണിക്കാനുള്ള ഇസ്രായേൽ സർക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിവിധ മേഖലകളിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, ” ഇസ്രായേല്‍ ബില്‍ഡേഴ്‌സ് അസോസിയഷന്‍ വൈസ് പ്രസിഡന്‍റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.

ഫലസ്തീന്‍ തൊഴിലാളികളുടെ അഭാവം ഇസ്രായേല്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക മേഖലകളെയാണ് ബാധിച്ചത്. പ്രത്യേകിച്ചും നിര്‍മാണമേഖല ഈ തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട്. വര്‍ക്ക് പെര്‍മിറ്റുകള്‍ പിന്‍വലിച്ചത് നിലവിലുള്ള പ്രോജക്ടുകളും പ്രവർത്തനങ്ങളും നിലനിർത്തുന്നതിന് ബദൽ തൊഴിൽ സ്രോതസ്സുകളുടെ അടിയന്തര ആവശ്യം സൃഷ്ടിച്ചു.

TAGS :

Next Story