Quantcast

ലക്ഷ്യം നേടുംവരെ ആക്രമണത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ നെതന്യാഹു; ആക്രമണം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ്

ഓഫീസർമാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-24 03:31:50.0

Published:

24 Dec 2023 1:31 AM GMT

Benjamin Netanyahu has declared that he will not back down from the Gaza attack until the goal is achieved; Hamas has also made it clear that there will be no hostage release talks without an end to the attacks
X

ഗസ്സ സിറ്റി/ദുബൈ: ഗസ്സയുടെ വടക്കൻ, തെക്കൻ ഭാഗങ്ങളിൽ കൂടുതൽ രൂക്ഷമായ ആക്രമണം തുടരുമെന്ന്​ ഇസ്രായേൽ. ലക്ഷ്യം നേടുംവരെ ആക്രമണത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന് ബെഞ്ചമിന്‍​ നെതന്യാഹു യു.എസ് പ്രസിഡന്‍റ് ജോ​ ബൈഡനെ അറിയിച്ചിരിക്കുകയാണ്. ആക്രമണം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ച് സൈനികരെ ഹമാസ്​ വധിച്ചതായാണ് ഇസ്രായേൽ കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം, ഇന്നലെ മാത്രം ഇരുനൂറിലേറെ പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ആക്രമണം ശക്തമായിരിക്കെ ഗസ്സയിൽ സഹായവിതരണം അസാധ്യമായിരിക്കുകയാണെന്ന്​ യു.എൻ ഏജൻസികൾ വ്യക്തമാക്കുന്നു.

ഗസ്സയിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം രൂക്ഷമായിരിക്കുകയാണ്. വടക്കൻ-തെക്കൻ ഗസ്സകളിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന്​ ഇസ്രായേല്‍ വ്യക്തമാക്കിയത്. ഹമാസിന്‍റെ ശക്തികേന്ദ്രങ്ങളിൽ കനത്ത പോരാട്ടമാണ്​ നടക്കുന്നതെന്ന്​ ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. തുരങ്കങ്ങള്‍ മറയാക്കി​ ഹമാസ്​ പോരാളികളുടെ ഒളിയാക്രമണം ഭീഷണി ഉയർത്തുന്നതായി സൈന്യം പറയുന്നു.

ഓഫീസർമാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേൽ സ്​ഥിരീകരിച്ചു. ഗസ്സയിൽ ലക്ഷ്യം നേടും വരെ പോരാടുമെന്ന്​ ബൈഡനെ ഫോണിൽ വിളിച്ചാണ് നെതന്യാഹു അറിയിച്ചത്. എന്നാൽ ലബനാനിൽ പുതിയ യുദ്ധമുഖം തുറക്കുന്നത്​ മേഖലാ യുദ്ധത്തിലേക്ക്​ നയിച്ചേക്കുമെന്ന്​ ബൈഡൻ നെതന്യാഹുവിനു മുന്നറിയിപ്പ് നല്‍കിയതായി വാൾസ്​ട്രീറ്റ്​ ജേർണൽ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം കനത്തതോടെ ഗസ്സയിൽ ജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്. നുസൈറത്ത്, അൽ ബുറൈജ് അഭയാർഥി ക്യാമ്പുകൾ, റഫ, ഖാൻ യൂനിസ് നഗരങ്ങൾ എന്നിവിടങ്ങളിൽ കടന്നുകയറാൻ കൊടും ക്രൂരതകളാണ്​ സൈന്യം തുടരുന്നത്​. ഇന്നലെ 201 പേർ ​കൊല്ലപ്പെടുകയും 368 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി ഗസ്സ ആരോഗ്യ മന്ത്രാലയം. യു.എൻ പ്രമേയം പാസാക്കിയെങ്കിലും ജനങ്ങൾക്ക്​ സഹായം എത്തിക്കാൻ ആക്രമണം കാരണം സാധിക്കുന്നില്ലെന്ന്​ വിവിധ സന്നദ്ധ സംഘടനകൾ പറയുന്നു.

കൊടിയ ആക്രമണം നടത്തിയിട്ടും ഗസ്സയിൽ ഇസ്രായേൽ പരാജയപ്പെടുകയാണെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. ബന്ദികളുടെ ജീവൻ പോലും അപകടത്തിലാണെന്ന്​ ഹമാസ് വെളിപ്പെടുത്തി​. അഞ്ച് ഇസ്രായേൽ ബന്ദികളെ കുറിച്ച്​ വിവരമില്ലെന്നും ഇവർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നും അൽഖസ്സാം ബ്രിഗേഡ് പറയുന്നു​.

അതേസമയം, ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം ഇറാന്‍ തള്ളി. ഗസ്സയിൽ ഫലസ്​തീൻ ജനതക്കെതിരെ ഇസ്രായേലിനൊപ്പം ചേർന്ന്​ യുദ്ധം ചെയ്യുന്ന അമേരിക്ക, സംഘർഷം വ്യാപിപ്പിക്കരുതെന്ന്​ മറ്റുള്ളവരോട്​ ആവശ്യപ്പെടുന്നത്​ തികഞ്ഞ ഇരട്ടത്താപ്പാണെിന്ന്​ ഇറാൻ വിദേശകാര്യ മ​ന്ത്രാലയം പ്രതികരിച്ചു. ഇറാനുമായി ചർച്ച നടത്തിയല്ല ഹൂതികൾ ഉൾപ്പെടെയുള്ളവർ നിലപാട്​ സ്വീകരിക്കുന്നത്​. ചെങ്കടലിൽ അമേരിക്ക രൂപീകരിച്ച സുരക്ഷാസേന തന്ത്രപരമായ അബദ്ധമായിരിക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.

ലബനാൻ, ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലും ആക്രമണം വ്യാപകമാണ്. ഹിസ്​ബുല്ല ആക്രമണത്തിൽ ഇന്നലെ ഒരു സൈനികൻ കൊല്ലപ്പെട്ടതായും രണ്ടു പേർക്ക്​ ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേൽ സമ്മതിച്ചു.

Summary: Benjamin Netanyahu has declared that he will not back down from the Gaza attack until the goal is achieved; Hamas has also made it clear that there will be no hostage release talks without an end to the attacks

TAGS :

Next Story