Quantcast

റഫയിലെ അതിർത്തികൾ അടച്ച് ഇസ്രായേൽ; ഭക്ഷ്യസഹായ വിതരണം തടസ്സപ്പെട്ടു

ഹമാസിന്റെ റഫയിലെ നാല്​ ബ്രിഗേഡുകളെയും തകർക്കുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    8 May 2024 1:06 AM GMT

rafah refugees
X

ദുബൈ: വെടിനിർത്തലിന്​ ഹമാസ്​ സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തതോടെ ഗസ്സ യുദ്ധം പുതിയ വഴിത്തിരിവിൽ.

റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു. റഫ ക്രോസിങ്ങിൽ സൈന്യം ഇസ്രായേൽ പതാക നാട്ടി. ഹമാസിന്റെ സൈനിക-സാമ്പത്തിക സ്രോതസ്സ്​ തകർക്കുകയെന്നതാണ്​ റഫ ആക്രമണ ലക്ഷ്യമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ റഫയിലെ നാല്​ ബ്രിഗേഡുകളെയും തകർക്കുമെന്നും മുന്നറിയിപ്പ് നൽകി​. ബന്ദിമോചനം ഉറപ്പാക്കുകയാണ്​ റഫ ആക്രമണ ലക്ഷ്യമെന്നും വിശദീകരണമുണ്ട്.

ഫലസ്​തീൻ ചെറുത്തുനിൽപ്പിനു മുന്നിൽ തോൽവിയടഞ്ഞ ഇസ്രായേലിന്റെ റഫ ആക്രമണം കൂട്ടക്കുരുതികൾക്കുള്ള ആസൂത്രിത നീക്കം മാത്രമാണെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ ബന്ദിയായ എഴുപതുകാരി ജൂഡി ഫെയിൻസ്റ്റൈൻ മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്​ വക്താവ് അബു ഉബൈദ അറിയിച്ചു.

റഫക്കു നേരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന്​ ഇസ്രായേൽ അറിയിച്ചതായി വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു. ഹമാസ് അംഗീകരിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ച് അനൗദ്യോഗിക ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലെത്തി. ഹമാസ്​ സംഘവും കൈറോയിലുണ്ട്​.

33 ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്നതാണ്​ കരാർ. 42 ദിവസം വീതം നീളുന്ന മൂന്നുഘട്ടങ്ങളിലായി ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള വെടിനിർത്തൽ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ബന്ദികളുടെ ബന്ധുക്കൾ ഇസ്രായലിൽ പ്രക്ഷോഭം തുടരുകയാണ്​.

റഫ ആക്രമണം വീണ്ടും കൂട്ടക്കുരുതിക്ക്​ കാരണമാകുമെന്ന് യൂറോപ്യൻ യൂനിയനും അറബ്​ രാജ്യങ്ങളും പ്രതികരിച്ചു. റഫ ആക്രമണത്തിൽ നിന്ന്​ ഇസ്രായേൽ പിൻവാങ്ങിയില്ലെങ്കിൽ വൻദുരന്തമായിരിക്കുമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.

നെതന്യാഹുവിനും ഇസ്രായേൽ ഉദ്യോഗസ്​ഥർ​ക്കുമെതിരെ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്​ ഡച്ച്​ അഭിഭാഷക സംഘം അന്താരാഷ്​ട്ര ക്രിമിനൽ കോടതിൽ അപേക്ഷ സമർപ്പിച്ചു. യു.എന്നിൽ ഫലസ്​തീന്​ പൂർണ അംഗത്വം നൽകാനുള്ള നീക്കം അനുവദിക്കില്ലെന്ന്​ ഇസ്രായേൽ അംബാസഡർ വ്യക്തമാക്കി.

Summary : Israel closes borders at Rafah

TAGS :

Next Story