രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ; ഒരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടു
ഇറാനെ ആക്രമിക്കാൻ ഇസ്രായേൽ വീണ്ടും ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്

ഗസ്സ സിറ്റി: രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചാനീക്കത്തിനിടയിലും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. ലോകം തയ്യാറായില്ലെങ്കിൽ ഹമാസിന്‍റ നിരായുധീകരണം ഇസ്രയേൽ നേരിട്ട് നടപ്പാക്കുമെന്ന് ഊർജമന്ത്രി ഏലി കോഹൻ. ലക്ഷത്തിലേറെ കുട്ടികൾ ഇപ്പോഴും പോഷകാഹാരക്കുറവിന്‍റെ പിടിയിലെന്ന് ലോകാരോഗ്യ സംഘടന. ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രയേൽ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
രണ്ടാം ഘട്ടവെടിനിർത്തലിനായി പല തലങ്ങളിൽ ചർച്ച പുരോഗമിക്കുമ്പോഴും ഗസ്സയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഒരു ഫലസ്തീനി കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഖാൻ യൂനുസിന് നേരെയും രാത്രി ഇസ്രായേൽ വ്യോമാക്രമണം നടത്തി. അതിശൈത്യം തുടരുന്ന ഗസ്സയിൽ ഇസ്രയേലിന്‍റെ സഹായവിലക്ക് ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയെന്ന് യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി. താൽക്കാലിക താമസ സംവിധാനങ്ങൾ, പുതപ്പ്, ഇന്ധനം എന്നിവ അടിയന്തരമായി എത്തിക്കണമെന്ന അഭ്യർഥന ഇസ്രായേൽ തള്ളുകയാണ്.വെടിനിർത്തൽ തുടരുന്നതിനിടയിലും ഗസ്സയിൽ പട്ടിണിയും പോഷകാഹാര കുറവും വലിയ വെല്ലുവിളിയാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയസസ് പറഞ്ഞു. ഒരു ലക്ഷം കുഞുങ്ങൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം ഘട്ട വെടിനിർത്തലിനായുള്ള മുന്നൊരുക്ക ചർച്ചകൾ മധ്യസ്ഥ രാജ്യങ്ങളും അമേരിക്കയും തമ്മിൽ തുടരുകയാണ്. ഹമാസിന്‍റെ നിരായുധീകരണം സമയബന്ധിതമായിരിക്കണമെന്നും അത് നടപ്പായില്ലെങ്കിൽ ഇസ്രായേലിന് ആക്രമണം പുനരാരംഭിക്കാമെന്നും തെൽ അവീവിൽ സന്ദർശനം നടത്തുന്ന യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം പറഞു. ഹമാസിന്‍റെ നിരായുധീകരണം ആവശ്യമെങ്കിൽ ഇസ്രായേൽ തന്നെ നേരിട്ട് നടപ്പാക്കുമെന്ന് ഊർജ മന്ത്രി ഏലി കൊഹൻ പ്രതികരിച്ചു. അതിനിടെ,ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇതു സംബന്ധിച്ച വിവരങ്ങൾ നെതന്യാഹു പങ്കുവെക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസ് റിപ്പോർട്ട്ചെയ്തു. ഇറാൻ വീണ്ടും ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുമെന്ന ആശങ്ക മുൻനിർത്തിയാണ് ഇസ്രായേൽ നീക്കമെന്നും റിപ്പോർട്ടിലുണ്ട്.
Adjust Story Font
16

