ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്നു; ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം
ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ജബലിയ ക്യാമ്പിന് ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം

Palestinians look for survivors following Israeli airstrike in Nusseirat refugee camp
തെല്‍ അവിവ്: ഗസ്സ ജബലിയ അഭയാർഥി ക്യാമ്പിൽ ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം. എന്നാൽ ഹമാസ് നേതാവിനെ ലക്ഷ്യമിട്ടാണ് ജബലിയ ക്യാമ്പിന് ബോംബിട്ടതെന്നാണ് ഇസ്രായേലിന്‍റെ വിശദീകരണം. തെൽ അവീവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങൾക്കു നേരെ ഹമാസ് കൂടുതൽ റോക്കറ്റുകൾ അയച്ചു.
ഇസ്രായേലിനെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ഹിസ്ബുല്ലയും ഹൂത്തികളും മുന്നറിയിപ്പ് നൽകി. അതേസമയം ഗസ്സയിൽ തുടരുന്ന ഇസ്രായേൽ യുദ്ധത്തെ പൂർണമായി പിന്തുണക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി.
വടക്കൻ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ജബലിയയിലെ അപ്പാർട്ട്മെന്റുകൾക്ക് മുകളിലാണ് ഒരു ടൺ വീതമുള്ള ആറ് യു.എസ് നിർമിത ബോംബുകൾ വർഷിച്ചത്. നാനൂറിലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ പൂർണമായി ഇനിയും നീക്കം ചെയ്യാനായിട്ടില്ല. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. മുതിർന്ന ഹമാസ് നേതാവിനെ വകവരുത്താനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ. എന്നാൽ ഹമാസ് നേതാവിന്റെ മരണം സ്ഥിരീകരിക്കാനായില്ലെന്നും സൈന്യം.
നിഷ്ഠൂരമായ കുരുതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ഖത്തർ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ബൊളിവിയൻ സർക്കാർ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. ഇസ്രായേൽ കരസേന ഗസ്സയുടെ ഉള്ളിലേക്ക് കയറിയതോടെ കൂടുതൽ കുരുതികൾക്ക് വഴിയൊരുങ്ങുമെന്ന ആശങ്കയും ശക്തം. ടാങ്കുകളും സായുധ ബുൾഡോസറുകളും ഉൾപ്പെടുന്ന ഇസ്രായേൽ കരസേന വ്യാപക ആക്രമണങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ പോരാളികൾ ധീരമായ ചെറുത്തുനിൽപ്പിലാണെന്നും ഗസ്സയിൽ ശത്രുവിന്റെ പരാജയം ഉറപ്പാണെന്നും ഹമാസ് സൈനിക വക്താവ് പറഞ്ഞു. ബന്ദികളുടെ കൂട്ടത്തിൽ നിന്ന് ഇസ്രായേൽ സൈനികയെ മോചിപ്പിച്ചതായ നെതന്യാഹുവിന്റെ അവകാശവാദം ഹമാസ് നേതൃത്വം തള്ളി.
ഇസ്രായേലിനെതിരെ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് യെമനിലെ ഹൂത്തികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനു നേരെ ഇന്നലെ ഹൂത്തികൾ അയച്ച നിരവധി മിസൈലുകൾ തടുത്തതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇസ്രായേലിനെതിരെയുള്ള അടുത്ത നീക്കം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ഹിസ്ബുല്ല നേതാക്കൾ അറിയിച്ചു. ഇറാഖിലും ഭീഷണി ശക്തമാണെന്ന് പെൻറഗൺ. ഈ സാഹചര്യത്തിൽപ പുതുതായി 300 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചു.
Adjust Story Font
16

