Quantcast

ഹമാസ് വിട്ടയച്ച ബന്ദികൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമില്ലെന്ന് ഇസ്രായേൽ പത്രം

മൂന്ന് ഇസ്രായേൽ ബന്ദികളെ ഹമാസ് കൈമാറിയപ്പോള്‍ 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-01-20 06:19:28.0

Published:

20 Jan 2025 11:46 AM IST

ഹമാസ് വിട്ടയച്ച ബന്ദികൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമില്ലെന്ന് ഇസ്രായേൽ പത്രം
X

ഹമാസ് വിട്ടയച്ച ബന്ദികള്‍ കുടുംബത്തോടൊപ്പം

ഗസ്സ സിറ്റി: നീണ്ട കൂട്ടക്കുരുതിക്ക് അറുതിവരുത്തി ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ബന്ദികളുടെയും ഫലസ്തീന്‍ തടവുകാരുടെയും മോചനവും തുടങ്ങി. മൂന്ന് ഇസ്രായേല്‍ ബന്ദികളെ ഹമാസ് കൈമാറിയപ്പോള്‍ 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു.

ഹമാസ് ബന്ദികളാക്കിയവരെപ്പറ്റി ഇസ്രായേല്‍ പ്രചരിപ്പിച്ചിരുന്ന വാദങ്ങള്‍ പൊളിക്കുന്നത് കൂടിയാണ് പുറത്തുവരുന്ന വിവരങ്ങള്‍. മോചിപ്പിക്കപ്പെട്ട ഇസ്രായേലി ബന്ദികള്‍ക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമില്ലെന്നും ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നുമാണ് ഇസ്രായേല്‍ മാധ്യമമായ ദി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 28 കാരിയായ എമിലി ദമാരി, 23 കാരിയായ റോമി ഗോനെൻ, 31 കാരിയായ ഡോറൺ സ്റ്റെയിൻബ്രച്ചർ എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.

മധ്യ ഗസ്സയില്‍, റെഡ് ക്രോസ് സംഘടനക്കാണ് വൈകീട്ട് 5.07ഓടെ ബന്ദികളെ ഹമാസ് കൈമാറിയത്. തുടര്‍ന്ന് റെഡ് ക്രോസാണ് അവരെ ഐഡിഎഫ് പ്രത്യേക സേനയെ 5.38ഓടെ ഏല്‍പ്പിച്ചത്. 5:53 ന് ഐഡിഎഫ് മൂന്ന് ബന്ദികളെയും ഇസ്രായേൽ പ്രദേശത്തേക്ക് എത്തിച്ചു. യുവതികൾ പൂർണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസും അറിയിച്ചിരുന്നു.

ദി ജറുസലേം പോസ്റ്റില്‍ വന്ന വാര്‍ത്ത

ഹമാസ്, ബന്ദികളാക്കിയവരെക്കുറിച്ച് വ്യാജപ്രചാരണങ്ങളാണ് ഇസ്രായേലും അവരെ അനുകൂലിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളും പടച്ചുവിട്ടിരുന്നത്. ബന്ദികളെ ഹമാസ് പ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തുമെന്നും ഉപദ്രവിക്കുമെന്നുമായിരുന്നു ഒരു വാര്‍ത്ത. അതിനാല്‍ ബന്ദികളെ നേരിടാന്‍ പ്രത്യേക തയ്യാറെടുപ്പുകളാണ് ഇസ്രായേല്‍ നടത്തിയിരുന്നത്.

ഗർഭാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ കഴിയുന്ന ചില സ്ത്രീ ബന്ദികളുടെ മാനസികവും ശാരീരികവുമായ അവസ്ഥയെ എങ്ങനെ നേരിടേണ്ടിവരുമെന്ന് ഇസ്രായേലിലെ ആശുപത്രികൾ ചർച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗസ്സയിലെ മോശം സാഹചര്യവും മറ്റും, ഗർഭിണികളായ ബന്ദികളുടെ ആരോഗ്യം ഗുരുതരമാക്കാന്‍ സാധ്യതയുണ്ടെന്നും ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ അത്തരമൊരു സാഹചര്യം ഇല്ലെന്നാണ് അടിയന്തര വൈദ്യസഹായത്തിന്റെ ആവശ്യമില്ലെന്ന ഇസ്രായേല്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കരാർ നടപ്പാക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ​ജോ ബൈഡൻ പ്രതികരിച്ചു. യൂറോപ്യൻ യൂനിയനും വിവിധ രാജ്യങ്ങളും കരാർ നടപ്പാക്കിയതിനെ സ്വാഗതം ചെയ്തു. ഗസ്സയിലേക്ക്​ സഹായവസ്തുക്കളുമായി നിത്യം 700 ട്രക്കുകൾ വീതം അയക്കുമെന്ന്​ അമേരിക്ക അറിയിച്ചിട്ടുണ്ട്.

TAGS :

Next Story