Quantcast

അൽ-ശിഫ ആശുപത്രി സൈനിക ബാരക്കാക്കി ഇസ്രായേൽ; ഏഴായിരത്തോളം പേർ മരണ മുനമ്പില്‍

ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന്​ യു.എൻ ഏജൻസികൾ

MediaOne Logo

Web Desk

  • Updated:

    2023-11-17 01:14:07.0

Published:

17 Nov 2023 12:54 AM GMT

al-shifa hospital
X

അല്‍-ശിഫ ആശുപത്രി

തെല്‍ അവിവ്: ഗസ്സയിലെഏറ്റവും വലിയ ആശുപത്രിയായ അൽ-ശിഫ ഇസ്രായേൽ സൈനിക ബാരക്കായി മാറി. രോഗികൾ ഉൾപ്പെടെ ഏഴായിരത്തോളം പേർ മരണ മുനമ്പിലാണെന്ന്​ ആശുപത്രി അധികൃതർ. ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന്​ യു.എൻ ഏജൻസികൾ. ഗസ്സയിലേക്ക്​ ഉപരോധം ലംഘിച്ച്​ കൂടുതൽ സഹായം എത്തിക്കാൻ അറബ്​ രാജ്യങ്ങൾ തയാറാകുമെന്ന്​ ജോർദാ​ന്‍റെ മുന്നറിയിപ്പ്​. യുദ്ധാന്തരം അന്താരാഷ്​ട്ര സമാധാന സേനയെ ഗസ്സയിൽ നിയോഗിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നീക്കമാരംഭിച്ചതായും റിപ്പോർട്ട്​.

അൽ-ശിഫ ആശുപത്രി കൈയടക്കിയ ഇസ്രായേൽ സൈന്യം കൊടും ക്രൂരതകൾ തുടരുകയാണ്​. രോഗികളടക്കമുള്ളവരെപിടികൂടി ബന്ധിച്ച് കണ്ണുകൾ മൂടിക്കെട്ടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി. ​ വിവിധ പരിശോധനാ വിഭാഗങ്ങൾക്കു പുറമെ മരുന്ന്, മെഡിക്കൽഉപകരണങ്ങൾ എന്നിവയുടെ വെയർഹൗസും സൈന്യം തകർത്തു. ഉൾവശത്തെ ചുമരുകളും കെട്ടിടത്തിനുള്ളിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും നശിപ്പിച്ചു. ഇരുനൂറോളംപേരെയാണ്​ ബന്ദികളാക്കി അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയത്​. ആശുപത്രിയിൽ നിന്ന്​ പിടികൂടിയെന്ന നിലക്ക്​ സൈന്യം പ്രദർശിപ്പിച്ച ആയുധങ്ങൾ അവർ തന്നെ കൊണ്ടുവെച്ചതാകാമെന്ന്​​ ഹമാസ്​ വ്യക്​തമാക്കി.

ഹമാസ്​ പിടിയിലുള്ള ബന്ദികളെ അൽശിഫ ആശുപത്രിയുടെ ഭൂഗർഭ അറകളിലാണ്​ താമസിപ്പിച്ചിരിക്കുന്നതെന്ന്​ തെളിഞ്ഞതാണ്​ സൈനിക നടപടിക്ക്​ കാരണമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു സി.ബി.എസ്​ ചാനലിനോട്​. ബന്ദികളിൽ ഒരാളുടെ മൃതദേഹം ഇവിടെ നിന്ന്​ കണ്ടെത്തിയെന്ന്​ ഇസ്രായേൽ സൈന്യം. വ്യാജ പ്രചാരണങ്ങളും കള്ളങ്ങളും ഉന്നയിച്ച്​ കൊടും ​ക്രൂരതകൾക്ക്​ ന്യായം ചമക്കുകയാണ്​ ഇസ്രായേലും അമേരിക്കയമെന്ന്​ ഹമാസ്​ സൈനിക വിഭാഗം. ആശുപത്രിയിൽ നിന്ന്​ സൈനികരെയും സൈനിക വാഹനങ്ങളെയും പുറന്തള്ളാൻ അന്താരാഷ്​ട്ര സമ്മർദം ഉണ്ടാകണമെന്ന്​ സംയുക്​ത പ്രസ്​താവനയിൽ യു.എൻ ഏജൻസികൾ. സിവിലിയൻമാർക്ക്​ സുരക്ഷിത പാതയും കേന്ദ്രവും ഒരുക്കുമെന്ന ഇസ്രായേൽ വാഗ്​ദാനം വിശ്വസിക്കാനാവില്ലെന്നും യു.എൻ ഏജൻസികൾ.

ചെറുത്തുനിൽപ്പി​ന്‍റെ തീവ്രത നാൾക്കുനാൾ വർധിക്കുകയാണെന്നും പിന്നിട്ട 48 മണിക്കൂറുകൾക്കിടെ 36 ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തുവെന്നും ഹമാസ്. ഗസ്സയിലേക്ക്​ ഉപരോധം ലംഘിച്ച്​ സഹായം എത്തിക്കാൻ അറബ്​ രാജ്യങ്ങൾക്കിടയിൽ കൂടിയാലോചന നടക്കുന്നതായി ജോർദാൻ വിദേശകാര്യ മന്ത്രി. തെക്കൻ ഗസ്സയിൽ സിവിലിയൻ സമൂഹത്തി​ന്‍റെ​ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട്​ നിർദേശിച്ചതായി വൈറ്റ്​ ഹൗസ്​. യുദ്ധാനന്തര ഗസ്സയിൽ അന്താരാഷ്​ട്ര സമാധാന സേനയെ നിയോഗിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും നീക്കം ശക്​തമാക്കിയെന്ന്​ ബ്ലുംബെർഗ്​ റിപ്പോർട്ട്. ജെനിൻ അഭയാർഥി ക്യാമ്പിലും ഇന്ന്​ വെളുപ്പിന്​ ഇസ്രായേൽ സൈന്യം ഇരച്ചുകയറി. നിരവധി പേർ മരണപ്പെട്ടതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.

TAGS :

Next Story