Quantcast

പൊലീസ് സുരക്ഷയിൽ ഇസ്രായേലികൾ അൽഅഖ്‌സയിൽ, ഫലസ്തീനികൾക്ക് വിലക്ക്; അപലപിച്ച് യു.എൻ

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും വിശ്വാസികളുടെ സ്വാതന്ത്ര്യം മാനിക്കാനും ഇസ്രായേൽ തയാറാകണമെന്ന് യു.എൻ സമിതിയായ സി.ഇ.ഐ.ആർ.പി.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    6 April 2023 10:56 AM GMT

IsraeliattackonAlAqsa
X

ജറൂസലം: അൽഅഖ്‌സ പള്ളിയിൽ ഫലസ്തീനികൾ പ്രവേശിക്കുന്നത് നിയന്ത്രിച്ച് ഇസ്രായേൽ. 40 വയസിനു താഴെ പ്രായമുള്ളവർ പള്ളിയിൽ കയറുന്നത് ഇസ്രായേൽ പൊലീസ് വിലക്കി. അതേസമയം, പൊലീസ് സുരക്ഷയിൽ കൈയേറ്റക്കാരായ ഇസ്രായേലികൾക്ക് വിശുദ്ധ ഗേഹത്തിലേക്ക് പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ഫലസ്തീനികൾക്കെതിരെ നടക്കുന്ന നരനായാട്ടിനു പിന്നാലെയാണ് നടപടി.

ഇന്നു പുലർച്ചെ കിലോ മീറ്ററുകൾ താണ്ടി അൽഅഖ്‌സയിലെത്തിയ ഫലസ്തീനികളെ പള്ളിയിലേക്ക് കടക്കാൻ പൊലീസ് അനുവദിച്ചില്ല. 40 വയസിനു മുകളിലുള്ളവരെ മാത്രമാണ് പള്ളിക്കകത്തേക്ക് കടത്തിവിട്ടത്. അല്ലാത്തവരെ മുഴുവൻ പുറത്തുനിർത്തുകയും ചെയ്തു. നൂറുകണക്കിനു പേരാണ് ഇതുമൂലം പ്രയാസം അനുഭവിച്ചത്. തുടർന്ന് പള്ളിക്ക് പുറത്തു വച്ചാണ് ഇവർ സുബഹി നമസ്‌കരിച്ചത്.

എന്നാൽ, ഇതിനിടെയാണ് ഇസ്രായേലിൽനിന്നുള്ള ജൂതന്മാർക്ക് പള്ളിയിലേക്ക് പ്രവേശിക്കാൻ പൊലീസ് സുരക്ഷയൊരുക്കിയത്. ഇന്നു രാവിലെയായിരുന്നു ഇത്. ഫലസ്തീനികളെ സുബഹി നമസ്‌കരിക്കാൻ അനുവദിക്കാതെയായിരുന്നു ഇസ്രായേലികളെ പള്ളിയിലേക്ക് കടത്തിവിട്ടത്.

അൽഅഖ്‌സയിൽ ഫലസ്തീനികൾക്കെതിരെ നടന്ന ഇസ്രായേൽ നടപടിയെ യു.എൻ അപലപിച്ചു. യു.എൻ പൊതുസഭയ്ക്കു കീഴിലുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെ വിനിയോഗത്തിനു വേണ്ടി പ്രവർത്തിക്കുന്ന സമിതിയായ സി.ഇ.ഐ.ആർ.പി.പിയാണ് ഇസ്രായേൽ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. 1967 മുതൽ ഫലസ്തീൻ പ്രദേശത്ത് നടത്തുന്ന നിയമവിരുദ്ധ കൈയേറ്റങ്ങളെ അരക്കിട്ടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇസ്രായേലിന്റെ പുതിയ നയങ്ങളും നടപടികളുമെന്ന് സി.ഇ.ഐ.ആർ.പി.പി പ്രസ്താവനയിൽ ആരോപിച്ചു. യു.എൻ പ്രമേയങ്ങൾ അനുസരിച്ചുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും വിശ്വാസികളുടെ സ്വാതന്ത്ര്യം മാനിക്കാനും ഇസ്രായേൽ തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതിനിടെ, കഴിഞ്ഞ ദിവസം ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത 450 ഫലസ്തീനികളിൽ 397 പേരെ വിട്ടയച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽനിന്നുള്ള 47 പേരെ ഓഫർ സൈനിക തടവറയിലേക്ക് മാറ്റിയിട്ടുണ്ട്. അധിനിവിഷ്ട ജറൂസലമിൽനിന്നുള്ള ആറുപേരുടെ തടങ്കൽ നീട്ടുകയും ചെയ്തതായി ഫലസ്തീനിയൻ കമ്മിഷൻ ഓഫി ഡിറ്റൈനീസ് അഫഴ്‌സ് അറിയിച്ചു.

Summary: Israeli settlers enter Al-Aqsa mosque under police protection while they restrict mosque access for Palestinians

TAGS :

Next Story