ഗസ്സയിൽ കരയുദ്ധം വൈകില്ലെന്ന സൂചന നൽകി ഇസ്രായേൽ; വ്യോമാക്രമണം തുടരുന്നു
റഫ അതിർത്തി മുഖേന സഹായം എത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബൈഡനും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസിയും അറിയിച്ചു

Israel-Hamas war
തെല്‍ അവിവ്: മാനുഷിക ദുരന്തം ആസന്നമാണെന്ന മുറവിളികൾക്കിടയിലും ആയിരങ്ങളെ കൊന്നൊടുക്കിയ ആക്രമണത്തിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെ ഇസ്രായേൽ. റഫ അതിർത്തി മുഖേന സഹായം എത്തിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബൈഡനും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസീസിയും അറിയിച്ചു. തങ്ങളുടെ പക്കലുള്ള ഇരൂനൂറിലേറെ തടവുകാരിൽ 22 പേർ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചതായി ഹമാസ് സൈനിക വിഭാഗം അറിയിച്ചു. കരയുദ്ധം വൈകില്ലെന്നാണ് ഇസ്രായേൽ സൈന്യം നൽകുന്ന സൂചന.
ആശുപത്രിയിൽ മരുന്നില്ല. ചികിൽസിക്കാൻ ആരോഗ്യ പ്രവർത്തകരില്ല. കുടിവെള്ളം കിട്ടാക്കനി,ഒരു ചീന്ത് റൊട്ടിക്കായി തെരുവുകളിൽ നീണ്ട ക്യൂ. ആക്രമണത്തിൽ പരിക്കേറ്റ പരിനായിരങ്ങൾ പ്രഥമിക ചികിൽസ പോലും കിട്ടാതെ പിടഞ്ഞു മരിക്കുന്നു. ആക്രമണത്തിന്റെ പതിനൊന്നാം നാളിൽ ഗസ്സയിൽ നിന്ന് പുറത്തുവരുന്നതത്രയും നടക്കമുള്ള വാർത്തകൾ. ഏതു നിമിഷവും വൻ മാനുഷിക ദുരന്തം സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടനയും യു.എൻ ഏജൻസികളും താക്കീത് ചെയ്തിട്ടും റഫ അതിർത്തി തൽക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിൽ ഇറച്ചു നിൽക്കുകയാണ് ഇസ്രായേൽ. അതിനിടെ, ഇസ്രായേലിന് കൂടുതൽ പിന്തുണ നൽകി അമേരിക്ക രംഗത്തുവന്നു. രണ്ടായിരം യു.എസ് സൈനികർ കരയുദ്ധത്തിൽ ഇസ്രായേലിനെ തുണക്കാനെത്തുമെന്ന് പെൻറഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ആവശ്യമായ ഇൻറലിജൻസ് വിവരങ്ങൾ ഇസ്രായേലിന് കൈമാറിയെന്നും അമേരിക്ക. 200നും 250നും ഇടയിലുള്ള ബന്ദികൾ തങ്ങളുടെ കൈയിലുണ്ടെന്ന് ഹമാസ്. അതിഥികൾക്കു തുല്യമാണ് ഇവരോടുള്ള തങ്ങളുടെ പെരുമാറ്റമെന്നം ഹമാസ്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇവരിൽ 22 പേർ കൊല്ലപ്പെട്ടതായും ഹമാസ് സൈനിക വക്താവ് പറഞ്ഞു. കരയുദ്ധത്തെ ഭയക്കുന്നില്ലെന്നും ഗസ്സയോട് ക്രൂരത ചെയ്തവരെ നേരിൽ കണ്ട് കണക്ക് തീർക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
അതിനിടെ,ഗസ്സയുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതേ അവസ്ഥ തുടർന്നാൽ യുദ്ധത്തിന് വ്യാപ്തി കൂടുമെന്നും മുന്നറിയിപ്പ്. സെമിറ്റിക് വിരുദ്ധതക്കും ഇസ്ലാമിനും എതിരായ നീക്കത്തെ ചെറുക്കുമെന്ന് ബൈഡെൻറ മുന്നറിയിപ്പ്. റഷ്യ, തുർക്കി, ഖത്തർ, സൗദി ഉൾപ്പെടെ വിവിധ രാജ്യങ്ങൾ നയതന്ത്ര നീക്കം ശക്തമാക്കി. ലബനാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. മേഖല ഒന്നാകെ വ്യാപിക്കുന്ന യുദ്ധമായി പ്രശ്നം മാറരുതെന്ന് ഇറാനോട് ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു.
Adjust Story Font
16

