ഇസ്രയേലിന്റെ പ്രതിരോധ മിസൈൽ 'ആരോ' തീർന്നുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്
പ്രതിരോധത്തിനായി 10-12 ദിവസത്തേക്കുള്ള മിസൈലുകൾ മാത്രമാണ് ശേഷിക്കുന്നതെന്നും ഇതിന് തന്നെ ഭീമമായ ചെലവാണെന്നും റിപ്പോർട്ടിൽ പറയുന്നു

തെൽ അവീവ്: ഇസ്രായേലിന്റെ പ്രതിരോധ മിസൈൽ 'ആരോ' ഇന്റർസെപ്റ്ററുകളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ തുടർന്നും നേരിടാനുള്ള രാജ്യത്തിന്റെ കഴിവിനെക്കുറിച്ച് ഈ ക്ഷാമം ആശങ്ക ഉയർത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പ്രതിരോധ സംവിധാനമാണ് 'ആരോ' മിസൈലുകൾ. ഇറാന്റെ മിസൈലുകൾ തകർക്കാൻ യുഎസ് സഹായം കൂടി ഇസ്രായേലിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇസ്രയേലിനും യുഎസിനുമുള്ള പ്രതിരോധ മിസൈലുകളെക്കാൾ ബാലിസ്റ്റിക് മിസൈലുകൾ ഇറാനുണ്ട് എന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആരോ മിസൈലുകൾ കൂടാതെ അയേൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, യുഎസ് നൽകുന്ന പാട്രിയറ്റ്‌സ്, THAAD ബാറ്ററികൾ എന്നിവ ഉൾപ്പെടുന്ന ഇസ്രായേലിന്റെ ലെയേർഡ് മിസൈൽ പ്രതിരോധം പരിപാലിക്കുന്നതിനുള്ള ചെലവും നിർണായക ആശങ്കയായി മാറുകയാണ്. ഇസ്രായേലി സാമ്പത്തിക ദിനപത്രമായ ദി മാർക്കർ രാത്രിയിലെ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 1 ബില്യൺ ഷെക്കൽ (285 മില്യൺ ഡോളർ) വരെ ചിലവാകുമെന്ന് കണക്കാക്കുന്നു. ഒരു ആരോ മിസൈൽ തൊടുക്കുന്നതിന് 30 ലക്ഷം യുഎസ് ഡോളറാണു (26 കോടി രൂപ) ചെലവ്. ഓരോ രാത്രിയിലും മിസൈൽ പ്രതിരോധത്തിനായി മാത്രം 28.5 കോടി യുഎസ് ഡോളറാണ് (2463 കോടി രൂപ) ഇസ്രയേൽ ചെലവാക്കുന്നത്.
ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ദിവസേന തുടരുന്നതിനാൽ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ ശേഖരം ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. അമേരിക്കയിൽ നിന്ന് വേഗത്തിൽ പുനർവിതരണം നടത്തുകയോ നേരിട്ടുള്ള ഇടപെടൽ നടത്തുകയോ ചെയ്യാതെ ഇറാൻ സ്ഥിരമായ ആക്രമണ വേഗത നിലനിർത്തുകയാണെങ്കിൽ ഇസ്രായേലിന് 10 അല്ലെങ്കിൽ 12 ദിവസം കൂടി മിസൈൽ പ്രതിരോധം നിലനിർത്താൻ കഴിയുമെന്ന് യുഎസ്, ഇസ്രായേലി ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16

