Quantcast

ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ്​ ഇസ്രായേൽ; യുദ്ധകാര്യ മന്ത്രിസഭയ്ക്ക് അധികം ആയുസില്ലെന്ന് റിപ്പോര്‍ട്ട്

ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച്​ ​ഫ്രഞ്ച്​ വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്ന

MediaOne Logo

Web Desk

  • Updated:

    2024-01-06 02:59:52.0

Published:

6 Jan 2024 1:00 AM GMT

Israels Netanyahu government reeling from internal strife; It is reported that the War Ministry will not last lon
X

ഗസ്സ സിറ്റി/ദുബൈ: ഗസ്സ യുദ്ധം മൂന്നുമാസം പിന്നിട്ടിരിക്കെ, ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ. രാഷ്​ട്രീയ, സൈനിക നേതൃത്വം തമ്മിലെ ഭിന്നത രൂക്ഷമായി. ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച്​ ​ഫ്രഞ്ച്​ വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്നയും രംഗത്തെത്തി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 162 പേരാണു കൊല്ലപ്പെട്ടത്. അതിനിടെ, ഇറാൻ ഇരട്ട സ്​ഫോടനത്തിൽ 11 പേർ പിടിയിലായി. ആക്രമണം നടത്തിയവർക്കെതിരെ പ്രതികാരനടപടി ഉറപ്പാണെന്ന്​ ഇറാൻ പ്രസിഡന്‍റ് വ്യക്തമാക്കി.

സൈന്യത്തോടുള്ള സമീപനത്തെച്ചൊല്ലി ഇസ്രായേൽ മ​ന്ത്രിസഭാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. യുദ്ധകാര്യ മന്ത്രിസഭക്ക്​ അധികം ആയുസില്ലെന്ന്​ മന്ത്രിമാരെ ഉദ്ധരിച്ച്​ ഇസ്രായേൽ ബ്രോഡ്​കാസ്​റ്റിങ്​ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. യുദ്ധകാര്യ മന്ത്രിസഭ ദേശീയദുരന്തമെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ് വിമര്‍ശിച്ചു​. രാഷ്​ട്രീയനേട്ടത്തിന്​ സൈന്യത്തെ ചൂഷണം ചെയ്യുന്നത്​ നിർത്തണമെന്ന്​ നെതന്യാഹുവിന്​ താക്കീത്​ നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​. താനുമായി ആലോചിക്കാതെ സൈനിക മേധാവി അന്വേഷണത്തിന്​ ഉത്തരവിട്ടതിൽ പ്രതിരോധ മന്ത്രിക്ക്​ എതിർപ്പുണ്ടെന്ന്​​ സൈനിക ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായൽ ​മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ കുറ്റപ്പെടുത്താൻ രാഷ്​ട്രീയനേതാക്കൾ ആസൂത്രിത നീക്കം നടത്തുന്നത്​ സൈനികരുടെ ആത്​മവീര്യം തകർക്കുന്നതായും റിപ്പോർട്ടുണ്ട്​.

ഗസ്സയിലെ അവസ്​ഥ മുൻനിർത്തി വിമാനമാർഗം ജോർദാനുമായി ചേർന്ന്​ സഹായം എത്തിക്കുമെന്ന ഫ്രാൻസിന്‍റെ പ്രഖ്യാപനം ഇസ്രായേലിന്​ തിരിച്ചടിയായി. ഗസ്സയുടെ ഭാവി തീരുമാനിക്കേണ്ടത്​ ഇസ്രായേൽ അല്ലെന്ന്​ ഫ്രഞ്ച്​ വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്ന വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും വലിയ നരകമായി ഗസ്സ മാറിയെന്ന്​ നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പെന്‍ ബാര്‍ത്ത് എയ്ഡ് പറഞ്ഞു.

ഗസ്സയിലെ യുദ്ധതന്ത്രങ്ങൾ സംബന്​ധിച്ച്​ നെതന്യാഹുവും സൈന്യവും ഭിന്നതയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഹമാസിനെ തുരത്താതെയും ബന്ദികളെ മോചിപ്പിക്കാതെയും സമ്പൂർണ വിജയം ഉണ്ടാകില്ലെന്ന്​ നെതന്യാഹു പറയുന്നു. തുർക്കിയിലെത്തിയ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഗസ്സ വിഷയം നേതാക്കളുമായി ചർച്ച ചെയ്യും. അധിനിവേശം അവസാനിപ്പിക്കുന്നതിനാണ്​ ബ്ലിങ്കന്‍ മുൻകൈയെടുക്കേണ്ടതെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ ചൂണ്ടിക്കാട്ടി.

അതിനിടെ, ദക്ഷിണ ലബനാനിൽ നിന്ന്​ ഇസ്രായേലിനു നേർക്ക്​ കൂടുതൽ മിസൈലുകളെത്തി. വ്യാപ​ക പ്രത്യാക്രമണം നടത്തിയെന്ന്​ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 162 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 296 പേർക്ക്​ പരിക്കുണ്ട്​. ഗസ്സയിൽ ഇതുവരെ 12,500 സൈനികർക്ക്​ പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്​തതായി പ്രതിരോധ മന്ത്രാലയം വിലയിരുത്തിയെന്ന​ ഇസ്രായേൽ മാധ്യമ വാർത്തകൾ രാജ്യ​ത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഇരട്ടസ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 11 പേരെ സൈന്യം പിടികൂടിയെന്ന്​ ഇറാൻ അറിയിച്ചു. ചാവേർ സംഘത്തെ പുറത്തുനിന്ന്​ എത്തിച്ചവരും പിടിയിലായവരിൽ ഉൾപ്പെടും. സ്​​​ഫോടനത്തിന്​ തിരിച്ചടി ഉറപ്പാണെന്ന്​ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി വ്യക്തമാക്കി. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യം തീരുമാനിക്കുമെനനും അദ്ദേഹം പറഞ്ഞു.

മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ യു.എൻ രക്ഷാസമിതിയിൽ പരാതി നൽകിയിരിക്കുകയാണ് ലബനാൻ.

Summary: Israel's Netanyahu government reeling from internal strife; It is reported that the War Ministry will not last long

TAGS :

Next Story