Quantcast

'ഹമാസിനെതിരെ ഉപരോധം പ്രഖ്യാപിക്കണം'; ഇ.യുവിനോട് ആവശ്യവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗസ്സയിൽ 297 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    11 Dec 2023 1:57 PM GMT

ഹമാസിനെതിരെ ഉപരോധം പ്രഖ്യാപിക്കണം; ഇ.യുവിനോട് ആവശ്യവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍
X

റോം: ഹമാസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി യൂറോപ്യൻ രാജ്യങ്ങൾ. ഇറ്റലിയും ഫ്രാൻസും ജർമനിയുമാണ് യൂറോപ്യൻ യൂനിയനോട് ആവശ്യമുർത്തിയിരിക്കുന്നത്. താൽക്കാലിക നടപടിയെന്ന നിലയ്ക്കാണ് ഹമാസിനും അവരെ പിന്തുണയ്ക്കുന്നവർക്കുമെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ സംയുക്ത കത്തിലൂടെയാണ് യൂറോപ്യൻ യൂനിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസിനും അവരെ അനുകൂലിക്കുന്നവർക്കുമെതിരെ തൽക്കാലത്തേക്ക് ഉപരോധം പ്രഖ്യാപിക്കാനുള്ള നിർദേശത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുകയാണെന്ന് ഇവർ കത്തിലൂടെ അറിയിച്ചു. ഹമാസിനെതിരെയും ഇസ്രായേലിന് അനുകൂലവുമായുള്ള ഇ.യുവിന്റെ നിലപാട് പ്രഖ്യാപനവും ശക്തമായ രാഷ്ട്രീയ സന്ദേശവുമായിരിക്കും ഇതെന്നും ഇവർ ചൂണ്ടിക്കാട്ടി.

അതിനിടെ, ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഗസ്സയിൽ 297 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. 550ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ കുരുതിയിൽ മരണസംഖ്യ 18,000 കടന്നിട്ടുണ്ട്. ആയിരക്കണക്കിനുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം.

ഇസ്രായേൽ അതിക്രമത്തിനെതിരെ പ്രഖ്യാപിച്ച ഫലസ്തീൻ ഐക്യദാർഢ്യ പണിമുടക്ക് സമരം പശ്ചിമേഷ്യൻ രാജ്യങ്ങളെല്ലാം ഏറ്റെടുത്തിട്ടുണ്ട്. ലബനാൻ, ജോർദാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പണിമുടക്ക് പൂർണമാണ്. വെസ്റ്റ് ബാങ്ക്, റാമല്ല, അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

Summary: Italy, France, Germany call for ad hoc EU sanctions on Hamas

TAGS :

Next Story