നിലംതൊട്ടതോടെ വിമാനം തീപ്പന്തമായി മാറി; കുഞ്ഞുങ്ങളുമായി യാത്രികർ ഇറങ്ങിയോടുന്ന വീഡിയോ പുറത്ത്
നിശ്ചയിച്ച സമയം കടന്ന് 22 മിനിട്ട് വൈകി 5.47 നാണ് വിമാനം ലാൻഡ് ചെയ്തത്

ടോക്കിയോ: എട്ട് കുട്ടികളടക്കം 379 യാത്രികർ, 12 കാബിൻ ക്രൂ അംഗങ്ങൾ എയർബസ് എ-350 വിഭാഗത്തിലുള്ള ജപ്പാൻ എയർലൈൻസിന്റെ വിമാനം വൈകുന്നേരം 5.47 നാണ് ടോകിയോ ഹനേദ വിമാനത്താവളത്തിന്റെ റൺവെയിൽ നിലം തൊടുന്നത്. ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് നാലേകാലിന് പുറപ്പെട്ട വിമാനം 5.15 നാണ് ഹനേദ വിമാനത്താവളത്തിൽ ഇറങ്ങേണ്ടത്. എന്നാൽ നിശ്ചയിച്ച സമയം കടന്ന് 22 മിനിട്ട് വൈകി 5.47 നാണ് വിമാനം നിലം തൊടുന്നത്.
റൺവെയിലുടെ കുതിച്ച വിമാനം പെട്ടെന്ന് ഒന്നുകുലുങ്ങി. എന്താണ് സംഭവിച്ചതെന്ന് ഉൗഹിക്കും മുന്നെ അതുവരെ തണുപ്പ് നിറഞ്ഞ് നിന്ന വിമാനത്തിനകത്തേക്ക് തീച്ചൂടും പുകയും ഇരച്ചുകയറി. ഒരു തീഗോളമായി മുന്നോട്ട് റൺവെയിലൂടെ അമിത വേഗതയിൽ കുതിക്കുന്ന വിമാനത്തെ വിൻഡോയിലൂടെ കണ്ട് ആർത്തലക്കാൻ മാത്രമെ ആ 379 യാത്രികർക്ക് കഴിഞ്ഞുള്ളു.
ജപ്പാനിലെ ടോകിയോ ഹനേദ വിമാനത്താവളത്തിൽ ഇന്നുണ്ടായതെല്ലാം ഒരു മിറാക്കിളെന്നാണ് ജപ്പാൻ ഭരണകൂടം വിശേഷിപ്പിച്ചത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയത് മുന്നോട്ട് നീങ്ങുന്നതിനിടയിൽ ടേക്ക് ഓഫിനായി റൺവെയിലേക്ക് മുന്നറിയിപ്പില്ലാതെ പ്രവേശിച്ച കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലിടിക്കുകയായിരുന്നു.ജപ്പാൻ എയർലൈൻസിൽ യാത്രക്കാരും കാബിൻ ക്രൂവുമുൾപ്പടെ 391 പേർ, കോസ്റ്റ് ഗാർഡ് വിമാനത്തിൽ പൈലറ്റുൾപ്പടെ ആറ് പേർ. ഇടിച്ചതിന് പിന്നാലെ കോസ്റ്റ് ഗാർഡ് വിമാനം കത്തുകയും പൈലറ്റൊഴികെയുള്ള അഞ്ചുപേർ വെന്തുമരിക്കുകയും ചെയ്തു. പരിക്കുകളോടെ പൈലറ്റിനെ രക്ഷിക്കാൻ എയർപ്പോർട്ടിലെ രക്ഷാപ്രവർത്തകർക്കായെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
തീഗോളമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിന്റെ അടുത്തേക്ക് ഫയർ എഞ്ചിനുകൾ കുതിച്ചെത്തി തീ നിയന്ത്രിക്കാൻ തുടങ്ങി. വിമാനം നിന്നതിന് പിന്നാലെ അപ്പോഴേക്കും വിമാനത്തിനകത്ത് നിന്ന് യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ലഗേജുകളെല്ലാം ഉപേക്ഷിച്ച് യാത്രക്കാർ ഇറങ്ങിയോടുകയായിരുന്നു. വലിയൊരു ദുരന്തമൊഴിവായതിന്റെ ആശ്വാസത്തിലാണ് യാത്രക്കാരും ജപ്പാനും.
മിക്സഡ് മോഡ് റൺവെ (വിമാനങ്ങൾ പുറപ്പെടാനും എത്തിച്ചേരാനും ഒരേ റൺവെ) സംവിധാനമാണ് എയർപ്പോർട്ടിലുള്ളത്. ഇതാണ് അപകടമുണ്ടാക്കാൻ കാരണമായതെന്ന് എയർേപാർട്ട് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജപ്പാനിൽ നിന്ന് മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ വിമാനത്തിനകത്ത് ആദ്യം തീപിടിക്കുന്നതും പെട്ടെന്ന് ഒരു തീഗോളമായി മാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുമ്പോൾ ഒന്നിലധികം ഫയർ ട്രക്കുകൾ തീ അണക്കുന്നതും കാണാം. ഇപ്പോഴും അപകടത്തിന്റെ പൂർണമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം.
പുതുവർഷപ്പുലരിയിൽ ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങളാണ് ജപ്പാനിലുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ഞെട്ടിച്ചുകൊണ്ട് വിമാനദുരന്തമുണ്ടാകുന്നത്.
Adjust Story Font
16

