Quantcast

ബോംബ് ഷെൽട്ടറുകളുടെ എണ്ണം കൂട്ടി ജപ്പാൻ; അടുത്ത യുദ്ധത്തിനുള്ള തയ്യാറെടുപ്പോ?

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരവും സങ്കീർണ്ണവുമായ സുരക്ഷാ സാഹചര്യമാണ് ജപ്പാനിലെന്നും റിപ്പോർട്ട്...

MediaOne Logo

Web Desk

  • Published:

    29 Jun 2025 6:21 PM IST

japan_bomb shelter
X

ജപ്പാൻ നിശബ്‌ദമായി ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണോ? കൂടുതൽ ബോംബ് ഷെൽട്ടറുകൾ നിർമിക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ... ലോകത്ത് ആദ്യമായി അണുബോംബിന്റെ കെടുതി അനുഭവിച്ച ജപ്പാന്റെ ഈ മുന്നൊരുക്കങ്ങൾക്ക് പിന്നിൽ എന്താണ്?

ചൈനയുടെ പസഫിക് മേഖലയിലെ ഭീഷണി വർധിക്കുന്നതിനിടെ, തായ്‌വാൻ്റെ സ്വാതന്ത്ര്യം അപകടത്തിലായിരിക്കെ ഒരു യുഎസ്- ചൈന യുദ്ധത്തിന് ജപ്പാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും അധികാരമേറ്റതോടെ ചൈനയുമായുള്ള സംഘർഷം യുദ്ധത്തിൽ എത്തിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജപ്പാനെയായിരിക്കും. സാധ്യമായ ഒരു യുഎസ്-ചൈന യുദ്ധത്തിനായി ജപ്പാൻ സ്വയം തയ്യാറെടുക്കുകയാണ്. വാഷിങ്‌ടണിന്റെ പ്രധാന സഖ്യകക്ഷിയായ ജപ്പാൻ, അടുത്ത വർഷം മുതൽ തായ്‌വാനോട് അടുത്തുള്ള തങ്ങളുടെ വിദൂര ദ്വീപുകളിൽ ബോംബ് ഷെൽട്ടറുകൾ നിർമ്മിക്കാൻ തുടങ്ങും. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രദേശങ്ങളെ ചൈന ലക്ഷ്യമിട്ടേക്കാം എന്ന ഭയമാണ് പിന്നിൽ.

അടുത്തിടെ പശ്ചിമേഷ്യയിൽ ഉണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, യുഎസ്-ചൈന സംഘർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന സൂചന കൂടി ഇതിലൂടെ പുറത്തുവരുന്നുണ്ട്. ജനാധിപത്യ രീതിയിൽ ഭരിക്കപ്പെടുന്ന തായ്‌വാനെ ചൈന തങ്ങളുടെ ഭാഗമായാണ് കണക്കാക്കുന്നത്. തായ്‌വാൻ ഇത് നിരന്തരം നിരസിക്കുന്നുണ്ട്, എന്നാൽ, എതിർക്കുംതോറും ബലംപ്രയോഗിച്ച് തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ ചൈന ശക്തിപ്പെടുത്തിവരികയാണ്. 2027ഓടെ തായ്‌വാനെ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.

ചൈനീസ് സൈന്യം പരിശീലനത്തിലാണെന്നും ആക്രമണം ആസന്നമായിരിക്കാം എന്നും സിംഗപ്പൂർ ഉച്ചകോടിയിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആരോപിക്കുകയും ചെയ്‌തു. ഇതോടെയാണ് മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തിപ്പെടുന്നത്. യാഥാർത്ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ജപ്പാന്റെ ഈ നീക്കമെന്ന് ന്യൂസ് വീക്ക്‌ റിപ്പോർട്ട് പറയുന്നു.

2022ൽ യോനഗുനിക്ക് സമീപം ചൈനീസ് മിസൈലുകൾ പതിച്ച സംഭവം പ്രാദേശിക ജനതയെ ഞെട്ടിച്ചിരുന്നു. ഇതിനെ തുടർന്ന് ജപ്പാൻ അവിടെ സൈനിക സാന്നിധ്യം വർധിപ്പിച്ചിരിക്കുകയാണ്. യുഎസിനെ ഒഴിച്ചുനിർത്തിയാൽ ലോകത്ത് മറ്റെവിടെയുമുള്ളതിനേക്കാൾ കൂടുതൽ അമേരിക്കൻ സൈനികർ ജപ്പാനിലുണ്ട്. പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ, യുഎസ്-ചൈന സംഘർഷം യുദ്ധത്തിലേക്കു നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എന്താണ് ജപ്പാന്റെ പദ്ധതിയെന്ന് നോക്കാം.. അടുത്ത വർഷം മുതൽ രാജ്യത്തെ ഏറ്റവും പടിഞ്ഞാറുള്ള ജനവാസമുള്ള ദ്വീപായ യൊനാഗുനിയിൽ ആദ്യ ഷെൽട്ടറുകളുടെ നിർമാണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ജപ്പാന്റെ നിക്കി പത്രം പറയുന്നതനുസരിച്ച്, ഇരിയോമോട്ടെ, ഇഷിഗാക്കി, തരാമ, മിയാക്കോ തുടങ്ങിയ സമീപ ദ്വീപുകളിൽ 2028ഓടെ രണ്ടാഴ്‌ച വരെ താമസിക്കാൻ കഴിയുന്ന ബോംബ് ഷെൽട്ടറുകൾ നിർമ്മിക്കും.

സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ഈ ദ്വീപുകളിലെ ജനങ്ങളെ മുഖ്യഭൂമിയിലേക്ക് മാറ്റാനാണ് ടോക്യോയുടെ പദ്ധതി. ചൈന ആക്രമണം തുടങ്ങുകയാണെങ്കിൽ ഈ ദ്വീപുകളിൽനിന്ന് ഒരു ലക്ഷത്തിലധികം ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഒരാഴ്‌ചയെങ്കിലും എടുത്തേക്കാമെന്നാണ് ജപ്പാൻ കരുതുന്നത്. അതിനാൽ, ഈ അടിയന്തര ഷെൽട്ടറുകൾ ജപ്പാൻ ജനതയ്ക്ക് താൽക്കാലിക സുരക്ഷ നൽകും.

പ്രതിരോധ വ്യവസ്ഥകളെ വേഗത്തിൽ മെച്ചപ്പെടുത്തുകയാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. 10 ദശലക്ഷം ആളുകൾക്കായി ബോംബ് ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനുള്ള ഒരു വലിയ പദ്ധതിക്കാണ് നിലവിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഭൂഗർഭ, ദീർഘകാല ഷെൽട്ടറുകൾ കൂടുതലായി നിർമിക്കുകയാണ് പദ്ധതിയുടെ പ്രധാനഭാഗം. 2022 ഡിസംബറിൽ പുറത്തിറങ്ങിയ ജപ്പാന്റെ പുതുക്കിയ ദേശീയ സുരക്ഷാ തന്ത്രത്തിൽ ഈ മാറ്റം വ്യക്തമായി പ്രസ്‌താവിച്ചിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഗുരുതരവും സങ്കീർണ്ണവുമായ സുരക്ഷാ സാഹചര്യമാണ് ജപ്പാനിലെന്നാണ് റിപ്പോർട്ട്. ഇന്നത്തെ ഭീഷണികളെ രാജ്യം എത്ര ഗൗരവമായാണ് കാണുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച്, ജപ്പാനിൽ ഇപ്പോൾ 58,000ലധികം ബോംബ് ഷെൽട്ടറുകൾ ഉണ്ട്. ഇവയിൽ 3,900 മാത്രമാണ് ഭൂഗർഭത്തിലുള്ളവ. ആധുനിക മിസൈൽ ആക്രമണങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്ന ഭൂഗർഭ ഷെൽട്ടറുകൾ ആകെയുള്ളതിൽ വെറും ഏഴ് ശതമാനം മാത്രമാണ്. നിലവിൽ ഈ ഭൂഗർഭ ഷെൽട്ടറുകൾക്ക് ജപ്പാന്റെ ജനസംഖ്യയുടെ 5 ശതമാനം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ.

ഇത് പരിഹരിക്കാനാണ്, 10 ദശലക്ഷത്തിലധികം ആളുകളെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. ഈ ഷെൽട്ടറുകൾക്ക് 30 സെന്റിമീറ്റർ കനമുള്ള ഉറപ്പിച്ച ഭിത്തികൾ, ഒന്നിലധികം പ്രവേശന പോയിന്റുകൾ അടിയന്തര വെന്റിലേഷൻ സംവിധാനങ്ങൾ, ഭക്ഷണവും വെള്ളവും അടക്കമുള്ള സൗകര്യങ്ങൾ, , മിസൈൽ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും തടുക്കാൻ കഴിയുന്ന ശക്തമായ ഘടനകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ജപ്പാൻ ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജപ്പാന്റെ തലസ്ഥാനമായ ടോക്യോയും വലിയ അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റ് ടോയി ഒഎഡോ സബ്‌വേ ലൈനിലെ അസബു-ജുബാൻ സ്റ്റേഷനുള്ളിൽ ആദ്യത്തെ ദീർഘകാല ഭൂഗർഭ ഷെൽട്ടർ നിർമ്മിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. നഗരം ദീർഘകാല മിസൈൽ ആക്രമണം നേരിടേണ്ടി വന്നാൽ ആളുകളെ സംരക്ഷിക്കാനാണ് ഈ പുതിയ ഷെൽട്ടർ. നിലവിലെ ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ശക്തമല്ലെന്ന പൗരൻമാരുടെ ആശങ്കയാണ് ഇതിന് പിന്നിൽ.

വർഷങ്ങളായി, സിവിൽ ഡിഫൻസ് ജപ്പാനിൽ വലിയ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. പ്രത്യേകിച്ചും രാജ്യം സമാധാനത്തിന്റെ പാത പിന്തുടരുകയും യുഎസിന്റെ ആണവ പരിരക്ഷയെ ആശ്രയിക്കുകയും ചെയ്‌തിരുന്നതിനാൽ. എന്നാൽ, ഇപ്പോൾ ഒരു സൈനിക സംഘർഷം ജപ്പാനെ നേരിട്ട് ബാധിക്കുമെന്ന കഠിനമായ സത്യത്തെ അഭിമുഖീകരിക്കാൻ തുടങ്ങിയിരിക്കുന്നു സർക്കാറും പൊതുജനവും. ജപ്പാനിലെ 53 ശതമാനം പ്രമുഖ കമ്പനികളും തായ്‌വാൻ പ്രതിസന്ധി ഉണ്ടായാൽ നടപ്പാക്കേണ്ട അടിയന്തര പദ്ധതികൾ ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്.

TAGS :

Next Story