നടൻ മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് കേസിൽ ജസ്‌വീൻ സംഘ കുറ്റം സമ്മതിക്കുന്നു
54-കാരനായ മാത്യു പെറി ലോസ് ആഞ്ചലസിലെ തന്റെ വീട്ടിലെ ഹോട്ട് ടബ്ബിൽ പ്രതികരണമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉയർന്ന അളവിൽ കെറ്റമൈൻ കണ്ടെത്തുകയും ഇത് മരണകാരണമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു

ലോസ് ആഞ്ചലസ്: പ്രശസ്ത സിറ്റ്കോം 'ഫ്രണ്ട്സ്' താരം മാത്യു പെറിയുടെ മരണത്തിന് കാരണമായ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 'കെറ്റമൈൻ ക്വീൻ' എന്ന വിളിപ്പേരുള്ള ജസ്‌വീൻ സംഘ (42) കുറ്റം സമ്മതിക്കാൻ തയ്യാറായതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. 2023 ഒക്ടോബർ 28-ന് മാത്യു പെറി മരിച്ച സംഭവത്തിൽ കെറ്റമൈൻ വിതരണം ചെയ്തതിന് ജസ്‌വീൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. ഇവർ ലോസ് ആഞ്ചലസിലെ ഫെഡറൽ കോടതിയിൽ വരും ആഴ്ചകളിൽ കുറ്റസമ്മതം രേഖപ്പെടുത്തും.
അമേരിക്ക-ബ്രിട്ടൻ ഇരട്ട പൗരത്വമുള്ള ജസ്‌വീൻ 2024 ആഗസ്റ്റ് മുതൽ ഫെഡറൽ കസ്റ്റഡിയിലാണ്. അവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 80-ലധികം കെറ്റമൈൻ കുപ്പികളും മെത്താംഫെറ്റമിൻ, കൊക്കെയ്ൻ, സനാക്സ് തുടങ്ങിയ മയക്കുമരുന്നുകളും കണ്ടെത്തി. ഫെഡറൽ പ്രോസിക്യൂട്ടർമാർ അവരുടെ വീടിനെ 'മയക്കുമരുന്ന് വിൽപ്പന കേന്ദ്രം' എന്നാണ് വിശേഷിപ്പിച്ചത്.
പെറിയുടെ മരണത്തിന് നാല് ദിവസം മുമ്പ് ജസ്‌വീൻ 6,000 ഡോളറിന് 25 കെറ്റമൈൻ കുപ്പികൾ വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. 2019-ൽ മറ്റൊരു ക്ലയന്റായ കോഡി മക്‌ലോറിയുടെ മരണത്തിനും ജസ്‌വീന്റെ കെറ്റമൈൻ വിതരണം കാരണമായിരുന്നുവെന്ന് ആരോപണമുണ്ട്.
പെറിയുടെ മരണത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ ഡോ. സാൽവഡോർ പ്ലാസെൻസിയ, ഡോ. മാർക്ക് ചാവേസ്, കെന്നത്ത് ഇവാമാസ, എറിക് ഫ്ലെമിംഗ് എന്നിവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ജസ്‌വീന് 65 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് റിപ്പോർട്ടുകൾ. 'എന്റെ ക്ലയന്റ് തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നു.' ജസ്‌വീന്റെ അഭിഭാഷകനായ മാർക്ക് ഗെറാഗോസ് പറഞ്ഞു.
54-കാരനായ മാത്യു പെറി ലോസ് ആഞ്ചലസിലെ തന്റെ വീട്ടിലെ ഹോട്ട് ടബ്ബിൽ പ്രതികരണമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉയർന്ന അളവിൽ കെറ്റമൈൻ കണ്ടെത്തുകയും ഇത് മരണകാരണമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

