ഇറ്റലിയില്‍ പൊടിപൊടിച്ച് ബെസോസ്-സാഞ്ചസ് കല്യാണം; വെനീസ് കനാലില്‍ 'മുതല പ്രതിഷേധം'
തെരുവുകളിലെല്ലാം വിവാഹമാമാങ്കത്തിനെതിരെ പ്രതിഷേധവുമായി 'നോ സ്പേസ് ഫോര്‍ ബെസോസ്' എന്ന തലക്കെട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെനീസ് നഗരമധ്യത്തിലുള്ള സെന്റ് മാര്‍ക്‌സ് ചത്വരത്തില്‍ ഉയര്‍ന്ന വലിയൊരു ബാനറും സമൂഹമാധ്യമങ്ങളിലടക്കം വലിയ ശ്രദ്ധ നേടി

വെനീസ്: പശ്ചിമേഷ്യയിലെ സംഘര്‍ഷഭരിതമായ സംഭവവികാസങ്ങള്‍ ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍, അങ്ങ് ഇറ്റാലിയന്‍ നഗരമായ വെനീസില്‍ ഒരു അത്യാഡംബര കല്യാണത്തിനുള്ള പന്തലൊരുങ്ങുകയായിരുന്നു. ശതകോടീശ്വരനും ആമസോണ്‍ മുതലാളിയുമായ ജെഫ് ബെസോസിന്റെയും മുന്‍ ടെലിവിഷന്‍ ജേണലിസ്റ്റ് ലോറന്‍ സാഞ്ചസിന്റെയും വിവാഹമാമാങ്കത്തിനാണ് വെനീസ് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ശതകോടീശ്വരന്മാരും സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരുമെല്ലാം അതിഥികളായെത്തുന്ന കല്യാണം പക്ഷേ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് വലിയൊരു പ്രതിഷേധത്തിന്റെ പേരിലാണ്.
'നോ സ്പേസ് ഫോര്‍ ബെസോസ്' എന്ന പേരില്‍ രൂപംകൊണ്ടൊരു കൂട്ടായ്മയാണ് ആഡംബരക്കല്യാണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്.. വെനീസ് കനാലില്‍ പ്ലാസ്റ്റിക് മുതലകളെ നിറച്ച് അതിഥികളെ തടയുമെന്നായിരുന്നു പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പ്രതിഷേധത്തിനു പിന്നാലെ നേരത്തെ നിശ്ചയിച്ച വേദിയില്‍നിന്ന് ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. ബെസോസ് കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദമെന്താണ്? എന്താണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍? വിശദമായി പരിശോധിക്കാം...
വെനീസിന്റെ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന, 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്‌കൂള ഗ്രാന്‍ഡെ ഡെല്ല മിസെരികോര്‍ഡിയയില്‍ വച്ചാണ് 61കാരനായ ബെസോസിന്റെയും 55കാരിയായ സാഞ്ചസിന്റെയും വിവാഹ വിരുന്ന് നിശ്ചയിച്ചിരുന്നത്. ബെസോസിന്റെ 500 മില്യണ്‍ ഡോളറിന്റെ സൂപ്പര്‍യാട്ട് 'കോറു'വില്‍, 2.5 മില്യണ്‍ ഡോളറിന്റെ പിങ്ക് ഡയമണ്ട് മോതിരം കൈമാറിയായിരുന്നു 2023ല്‍ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. അന്നു മുതല്‍ ഇവരുടെ വിവാഹാഘോഷത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യത്തിലാണ് വെനീസാണ് ചടങ്ങിനു വേദിയാകാന്‍ പോകുന്നതെന്ന പ്രഖ്യാപനമുണ്ടായത്. ജൂണ്‍ 26 മുതല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതായത് മൂന്ന് ദിവസം അതിസമ്പന്നര്‍ക്കും സെലിബ്രിറ്റികള്‍ക്കും ആഘോഷത്തിലാറാടാന്‍ വെനീസ് നഗരത്തിന്റെ കണ്ണായ സ്ഥലങ്ങള്‍ അടച്ചിടുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍, വാര്‍ത്ത അറിഞ്ഞതുമുതല്‍ വെനീസിലെ സാധാരണക്കാര്‍ക്കിടയില്‍ പുകഞ്ഞ അമര്‍ഷം വലിയ പ്രതിഷേധമായി മാറുന്നതാണു പിന്നീട് കണ്ടത്. അങ്ങനെയാണ് 'നോ സ്പേസ് ഫോര്‍ ബെസോസ്' എന്ന പേരില്‍ ഒരു പ്രതിഷേധക്കൂട്ടായ്മ രൂപംകൊള്ളുന്നത്. തങ്ങളുടെ സാധാരണ ജീവിതത്തെ നഗരത്തിന്റെ അമിത ടൂറിസം വലിയ തോതില്‍ ബാധിക്കുന്നുവെന്നായിരുന്നു പ്രതിഷേധ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. അതിസമ്പന്നരുടെ കളിത്തൊട്ടിലായി മാറിയിരിക്കുകയാണ് വെനീസ്. ഹൗസിങ് റെന്റ് ഉള്‍പ്പെടെ കുതിച്ചുയരുകയാണ്. ടാക്‌സും വലിയ തോതില്‍ കൂട്ടിയിട്ടുണ്ട്.
ലോകത്തെ തന്നെ ഏറ്റവും അട്രാക്ടീവ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് വെനീസ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച നഗരം. പ്രതിവര്‍ഷം രണ്ടു കോടിയോളം ടൂറിസ്റ്റുകളാണത്രെ അവിടെ എത്തുന്നത്. എന്നാല്‍, ഈ അമിത ടൂറിസം നഗരത്തിന്റെ സാധാരണ ജീവിതനിലവാരത്തെ തകര്‍ക്കുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. 1950ല്‍ 1,75,000 ആയിരുന്ന ജനസംഖ്യ ഇപ്പോള്‍ 49,000ത്തില്‍ താഴെയാണ്. വാടക വര്‍ധനയും അവശ്യ സേവനങ്ങളുടെ ദൗര്‍ലഭ്യവുമെല്ലാം കാരണം ഇവിടത്തുകാര്‍ കൂട്ടമായി നഗരം വിടുകയാണ്.
വര്‍ഷങ്ങളായി അകത്ത് പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷങ്ങളെല്ലാം അണപൊട്ടിയൊഴുകാനുള്ള കാരണമായി മാറുകയായിരുന്നു ബെസോസിന്റെ വിവാഹാഘോഷം. ഈ മാമാങ്കം വെനീസിനെ ഒരു തീം പാര്‍ക്കാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നാണ് പ്രതിഷേധത്തിനു നേതൃത്വം നല്‍കുന്ന ഫെഡറിക്ക ടോനിനെല്ലോ പറഞ്ഞത്. എന്നാല്‍, വെനീസ് മേയര്‍ ലൂയിജി ബ്രുഗ്‌നാരോ പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തി. വിവാഹം 48 മില്യണ്‍ യൂറോയുടെ സാമ്പത്തിക നേട്ടമാണു നഗരത്തിന് നല്‍കാന്‍ പോകുന്നതെന്നായിരന്നു മേയറുടെ വാദം. എന്നാല്‍, ഈ പണം സാധാരണക്കാര്‍ക്ക് ലഭിക്കില്ലെന്ന് പ്രതിഷേധക്കാര്‍ തിരിച്ചടിച്ചു. നഗരത്തോട് ചേര്‍ന്നുള്ള കടലിടുക്കായ വെനീസ് ലഗൂണിന്റെ സംരക്ഷണത്തിനായി ബെസോസും സാഞ്ചസും 1.16 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിരുന്നു. ഇതിനെ വെറും പ്രഹസനമെന്നു വിശേഷിപ്പിച്ചു തള്ളിക്കളയുകയായിരുന്നു അവര്‍.
ഉള്ളവനും ഇല്ലാത്തവനും തമ്മില്‍, സമ്പന്നനും ദരിദ്രനും തമ്മില്‍ ശക്തമാകുന്ന അകലത്തിന്റെ പ്രതീകമായാണ് വിവാഹത്തെ അവര്‍ കണ്ടത്. പ്രതിഷേധം വലിയ വാര്‍ത്തയായതോടെ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രീന്‍പീസിന്റെ ഇറ്റാലിയന്‍ ഘടകവും 'എവരിവണ്‍ ഹേറ്റ്‌സ് ഇലോണ്‍' എന്ന ബ്രിട്ടീഷ് ആക്ടിവിസ്റ്റ് കൂട്ടായ്മയും രംഗത്തെത്തി.
വിവാഹ സല്‍ക്കാരം നടക്കേണ്ടിയിരുന്ന സ്‌കൂള ഗ്രാന്‍ഡെ ഡെല്ല മിസെരികോര്‍ഡിയയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വേദിയോട് ചേര്‍ന്നുള്ള കനാലില്‍ പ്ലാസ്റ്റിക് മുതലകളെയും അരയന്നങ്ങളെയും ഇറക്കിവിട്ട് അതിഥികളുമായി വരുന്ന ബോട്ടുകള്‍ തടയുകയായിരുന്നു ലക്ഷ്യം. 'മുതല പ്രതിഷേധ' ഭീഷണി ഫലം കണ്ടെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ആഘോഷ വേദി ആര്‍സനേലിലെ ഒരു ഒറ്റപ്പെട്ട ഷിപ്പ്യാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ് ബെസോസ്-സാഞ്ചസ് ദമ്പതികള്‍.
തെരുവുകളിലെല്ലാം വിവാഹമാമാങ്കത്തിനെതിരെ പ്രതിഷേധവുമായി 'നോ സ്പേസ് ഫോര്‍ ബെസോസ്' എന്ന തലക്കെട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വെനീസ് നഗരമധ്യത്തിലുള്ള സെന്റ് മാര്‍ക്‌സ് ചത്വരത്തില്‍ ഉയര്‍ന്ന വലിയൊരു ബാനറും സമൂഹമാധ്യമങ്ങളിലടക്കം വലിയ ശ്രദ്ധ നേടി. വിവാഹത്തിനായി വെനീസ് വാടകയ്‌ക്കെടുക്കാന്‍ കഴിയുമെങ്കില്‍, കൂടുതല്‍ നികുതി അടയ്ക്കാനും തയാറാകണം എന്നായിരുന്നു ഗ്രീന്‍പീസും 'എവരിവണ്‍ ഹേറ്റ്‌സ് ഇലോണ്‍' കൂട്ടായ്മയും സ്ഥാപിച്ച ആ ബാനറില്‍ രേഖപ്പെടുത്തിയിരുന്നത്. 'നോ ബെസോസ്, നോ വാര്‍' എന്ന തലക്കെട്ടില്‍ പുതിയ വിവാഹ വേദിയിലേക്ക് സമാധാനപരമായ മാര്‍ച്ച് ആസൂത്രണം ചെയ്യുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, വന്‍ ആഘോഷ പരിപാടികളും പാര്‍ട്ടികളുമാണ് ഓരോ ദിവസവും ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യ ദിനം വെനീസ് ലിഡോയില്‍, പ്രശസ്തമായ വെനീസ് ഫിലിം ഫെസ്റ്റിവലിന്റെ വേദിയായ സ്ഥലത്ത് ഒരു ഗംഭീര പാര്‍ട്ടിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. രണ്ടാം ദിനം സാന്‍ ജോര്‍ജിയോ മജോറെ ദ്വീപിലെ ചരിത്രപ്രസിദ്ധമായ 16-ാം നൂറ്റാണ്ടിലെ പള്ളിയില്‍ വച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. മൂന്നാം ദിനമായ ശനിയാഴ്ച വമ്പന്‍ ആഘോഷങ്ങളുടെയാകും ചടങ്ങുകള്‍ക്കു സമാപനം കുറിക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന 250ഓളം വിഐപികളാണ് ആഡംബര വിവാഹത്തില്‍ പങ്കെടുക്കുന്നത്. ഇലോണ്‍ മസ്‌ക്, ലിയോനാര്‍ഡോ ഡികാപ്രിയോ, ഓപ്ര വിന്‍ഫ്രി, മിക് ജാഗര്‍, കിം കര്‍ദാഷിയന്‍, കാറ്റി പെറി, ഇവാന്‍ക ട്രംപ്, ജാരേദ് കുഷ്‌നര്‍ തുടങ്ങിയ വന്‍ താര-സെലിബ്രിറ്റി നിരയും വിഐപികളും ആ ലിസ്റ്റില്‍ ഉള്‍പ്പെടും. ഇവര്‍ക്കു താമസിക്കാനായി വെനീസിലെ പ്രശസ്തമായ അമാന്‍, ഡാനിയേലി തുടങ്ങിയ ഹോട്ടലുകള്‍ മാസങ്ങള്‍ക്കു മുന്‍പേ ബുക്ക് ചെയ്തിട്ടുണ്ടെന്നാണു വിവരം.
Adjust Story Font
16

