Quantcast

‘ഞങ്ങളുടെ പേരിൽ ഇത് വേണ്ട’; കാലിഫോർണിയ അസംബ്ലിയിൽ ജൂത സംഘടനയുടെ പ്രതിഷേധം

‘ഗസ്സയിൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണം’

MediaOne Logo

Web Desk

  • Published:

    4 Jan 2024 2:07 PM IST

Protesters calling for Gaza cease-fire shut down California Assembly
X

കാലിഫോർണിയ: ഫലസ്തീനിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാലിഫോർണിയ അസംബ്ലിയിൽ ജൂത സംഘടനയുടെ പ്രതിഷേധം. ജ്യൂയിഷ് വോയ്‌സ് ഫോർ പീസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 80 അംഗ അസംബ്ലി ബുധനാഴ്ച ചേർന്നപ്പോഴാണ് സയണിസ്റ്റ് വിരുദ്ധ വിഭാഗത്തിന്റെ പ്രതിഷേധം അരങ്ങേറിയത്.

അസംബ്ലിയിൽ പ്രാരംഭ പ്രാർഥനയും പ്രതിജ്ഞയും കഴിഞ്ഞതോടെ പബ്ലിക് ഗാലറിയിലുണ്ടായിരുന്നവർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മുദ്രാവാക്യങ്ങൾ അടങ്ങിയ കറുത്ത വസ്ത്രം ധരിച്ച് ഒറ്റക്കെട്ടായി നിന്ന ഇവർ ഗസ്സയിൽ നടക്കുന്ന ഇസ്രായേൽ ആക്രമണത്തിനെതിരെ മുദ്രാവാക്യം മുഴക്കി. ‘ജൂതൻമാർ പറയുന്നു, ഞങ്ങളുടെ പേരിൽ വേണ്ട’, ‘ഗസ്സയിൽ ജീവിക്കാൻ അനുവദിക്കണം’ എന്നീ മുദ്രാവാക്യങ്ങൾ സഭയിൽ മുഴങ്ങിക്കേട്ടു. കൂടാതെ വിവിധ വാചകങ്ങൾ അടങ്ങിയ ബാനറുകളും ഉയർത്തിക്കാണിച്ചു.

ഗസ്സയിൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്നും അമേരിക്ക ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 30,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു എന്ന് എഴുതിയ വലിയ ബാനറും പ്രതിഷേധക്കാർ നിലത്തുവിരിച്ചു.


പ്രതിഷേധം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്നും പ്രതിഷേധക്കാർ സഭയിൽ നിലയുറപ്പിച്ചു. കാപ്പിറ്റോൾ കെട്ടിടത്തിന് പുറത്തും പ്രതിഷേധക്കാർ അണിനിരന്നിരുന്നു.

നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പ​ങ്കെടുത്തുവെന്നും കൂട്ട അറസ്റ്റിന് തയാറായാണ് വന്നതെന്നും ജ്യൂയിഷ് വോയ്സ് ഫോർ പീസ് വക്താവ് ലിവ് കുനിൻസ് ബെർകോവിറ്റ്സ് പറഞ്ഞു. പ്രതിഷേധം മണിക്കൂറുകൾ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇസ്രായേലിന് അമേരിക്ക് വീണ്ടും ആയുധങ്ങൾ നൽകാൻ തീരുമാനമെടുത്തിരുന്നു. സ്റ്റേറ്റ് കോൺഗ്രസിനെ മറികടന്നാണ് തീരുമാനം എടുത്തത്. ഗസ്സക്ക് മേൽ ആക്രമണം തുടരുന്ന ഇസ്രായേലിനെ സഹായിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്.

TAGS :

Next Story