Quantcast

'ഫലസ്തീനികൾ പറയുന്നതു സത്യമാണെന്നു തോന്നുന്നില്ല'; ഗസ്സയിലെ മരണസംഖ്യ വിശ്വസിക്കുന്നില്ലെന്ന് ബൈഡന്‍

ഇസ്രായേലിനോട് യുദ്ധത്തിനു പോയതിന്റെ വിലയാണ് നിരപരാധികളുടെ മരണമെന്നും യു.എസ് പ്രസിഡന്‍റ്

MediaOne Logo

Web Desk

  • Published:

    27 Oct 2023 9:38 AM GMT

US President Joe Biden, Joe Biden has no confidence in Palestinian death count, Israel-Palestine war 2023, Joe Biden, Israel attack on Gaza
X

ജോ ബൈഡന്‍

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മരണസംഖ്യയിൽ വിശ്വസിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഫലസ്തീനികൾ പറയുന്നതു സത്യമാണെന്നു കരുതുന്നില്ല. യുദ്ധത്തിനു തുടക്കമിട്ടതിന്റെ വിലയാണു നിരപരാധികൾ കൊല്ലപ്പെടുന്നതെന്നും ബൈഡൻ പറഞ്ഞു.

വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യു.എസ് പ്രസിഡന്റ്. സാധാരണക്കാരെ കൊല്ലുന്നത് ഒഴിവാക്കണമെന്ന യു.എസ് നിർദേശം ഇസ്രായേൽ അവഗണിക്കുന്നതിന്റെ തെളിവല്ലേ 2,913 കുട്ടികളടങ്ങുന്ന ഗസ്സയിൽനിന്നുള്ള മരണസംഖ്യയെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്നാൽ, ഫലസ്തീനികൾ പറയുന്ന സംഖ്യയിൽ തനിക്കു വിശ്വാസമില്ലെന്നായിരുന്നു ഇതിനോട് ബൈഡന്റെ പ്രതികരണം.

''കൊല്ലപ്പെട്ടവരുടെ മരണസംഖ്യയുമായി ബന്ധപ്പെട്ട് ഫലസ്തീനികൾ പറയുന്നത് സത്യമാണെന്ന് തോന്നുന്നില്ല. നിരപരാധികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത് യുദ്ധത്തിനു പോയതിന്റെ വിലയാണ്. തങ്ങൾക്കെതിരെ യുദ്ധം നടത്തുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇസ്രായേൽ ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. അങ്ങനെയല്ലാതെ പോയാൽ അത് അവരുടെ തന്നെ താൽപര്യത്തിനെതിരാകും. അപ്പോഴും ഫലസ്തീനികൾ പറയുന്ന കണക്കിൽ എനിക്ക് വിശ്വാസമില്ല''-ബൈഡൻ വ്യക്തമാക്കി.

ഗസ്സയിലെ മരണം 6,500 പിന്നിട്ടതായുള്ള ഹമാസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ പ്രതികരണം. എന്നാൽ, മരണസംഖ്യ അവിശ്വസിക്കാൻ കാരണം വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. ബൈഡന്റെ പരാമർശത്തിനെതിരെ വൻ വിമർശനമുയർന്നിട്ടുണ്ട്. പ്രസിഡന്റ് മാപ്പുപറയണമെന്ന് യു.എസിലെ പ്രമുഖ മുസ്‌ലിം സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ്(സി.എ.ഐ.ആർ) ആവശ്യപ്പെട്ടു.

മരണസംഖ്യ മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചതാണ്. ഫലസ്തീൻ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടത്തോടെയുള്ള മൃതദേഹങ്ങൾ കാണിക്കുന്ന എണ്ണമറ്റ വിഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ, ഇതു വിശ്വസിക്കാനാകുന്നില്ലെന്ന ബൈഡന്റെ പ്രസ്താവന അങ്ങേയറ്റം അസ്വസ്ഥജനകമാണെന്നും സി.എ.ഐ.ആർ എക്‌സിക്യൂട്ടീവ് ഡയരക്ടർ നിഹാദ് അവാദ് കൂട്ടിച്ചേർത്തു.

Summary: ''I have no notion that the Palestinians are telling the truth about how many people are killed'': US President Joe Biden

TAGS :

Next Story