Quantcast

അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യൻ പ്രദേശങ്ങൾ 'തിരിച്ചുപിടിക്കും'-വിവാദ പ്രസ്താവനയുമായി നേപ്പാൾ മുൻ പ്രധാനമന്ത്രി

ഈ മാസം 20നാണ് നേപ്പാളിൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-11-05 16:15:42.0

Published:

5 Nov 2022 9:34 PM IST

അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കും-വിവാദ പ്രസ്താവനയുമായി നേപ്പാൾ മുൻ പ്രധാനമന്ത്രി
X

കാഠ്മണ്ഡു: അധികാരത്തിലേക്ക് തിരിച്ചെത്തിയാൽ ഹിമാലയത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ രാജ്യത്തോടൊപ്പം ചേർക്കുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഒലിയുടെ വിവാദ പ്രസ്താവന. ഈ മാസം 20നാണ് നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

''നമ്മുടെ ഭൂമിയുടെ ഒരിഞ്ചുപോലും വിട്ടുകൊടുക്കില്ല. കാലാപനി, ലിപുലേഖ്, ലിംപിയാധുര അടക്കമുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കും.''-ഒലി അവകാശപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറൻ നേപ്പാളിലെ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ ദാർചുലയിൽ പാർട്ടി പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുനൈറ്റഡ് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ചെയർമാൻ കൂടിയായ ശർമ ഒലി.

അതേസമയം, ഈ പ്രദേശങ്ങൾ നയതന്ത്ര നീക്കങ്ങളിലൂടെയും പരസ്പര ചർച്ചകളിലൂടെയും 'തിരിച്ചുപിടിക്കാനുള്ള' ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നേപ്പാൾ കോൺഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ ഷേർ ബഹാദുർ പ്രതികരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കാലപനി, ലിപുലേഖ്, ലിംപിയാധുര തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ നയതന്ത്ര ഇടപെടലുകളിലൂടെ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പടിഞ്ഞാറൻ നേപ്പാളിൽ തന്നെയുള്ള ദാദേൽധുര ജില്ലയിൽ കോൺഗ്രസ് പ്രചാരണത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ഷേർ ബഹാദുർ.

Summary: ''We will bring back land, including Kalapani, Lipulek and Limpiyadhura''; claims Nepal's former prime minister K P Sharma Oli ahead of the November 20 parliamentary election

TAGS :

Next Story