Quantcast

രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാൻ യുദ്ധത്തിന് അന്ത്യം; യുഎസ്-നാറ്റോ സമ്പൂർണ പിന്മാറ്റം പൂർത്തിയായി

രാജ്യത്തിന്റെ സമ്പൂർണ സുരക്ഷാ ചുമതല ഇനി അഫ്ഗാന്റെ ഔദ്യോഗിക സൈന്യത്തിനാകും

MediaOne Logo

Web Desk

  • Updated:

    2021-07-02 12:27:23.0

Published:

2 July 2021 11:53 AM GMT

രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാൻ യുദ്ധത്തിന് അന്ത്യം; യുഎസ്-നാറ്റോ സമ്പൂർണ പിന്മാറ്റം പൂർത്തിയായി
X

രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന അഫ്ഗാനിസ്താനിലെ യുഎസ്-നാറ്റോ സൈനികനടപടികൾക്ക് അന്ത്യമായി. അഫ്ഗാനിലുള്ള അവസാന യുഎസ്, നാറ്റോ സൈനികരും നാട്ടിലേക്ക് തിരിച്ചു. 20 വർഷത്തോളമായി താലിബാനെതിരായ സൈനികനീക്കങ്ങളുടെ കേന്ദ്രമായിരുന്ന ബാഗ്രാം. വ്യോമതാവളം പിന്നിൽ ഉപേക്ഷിച്ചാണ് അമേരിക്ക സൈനിക പിന്മാറ്റം ഔദ്യോഗികമായി തന്നെ പൂർത്തിയാക്കിയത്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ യുദ്ധം

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദീർഘമായ യുദ്ധത്തിനാണ് ഇതോടെ അന്ത്യംകുറിക്കുന്നത്. പതിനായിരക്കണക്കിനു സാധാരണക്കാരുടെ ജീവനെടുക്കുകയും നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിശ്ശേഷം നാമാവശേഷമാക്കുകയും ചെയ്ത യുദ്ധത്തിൽ നിരവധി യുഎസ്, നാറ്റോ സൈനികർക്കും ജീവൻ നഷ്ടമായിരുന്നു. ഡൊണാൾഡ് ട്രംപിന്റെ കാലത്തുതന്നെ ഘട്ടംഘട്ടമായുള്ള സേനാ പിന്മാറ്റം യുഎസ് ആരംഭിച്ചിരുന്നു. അവസാനം 3,500ഓളം യുഎസ് സൈനികരായിരുന്നു ശേഷിച്ചിരുന്നത്. 7,000ത്തോളം യുഎസ് ഇതര നാറ്റോ സൈനികരുമുണ്ടായിരുന്നു. ഇവരെല്ലാം ഇപ്പോൾ സ്വന്തം നാട്ടിലേക്കു തിരിച്ചിരിക്കുന്നത്. അഫ്ഗാൻ ദൗത്യം പൂർണമായതായി കഴിഞ്ഞ ദിവസം നാറ്റോ അംഗരാജ്യങ്ങളായ ജർമനിയും ഇറ്റലിയും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ, രാജ്യത്തിന്റെ സുരക്ഷാചുമതല നാറ്റോ പൂർണമായും അഫ്ഗാൻ സർക്കാരിന് കൈമാറിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ സ്വാധീനമുറപ്പിക്കുന്നതിനിടെയാണ് അമേരിക്കയുടെ സമ്പൂർണ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.

ഈ വർഷം സെപ്റ്റംബർ 11നുമുൻപായി അഫ്ഗാനിൽനിന്നുള്ള സമ്പൂർണ സൈനിക പിന്മാറ്റമുണ്ടാകുമെന്ന് നേരത്തെ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. 3,000ത്തോളം പേരുടെ ജീവനെടുത്ത 2001 സെപ്റ്റംബർ 11 ആക്രമണത്തിന്റെ വാർഷികം മുന്നിൽകണ്ടാണ് ബൈഡൻ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. 2001ൽ അമേരിക്ക അഫ്ഗാനിൽ സൈനിക നടപടികൾ ആരംഭിക്കുമ്പോൾ താലിബാനായിരുന്നു രാജ്യത്തിന്റെ അധികാരം. ഭീകരസംഘടയായ അൽഖാഇദയുടെ കൂടി പിന്തുണയോടെയായിരുന്നു താലിബാൻ ഭരണം. അധികം വൈകാതെത്തന്നെ യുഎസ് നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കുകയും ഹാമിദ് കർസായിയെ രാജ്യത്തിന്റെ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.


തന്ത്രപ്രധാനമായ ബഗ്രാം താവളം

അഫ്ഗാനിസ്താനിലെ തന്ത്രപ്രധാന മേഖലയാണ് അമേരിക്കൻ-നാറ്റോ സൈനികതാവളം നിലനിന്നിരുന്ന ബഗ്രാം. വടക്കൻ കാബൂളിൽനിന്ന് 45 കി.മീറ്റർ അകലെയാണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. സോവിയറ്റ് യൂനിയനാണ് ഇവിടെ സൈനിക താവളം സ്ഥാപിച്ചത്. 1980കളിൽ സോവിയറ്റ് സൈന്യം അഫ്ഗാൻ കീഴടക്കിയതിനു പിറകെയായിരുന്നു ഇത്.

2001 ഡിസംബറിൽ യുഎസ്-നാറ്റോ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയ ശേഷം താവളം വികസിപ്പിച്ചു. ഏകദേശം പതിനായിരത്തോളം സൈനികരെ ഉൾക്കൊള്ളാവുന്ന തരത്തിലുള്ള വികസനപ്രവൃത്തികളാണ് താവളത്തിൽ നടന്നത്. രണ്ട് റൺവേകൾ, യുദ്ധവിമാനങ്ങൾക്കായുള്ള 110 പാർക്കിങ് കേന്ദ്രങ്ങൾ, 50 കിടക്കകളും മൂന്ന് ഓപറേഷൻ തിയറ്ററുകളും ആധുനിക ചികിത്സാസൗകര്യങ്ങളുമുള്ള സൈനിക ആശുപത്രി എന്നിവ നിലവിൽ താവളത്തിലുണ്ട്. രാജ്യത്ത് താലിബാനുമായി പോരാട്ടം രൂക്ഷമായിരുന്ന ഘട്ടത്തിൽ പിടികൂടിയ സൈനികരെ പാർപ്പിച്ചിരുന്ന തടവറകളും ഇതിനകത്തുണ്ട്. അഫ്ഗാന്റെ ഗ്വാണ്ടനാമോ എന്നായിരുന്നു ഈ തടവറ അറിയപ്പെട്ടിരുന്നത്.

അഫ്ഗാൻ യുദ്ധത്തിനിടെ 47,000ത്തിലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 70,000ത്തോളം അഫ്ഗാൻ സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു. 2,442 യുഎസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2.26 ട്രില്യൻ യുഎസ് ഡോളറാണ് അമേരിക്കയ്ക്ക് മൊത്തം യുദ്ധത്തിൽ ചെലവായതെന്നാണ് കണക്കാക്കുന്നത്.


അഫ്ഗാനിൽ ഇനിയെന്ത്?

സമ്പൂർണ പിൻമാറ്റം നടന്നെങ്കിലും 650 യുഎസ് സൈനികർ അഫ്ഗാനിസ്താനിൽ തുടരുന്നുണ്ട്. നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകാനായാണ് ഇവർ രാജ്യത്ത് തുടരുന്നത്. അഫ്ഗാനിലെ പ്രധാന വിദേശ ഗതാഗത മാർഗമായ കാബൂൾ രാജ്യാന്തര വിമാനത്താവളത്തിനും സൈനികർ സുരക്ഷ നൽകും.

വിമാനത്താവള സുരക്ഷയ്ക്കായി പ്രത്യാക്രമണത്തിനു പറ്റിയ റോക്കറ്റുകൾ, പീരങ്കികൾ, ഹെലികോപ്ടറുകൾ എന്നിവയുമുണ്ടാകും. ഇവ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സൈനികരും വിമാനത്താവളത്തിലുണ്ടാകും. അതുപോലെ, കാബൂളിലുള്ള യുഎസ് എംബസിയുടെ സുരക്ഷാ ചുമതലയും അഫ്ഗാനിൽ ശേഷിക്കുന്ന സൈനികരായിരിക്കും നിർവഹിക്കുക.

അതേസമയം, രാജ്യത്തിന്റെ സമ്പൂർണ സുരക്ഷാ ചുമതല അഫ്ഗാന്റെ ഔദ്യോഗിക സൈന്യത്തിനാകും. ബാഗ്രാമിന്റെ. നിയന്ത്രണം നിലനിർത്താൻ കഴിയുന്നതിനനുസരിച്ചാകും താലിബാനെ പ്രതിരോധിക്കുന്നതിൽ അഫ്ഗാൻ സൈന്യത്തിനു വിജയ കാണാനാകുക. കഴിഞ്ഞ ഫെബ്രുവരിയിൽ യുഎസുമായുള്ള കരാറിനെത്തുടർന്ന് താലിബാൻ ആക്രമണങ്ങൾ നിർത്തിവച്ചിട്ടുണ്ട്. എന്നാൽ, വിദേശസൈന്യം സമ്പൂർണമായി പിന്മാറിയതോടെ സംഘം കരാറിൽനിന്നു പിന്മാറി കൂടുതൽ ആക്രമണസ്വഭാവത്തിലേക്കു നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

TAGS :

Next Story