Quantcast

ഗസ്സ വംശഹത്യ: അന്താരാഷ്ട്ര കോടതിയുടെ ഇടക്കാലവിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന്​ യു.എൻ

ഖത്തർ മധ്യസ്ഥതയിൽ ബന്ദിമോചന ചർച്ച ഊർജിതമായി തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-01-27 01:58:17.0

Published:

27 Jan 2024 1:17 AM GMT

Latest updates on the Israels Gaza attack, international court of justice on Israel attack
X

ഗസ്സ സിറ്റി/ ദുബൈ: ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​. ഇടക്കാലവിധി തള്ളുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അതേസമയം, ഖത്തർ മധ്യസ്ഥതയിൽ ബന്ദിമോചന ചർച്ച ഊർജിതമായി തുടരുകയാണ്. യു.എസ് പ്രസിഡന്‍റ് ജോ​ ബൈഡൻ ഖത്തർ അമീറുമായി സംസാരിച്ചു. അതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26,000 കവിഞ്ഞു. ചെങ്കടലിൽ ഇന്നലെ രാത്രിയിലും ബ്രിട്ടീഷ്​ എണ്ണക്കപ്പലിനുനേരെ ഹൂതി ആക്രമണമുണ്ടായി.

ദക്ഷിണാഫ്രിക്ക നൽകിയ കേസിലുണ്ടായ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധിയിൽ സമ്മിശ്ര പ്രതികരണമാണു പുറത്തുവന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന ഇടക്കാല ഉത്തരവ്​ കൂടി വിധിയിൽ പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കൻ നേതൃത്വം പ്രതികരിച്ചു. അതേസമയം വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ രാജ്യങ്ങൾ കക്ഷിചേരാൻ സന്നദ്ധത അറിയിച്ചതായി വ്യക്​തമാക്കിയ ദക്ഷിണാഫ്രിക്ക, ഗസ്സയിലെ കൊടുംക്രൂരത തടയാൻ സമാനമനസ്​കരുമായി ചേർന്ന്​ പോരാട്ടം തുടരുമെന്നും വ്യക്​തമാക്കി.

വംശഹത്യ തടയണമെന്നും ഗസ്സക്ക് ആവശ്യമായ മാനുഷികസഹായം നൽകാൻ ഇസ്രായേൽ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നുമുള്ള കോടതിവിധി നടപ്പാക്കാൻ എല്ലാ കക്ഷികൾക്കും ബാധ്യതയുണ്ടെന്ന്​ യു.എൻ സെക്രട്ടറി ജനറൽ പ്രതികരിച്ചു. സിവിലിയൻ കുരുതി പരമാവധി ഒഴിവാക്കാനും കൂടുതൽ സഹായം ഗസ്സയിൽ ലഭ്യമാക്കാനുമുള്ള അന്താരാഷ്​ട്ര കോടതി വിധിയിൽ എതിർപ്പില്ലെന്ന്​ അമേരിക്ക അറിയിച്ചു. എന്നാൽ, ഗസ്സയിൽ വംശഹത്യ നടക്കുന്നതായ വാദം തികഞ്ഞ അസംബന്ധമാണെന്നും വൈറ്റ്​ ഹൗസ്​ വക്​താവ്​ പ്രതികരിച്ചു.

കോടതി വിധിയെ ഖത്തർ ഉൾപ്പെടെ വിവിധ അറബ്​ രാജ്യങ്ങളും സ്വാഗതം ചെയ്​തു. കോടതിയുടെ ഇടക്കാലവിധി പുറത്തുവന്ന ഇന്നലെയും ഗസ്സയിൽ വ്യാപക ആക്രമണങ്ങളാണ്​ ഇസ്രായേൽ നടത്തിയത്.​ 183 പേരാണ്​ പിന്നിട്ട 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടത്​. 377 പേർക്ക്​ പരിക്കുണ്ട്​. ഗസ്സയിലെ ആകെ മരണസംഖ്യ 26,000 കവിഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 64,400 ആയും ഉയർന്നു.

ബന്ദിമോചനവും വെടിനിർത്തലും സംബന്ധിച്ച് ഹമാസിനും ഇസ്രായേലിനും ഇടയിൽ മധ്യസ്ഥ ചർച്ച ഊർജിതമാണ്. ഇസ്രായേൽ, ഈജിപ്ത്, യു.എസ് എന്നിവയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്മാരും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ചർച്ചക്ക് നേതൃത്വം നൽകുന്നത്. ബൈഡൻ ഖത്തർ അമീറുമായി ഫോണിൽ സംസാരിച്ചതിലും ബന്ദിമോചനമായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

ഇസ്രായേൽ തടവറകളിലുള്ള എല്ലാ ഫലസ്തീനികളെയും മോചിപ്പിക്കുക, യുദ്ധം പൂർണമായും നിർത്തുക, ​സൈന്യത്തെ പിൻവലിക്കുക എന്നീ ഉപാധികളിൽ ഹമാസ്​ ഉറച്ചുനിൽക്കുന്നത്​ ചർച്ചക്ക്​ തിരിച്ചടിയാണെന്ന്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ബന്ദികളുടെ ബന്ധുക്കൾ തുടരുന്ന പ്രക്ഷോഭങ്ങൾ ഒത്തുതീർപ്പിന് വഴങ്ങാൻ നെതന്യാഹു സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്​. ഗസ്സ വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തറിന് അനിഷേധ്യമായ പങ്കുള്ളതായി യു.എസ് സ്റ്റേറ്റ് ഡിപാട്ട്‌മെൻ്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.

ചെങ്കടലിൽ ഒരു ബ്രിട്ടീഷ്​ എണ്ണക്കപ്പലിനുനേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തി. കപ്പലിന്​ തീപിടിച്ചതായി ഹൂതി വക്താവ്​ അറിയിച്ചു.

Summary: Latest updates on the Israel's Gaza attack

TAGS :

Next Story