69 ദിവസം ലീവെടുത്ത ജീവനക്കാരനെ കമ്പനി പുറത്താക്കി; ഒടുവില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം
ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ലിഡ്‍ല്‍ന്‍റെ വെയർഹൗസ് ഓപ്പറേറ്ററായ മിഹാലിസ് ബ്യൂനെങ്കോയെയാണ് ഹാജര്‍ കുറവായതിന്‍റെ പേരില്‍ പിരിച്ചുവിട്ടത്

ലിഡ്‍ല്‍ ഗ്രൂപ്പ്
ഡുബ്ലിന്‍: 69 ദിവസം ലീവെടുത്തതിന് ഐറിഷ് സ്വദേശിയെ കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടു. എന്നാല്‍ ഇതിലൊന്നും തളരാതെ നിയമപോരാട്ടം നടത്തി വന്‍തുക തന്നെ നഷ്ടപരിഹാരമായി വാങ്ങിയെടുത്തതാണ് ഇയാള്‍ക്ക് കയ്യടി നേടിക്കൊടുത്തത്. ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ലിഡ്‍ല്‍ന്‍റെ വെയർഹൗസ് ഓപ്പറേറ്ററായ മിഹാലിസ് ബ്യൂനെങ്കോയെയാണ് ഹാജര്‍ കുറവായതിന്‍റെ പേരില്‍ പിരിച്ചുവിട്ടത്.
2021ലാണ് കമ്പനി ഇയാളെ പുറത്താക്കിയത്. മിഹാലിസ് 69 ലീവുകള്‍ എടുത്തെന്നും പത്ത് തവണ അദ്ദേഹം നേരത്തെ ഇറങ്ങിയെന്നും 13 തവണ മാനേജ്‌മെന്‍റിന്‍റെ അനുമതിയില്ലാതെ നീണ്ട ഇടവേള എടുത്തെന്നും കമ്പനിയെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ പോള്‍ ടുമി കോടതിയെ അറിയിച്ചു. ഇതിന് വ്യക്തമായ വിശദീകരണം നല്‍കാത്തതിനാലാണ് മിഹാലിസ് ബ്യൂനെങ്കോയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും കമ്പനി അറിയിച്ചു.എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ നടപടി അന്യായമാണെന്ന് വര്‍ക്ക്പ്ലേസ് റിലേഷന്‍ കമ്മീഷന്‍ വിധിച്ചു. ഇതേ കാലയളവില്‍ മിഹാലിസ് 10 തവണ നേരത്തെ ജോലി ഉപേക്ഷിച്ചുവെന്നും 13 തവണ ലിഡ്‌ൽ മാനേജ്‌മെന്റിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ദീർഘനേരം അവധിയെടുത്തുവെന്ന ആരോപണവും ഡബ്ല്യുആർസി കേട്ടു.
2021 ജൂണ്‍ 4-ന്, മോശം പെരുമാറ്റം ആരോപിച്ച് ലിഡില്‍ തന്നെ അന്യായമായി പുറത്താക്കിയതായും മിഹാലിസ് ബ്യൂനെങ്കോ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം ആശുപത്രിയില്‍ പല തവണ കഴിയേണ്ടി വന്നതിനാല്‍, 69 ദിവസത്തെ അവധിയെടുക്കാന്‍ ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ ഹാന്‍ഡ്ബുക്കില്‍ ഇത്രയും സിക്ക് ലീവ് എടുക്കുന്നതിന് പിഴയോ മറ്റ് നടപടികളോ പരാമര്‍ശിച്ചിട്ടില്ലെന്നും മിഹാലിസ് ചൂണ്ടിക്കാട്ടി. ഒടുവില്‍, നഷ്ടപരിഹാരമായി മിഹാലിസ് ബ്യൂനെങ്കോയ്ക്ക് 14,000 പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) നല്‍കാന്‍ കോടതി വിധിച്ചു.
Adjust Story Font
16

