Quantcast

പീഡനക്കേസിൽ പിടിയിലായ മലയാളി കൾട്ട് നായകൻ 'കോമ്രേഡ് ബാല' യു.കെ ജയിലിൽ മരിച്ചു

സ്വന്തം മകളെ 30 വർഷം തടവിലാക്കിയ സംഭവത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് 2015 ഡിസംബറിൽ കോടതി കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-09 15:57:11.0

Published:

9 April 2022 3:06 PM GMT

പീഡനക്കേസിൽ പിടിയിലായ മലയാളി കൾട്ട് നായകൻ കോമ്രേഡ് ബാല യു.കെ ജയിലിൽ മരിച്ചു
X

പീഡനക്കേസിൽ പിടിയിലായ മലയാളിയായ രഹസ്യ മാവോയിസ്റ്റ് കൾട്ട് നായകൻ 'കോമ്രേഡ് ബാല' യു.കെ ജയിലിൽ മരിച്ചു. ആറു വർഷം മുമ്പ് 23 വർഷം തടവിന് വിധിക്കപ്പെട്ട് ജയിലിലായ അരവിന്ദ് ബാലകൃഷ്ണനാണ് മരിച്ചത്. 'കോമ്രേഡ് ബാല'യെന്ന് അണികൾക്കിടയിൽ അറിയപ്പെടുന്ന ഇയാൾ കേരളത്തിൽ ജനിക്കുകയും സിംഗപ്പൂരിലും മലേഷ്യയിലുമായി വളരുകയും ചെയ്തയാളാണ്. 1963ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇകണോമിക്‌സിൽ പഠിക്കാനായാണ് ഇയാൾ ലണ്ടനിലെത്തിയത്.

അതിക്രമം, ബലത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ 2016 ൽ ജയിലിലടച്ചിരുന്നത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ എച്ച്എംപി ഡാർട്ട്മൂർ ജയിലിൽ കഴിയവേയാണ് ക്രൂരമായ അതിക്രമം ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഈ 81 കാരൻ മരിച്ചതെന്ന് യു.കെ പ്രിസൺ സർവീസ് അറിയിച്ചു. സ്വന്തം മകളെ 30 വർഷം തടവിലാക്കിയ സംഭവത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് 2015 ഡിസംബറിൽ കോടതി കണ്ടെത്തിയിരുന്നു. അച്ഛന്റെ പീഡനം വളരെ ക്രൂരമായിരുന്നുവെന്ന് മകൾ കോടതിയിൽ തുറന്നു പറഞ്ഞിരുന്നു. ഇയാൾ മകളെ മനുഷ്യനായല്ല, പ്രോജക്ട് ആയാണ് കണ്ടതെന്നും അവർക്ക് സുരക്ഷയൊരുക്കാനെന്ന പേരിൽ ക്രൂര സാഹചര്യമൊരുക്കിയെന്നും അന്ന് കോടതി വിലയിരുത്തിയിരുന്നു.

ബാല, മകളടക്കമുള്ള കൾട്ടിലെ അനുയായികൾക്കൊപ്പം

യു.കെയിലെത്തിയ ബാല, പങ്കാളി ചാന്ദയെ കണ്ടെത്തുകയും 1963ൽ തന്റെ പ്രസ്ഥാനം തുടങ്ങിയപ്പോൾ വിവാഹം ചെയ്യുകയുമായിരുന്നു. ഇരുവരും താമസിച്ചിരുന്ന സൗത്ത് ലണ്ടൻ ബ്രിക്‌സ്റ്റണിലെ ഫ്‌ളാറ്റിൽ 2013 ൽ സ്‌കോട്ട്‌ലാൻഡ് യാർഡിൽ റെയ്ഡ് നടത്തിയിരുന്നു. രണ്ടു അനുയായികൾ സഹായം ആവശ്യപ്പെട്ട് പാം കോവ് സൊസൈറ്റി ചാരിറ്റിയെ ബന്ധപ്പെട്ടതിനെ തുടർന്നായിരുന്നു റെയ്ഡ്. തന്നോട് ലൈംഗികമായി ഇടപെടുന്ന സ്ത്രീകൾ തമ്മിലുള്ള അസൂയയാണ് തനിക്കെതിരെ ബലാത്സംഗക്കുറ്റം ഉയരാനിടയാക്കിയതെന്ന് ബാല അവകാശപ്പെട്ടിരുന്നു.

നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾക്കെതിരെയുള്ള കുറ്റം സ്‌കോട്ട്‌ലാൻഡ് യാർഡ് തെളിയിച്ചിരുന്നത്. നിരവധി പേർക്ക് മേൽ ഇയാൾക്ക് നിയന്ത്രണമുണ്ടായിരുന്നതായും അണികൾ അവർക്ക് മേൽ ഇയാൾ പുലർത്തിയ ആധിപത്യവും ഭീഷണിയുമൊക്കെ തുറന്നു പറഞ്ഞതായും ഡിറ്റക്ടീവ് തലവൻ ടോം മാൻസൺ പറഞ്ഞിരുന്നു. ബാലയുടെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾ നിരവധി ഭീഷണികൾ നേരിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

Malayalee 'Comrade Bala' arrested in torture case dies in UK jail

TAGS :

Next Story