Quantcast

90-ാം വയസിലും ജിമ്മില്‍ പോകുന്നത് മുടക്കാറില്ല; ഇത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡര്‍

ജിം ആറിംഗ്ടൺ എന്ന ഈ 90കാരന്‍ പതിറ്റാണ്ടുകളോളമായി തന്‍റെ ശരീരം ഒരു ശില്‍പം പോലെ പരിപാലിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    22 July 2023 11:43 AM IST

Jim Arrington
X

ജിം ആറിംങ്ടണ്‍

വാഷിംഗ്ടണ്‍: മുപ്പത് കഴിയുമ്പോഴെ തളര്‍ച്ചയാണ് ,ക്ഷീണമാണ് എന്നു പറഞ്ഞു ആരോഗ്യത്തില്‍ ശ്രദ്ധിക്കാതെ നടക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മുന്നില്‍ മാതൃകയാവുകയാണ് ഒരു 90 കാരന്‍. അമേരിക്കക്കാരനായ ഈ അപ്പൂപ്പന്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡറാണ്.

ജിം ആറിംഗ്ടൺ എന്ന ഈ 90കാരന്‍ പതിറ്റാണ്ടുകളോളമായി തന്‍റെ ശരീരം ഒരു ശില്‍പം പോലെ പരിപാലിക്കുകയാണ്. ഈ പ്രായത്തിലും ജിമ്മില്‍ പോകുന്നത് മുടക്കാറില്ല ജിം. 2015ല്‍ 83-ാം വയസിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബിൽഡറായി ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചത്. നെവാഡയിലെ റെനോയിൽ നടന്ന ഐഎഫ്ബിബി പ്രൊഫഷണൽ ലീഗ് ഇവന്‍റില്‍ അദ്ദേഹം മത്സരിച്ചിരുന്നു. 70 വയസിനു മുകളിലുള്ള പുരുഷന്‍മാരുടെ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒന്നാമതുമെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവുമൊടുവില്‍ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുത്തത്. 90 വയസായിട്ടും മത്സരങ്ങളില്‍ നിന്നും വിരമിക്കാന്‍ ജിം തീരുമാനിച്ചിട്ടില്ല.

ജിമ്മിന്‍റെ ആരോഗ്യരഹസ്യങ്ങളെക്കുറിച്ച് ഗിന്നസ് പങ്കുവച്ച വീഡിയോയില്‍ തന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് ബോഡി ബില്‍ഡിംഗിന് പ്രചോദനമായ കാര്യത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്. മാസം തികയാതെയാണ് ജിമ്മിന്‍റെ അമ്മ അദ്ദേഹത്തെ പ്രസവിക്കുന്നത്. ജനിക്കുമ്പോള്‍ 2.5 കിലോയായിരുന്നു ഭാരം. വളരെ ബുദ്ധിമുട്ടിയാണ് ജിമ്മിന്‍റെ മാതാപിതാക്കള്‍ അദ്ദേഹത്തെ രക്ഷിച്ചത്. ആരോഗ്യം കുറവായതിനാല്‍ കുട്ടിക്കാലത്ത് ആസ്തമയും ബാധിച്ചിരുന്നു. 1947ല്‍ 15 വയസുള്ളപ്പോള്‍ ശരീരഭാരം കൂട്ടാന്‍ ജിം സ്വയം തീരുമാനിക്കുകയായിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും, ഭാരോദ്വഹനമാണ് ജിമ്മിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശം. ആഴ്ചയിൽ മൂന്ന് തവണ ജിമ്മിൽ എത്തുന്നു. ഓരോ സെഷനും രണ്ട് മണിക്കൂർ നീണ്ടുനിൽക്കും.പ്രായം കണക്കിലെടുത്ത് ഇപ്പോള്‍ ഭക്ഷണക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട് ജിം. പാലും ഗോമാംസം പോലുള്ളവ ഒഴിവാക്കി ഒലിവ് ഓയിൽ, കൂൺ, മറ്റ് ആരോഗ്യകരമായ ഉൽപന്നങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി.



TAGS :

Next Story