ഭാര്യയെയും മകളെയും കൊന്ന് രാകേഷ് സ്വയം വെടിവച്ചു; യുഎസിലെ ഇന്ത്യൻ ടെക് ദമ്പതികളുടെ മരണത്തിൽ ഓട്ടോപ്‌സി റിപ്പോർട്ട്
രാകേഷിനും ഭാര്യ ടീനയ്ക്കും കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

ന്യൂയോർക്ക്: യുഎസിലെ മസാച്യുസറ്റ്‌സിൽ ഇന്ത്യൻ കുടുംബത്തിന്റെ ദുരൂഹ മരണത്തിൽ ഓട്ടോപ്‌സി റിപ്പോർട്ട് പുറത്ത്. ഇന്ത്യൻ വംശജനായ രാകേഷ് കമൽ (57) ഭാര്യ ടീന(54)യെയും മകൾ അരിയാന(18)യെയും വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മസാച്യുസറ്റ്‌സിലെ ഡോവറിൽ അഞ്ച് ദശലക്ഷം യുഎസ് ഡോളർ വില വരുന്ന ആഡംബര ബംഗ്ലാവിൽ ഡിസംബർ 28നാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാകേഷ് കമലിന്റെ സമീപത്ത് നിന്ന് തോക്ക് കണ്ടെടുത്തിരുന്നു.
വെടിയേറ്റാണ് ടീനയും അരിയാനയും കൊല്ലപ്പെട്ടതെന്ന് നോർഫോൾക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി മിഖായേൽ മോറിസേ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സ്വയം വെടിവച്ചുണ്ടായ മുറിവാണ് രാകേഷിന്‍റെ മരണകാരണമെന്ന് ചീഫ് മെഡിക്കൽ എക്‌സാമിനർ ഓഫീസ് ഇഷ്യൂ ചെയ്ത റിപ്പോർട്ടിലുണ്ട്. തോക്കിന്റെ ഫോറൻസിക്-ബാലിസ്റ്റിക് പരിശോധനകൾക്ക് ശേഷം അടുത്തയാഴ്ച സമ്പൂർണ റിപ്പോർട്ട് പുറത്തുവരും.
രാകേഷിന് തോക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് മസാച്യുസറ്റ്‌സ് സ്‌റ്റേറ്റ് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി പൊലീസ് വിവിധ ബ്യൂറോകളുടെ സഹായം തേടി. കൃത്യത്തിന് പിന്നിൽ പുറത്തുനിന്നുള്ള ഇടപെടൽ ഇല്ലെന്നും പൊലീസ് പറയുന്നു.
രാകേഷ് വലിയ സാമ്പത്തിക സമ്മർദം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. എന്നാല്‍ 19000 ചതുരശ്ര അടി വിസ്തൃതിയുള്ള, 11 കിടപ്പുമുറികളും 14 ബാത്ത് റൂമുകളുമുള്ള ബംഗ്ലാവിലായിരുന്നു കുടുംബത്തിന്റെ താമസം. സംഭവം നടക്കുന്ന സമയത്ത് ഇവർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.
എജ്യുനോവ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സംരംഭം ടീനയും ഭർത്താവും നേരത്തെ നടത്തിയിരുന്നു. 2016ൽ തുടങ്ങിയ സംരംഭം 2021 ഡിസംബറിൽ നിലച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ 2022ൽ ടീന പാപ്പർ ഹർജി ഫയൽ ചെയ്തിരുന്നു. ഹാവാർഡിലെ പൂർവ വിദ്യാർത്ഥിനിയായ ഇവർ ടെക് നിക്ഷേപ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. മിഡിൽബറി കോളജിൽ ന്യൂറോസയൻസ് ബിരുദധാരിയാണ് മകള്‍ അരിയാന. ശൈത്യകാല അവധിക്കായി ഈയിടെയാണ് ഇവർ വെർമൗണ്ടിലെ കോളജിൽനിന്ന് വീട്ടിലെത്തിയത്. മകളുടെ സ്‌കൂളിലെ പാരന്റ്‌സ് അസോസിയേഷൻ മേധാവിയായിരുന്നു ടീന.
കുടുംബത്തെ കുറിച്ച് ബന്ധമില്ലാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി അലങ്കരിച്ച നിലയിലായിരുന്നു ഇവരുടെ വീട്. ബംഗ്ലാവ് ഇപ്പോള്‍ പൊലീസ് സുരക്ഷയിലാണ്.
Adjust Story Font
16

