Quantcast

ലാമ അഹമ്മദ് അബു ജമൂസ്,വയസ് 9; ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ ശബ്ദമായി മാറിയ കൊച്ചു ജേര്‍ണലിസ്റ്റ്

ഫലസ്തീനിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തക കൂടിയാണ് ലാമ

MediaOne Logo

Web Desk

  • Updated:

    2024-01-06 04:43:57.0

Published:

6 Jan 2024 8:28 AM IST

Lama Ahmed Abu Jamous
X

ലാമ അഹമ്മദ് അബു ജമൂസ്

തെല്‍ അവിവ്: യുദ്ധം എപ്പോഴും ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിക്കുന്നത് കുട്ടികളെയാണ്... ഒന്നുമറിയാത്ത പ്രായത്തില്‍ അവരുടെ ബാല്യം തന്നെയാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്.യുദ്ധത്തില്‍ കൊല്ലപ്പെട്ട ഗസ്സയിലെ കുഞ്ഞുമാലാഖമാരെക്കുറിച്ചുള്ള നെഞ്ചുലക്കുന്ന നിരവധി കഥകള്‍ ഇതിനോടകം കാണുകയും കേള്‍ക്കുകയും ചെയ്തു. ലോകം ഗസ്സയിലെ കുഞ്ഞുങ്ങളെയോര്‍ത്ത് വേദനിക്കുമ്പോള്‍ ഒരു പ്രസ്സ് വെസ്റ്റും ഹെൽമറ്റും ധരിച്ച് കുട്ടികളുടെ ശബ്ദമായി മാറുകയാണ് ഫലസ്തീന്‍കാരിയായ ലാമ അഹമ്മദ് അബു ജമൂസ് എന്ന ഒന്‍പതുവയസുകാരി. ഫലസ്തീനിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തക കൂടിയാണ് ലാമ.


ഒക്ടോബര്‍ 7ന് ശേഷം തുടരുന്ന യുദ്ധത്തില്‍ ഉ മാധ്യമപ്രവർത്തകരായി ഉയർന്നുവന്ന നിരവധി ധീരഹൃദയരുടെ ഇടയിൽ തലയുയർത്തി നിൽക്കുകയാണ് ഗസ്സയില്‍ നിന്നുള്ള ഈ കൊച്ചുമിടുക്കി. ഇൻസ്റ്റഗ്രാമിൽ 600,000 ത്തിലധികം ഫോളോവേഴ്‌സുള്ള ലാമ യുദ്ധമുഖത്തെ കുഞ്ഞുങ്ങളുടെ ആവലാതികള്‍ പറഞ്ഞ് ഫലസ്തീന്‍ കുട്ടികളുടെ മുഖമായി മാറിയിരിക്കുകയാണ്. "ഫലസ്തീന്‍റെ മക്കളുടെ ശബ്ദം ലോകം കേൾക്കണം, പീഡിപ്പിക്കപ്പെട്ട, പട്ടിണികിടക്കുന്ന, നിർജ്ജലീകരണം ബാധിച്ച നാടുകടത്തപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ച് ലോകമറിയണം. എല്ലാ പീഡനങ്ങളിലൂടെയും അവര്‍ കടന്നുപോയിട്ടുണ്ടെങ്കിലും അവരുടെ ആത്മാവ് നഷ്ടപ്പെട്ടിട്ടില്ല'' ന്യൂസ് ലൈവ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത അഭിമുഖത്തില്‍ ലാമ പറയുന്നു.

അറബിയിലാണ് ലാമയുടെ റിപ്പോര്‍ട്ടിംഗ്. ആദ്യനാളുകളില്‍ കുടുംബത്തിന്‍റെ പിന്തുണയോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് സജീവമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കിടയിൽ സ്വന്തം വീട്ടിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതയായ ലാമയും കുടുംബവും ആദ്യം ഖാൻ യൂനിസിൽ അഭയം കണ്ടെത്തി, പിന്നീട് റഫയിലേക്ക് പലായനം ചെയ്തു. തന്‍റെ ദൗത്യത്തെക്കുറിച്ച് ആത്മവിശ്വാസവും ആവേശവുമുള്ള ലാമ ലോകമറിയേണ്ട കഥകള്‍ തേടി അലഞ്ഞുനടക്കുന്ന കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരക്കണക്കിന് ഹൃദയങ്ങളെയാണ് കീഴടക്കിയത്.

ഗസ്സയിലെ മഴ, ഖാന്‍ യൂനിസിലെ വ്യോമാക്രമണം, അല്ലെങ്കില്‍ ഡോക്ടര്‍മാരോ പത്രപ്രവര്‍ത്തകരുമായിട്ടുള്ള അഭിമുഖം...തുടങ്ങി വ്യത്യസ്തമായ വിഷയങ്ങളാണ് ലാമ ലോകത്തിനു മുന്നിലേക്ക് എത്തിക്കുന്നത്. കാര്യപ്രസക്തമായ ചോദ്യങ്ങള്‍ വളരെ ഗൗരവത്തോടെ ചോദിക്കുന്ന ലാമക്ക് മുന്നില്‍ അതേ ഗൗരവത്തോടെ തന്നെയാണ് ഡോക്ടര്‍മാരടക്കമുള്ളവര്‍ മറുപടി നല്‍കുന്നത്. “ഞങ്ങൾക്കെതിരായ ഈ യുദ്ധം നിർത്തുക. അത് അവസാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മറ്റു കുട്ടികളെപ്പോലെ ഞങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണം, സ്വാതന്ത്ര്യം വേണം. ഒരു കുട്ടിയെന്ന നിലയില്‍ എന്‍റെ ശബ്ദം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു'' ലാമ ലോകത്തോടു പറയുന്നു.

നിരവധി പേരാണ് കൊച്ചു മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിച്ചുകൊണ്ട് ലാമയുടെ വീഡിയോക്ക് താഴെ കമന്‍റ് ചെയ്യുന്നത്. ''എന്‍റെ പ്രിയപ്പെട്ട റിപ്പോര്‍ട്ടര്‍, ലവ് യു സ്വീറ്റ് ലാമ..അല്ലാഹു നിന്നെ എന്നും കാത്തുരക്ഷിക്കട്ടെ'' ഒരാള്‍ കുറിച്ചു. ''നിങ്ങള്‍ ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു പത്രപ്രവര്‍ത്തകയാണ്. നിങ്ങൾ തിളങ്ങുന്നത് കാണാൻ ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല'' മറ്റൊരാള്‍ കുറിച്ചു. യുദ്ധമുഖത്ത് നിന്നും ഒരു ഒന്‍പതു വയസുകാരി മാധ്യമപ്രവര്‍ത്തകയായതില്‍ ചിലര്‍ അത്ഭുതം പ്രകടിപ്പിച്ചു. ''ലോകം നിങ്ങളിൽ നിന്ന് നിങ്ങളുടെ കുട്ടിക്കാലം മോഷ്ടിച്ചിരിക്കുന്നു, ഞാൻ ഖേദിക്കുന്നു'' മറ്റൊരാള്‍ കമന്‍റ് ചെയ്തത് ഇങ്ങനെയായിരുന്നു.

മൂന്ന് മാസത്തിനിടെ 22,438 പേരാണ് ഫലസ്തീനില്‍ കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരിൽ ഭൂരിഭാഗവും രണ്ടും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിലെ ജനസംഖ്യയുടെ 90 ശതമാനവും "നിർബന്ധിതമായി കുടിയിറക്കപ്പെട്ടു"വെന്ന് യുഎൻആർഡബ്ല്യുഎ വ്യക്തമാക്കുന്നു. സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള ഉയർന്ന അപകടസാധ്യതയുണ്ട്. കൂടാതെ മെനിഞ്ചൈറ്റിസ്, ചിക്കൻപോക്‌സ്, മറ്റ് രോഗങ്ങൾ എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയും വയറിളക്കവും ബാധിക്കുന്ന അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും യുഎൻആർഡബ്ല്യുഎ പറയുന്നു.

TAGS :

Next Story