കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ ജനന തിയതി; ഗിന്നസ് റെക്കോഡുമായി പാക് കുടുംബം
പാകിസ്താനിലെ ലാർക്കാനയിൽ നിന്നുള്ള മാംഗി കുടുംബത്തിലാണ് ഈ കൗതുകം

ആമിര്‍ അലിയുടെ കുടുംബം
കറാച്ചി: കുടുംബത്തിലെ ഒന്നോ രണ്ടോ പേര്‍ക്ക് ഒരേ ജനന തിയതി ഉണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരു ജനന തിയതി ആയാലോ? ശരിക്കും അത്ഭുതമാണല്ലേ. പാകിസ്താനിലെ ലാർക്കാനയിൽ നിന്നുള്ള മാംഗി കുടുംബത്തിലാണ് ഈ കൗതുകം. ഒരേ ജനന തിയതിയുമായി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ആമിര്‍ അലിയുടെ കുടുംബം.
ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ കഥ പങ്കുവെച്ചിരിക്കുന്നത്. ആമിർ അലി, ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. 7 കുട്ടികളിൽ നാല് പേർ ഇരട്ടകൾ. എല്ലാവരുടെയും പ്രായം 19 നും 30 നും ഇടയിലാണ്. യാദൃശ്ചികമെന്ന് പറയട്ടെ, എല്ലാവരുടെയും ജന്മദിനം ആഗസ്ത് 1 നും. തീർന്നില്ല, അമീറിന്റെയും ഖുദേജയുടെയും വിവാഹവാർഷികവും ആഗസ്ത് 1 നാണ് എന്നത് മറ്റൊരു അത്ഭുതം. 1991 ആഗസ്ത് ഒന്നിനാണ് അലിയും ഖുദേജയും വിവാഹിതരാകുന്നത്.
രണ്ട് അപൂർവ നേട്ടങ്ങളാണ് ഈ കുടുംബത്തെ തേടിയെത്തിയത്. ഒമ്പത് കുടുംബാംഗങ്ങൾ ഒരേ തീയതിയിൽ ജനിച്ചു എന്ന ലോക റെക്കോഡും ഒപ്പം ഒരേ തീയതിയിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോഡും. നേരത്തെ യുഎസ്എയിൽ നിന്നുള്ള കമ്മിൻസ് കുടുംബത്തിൻറെ പേരിലായിരുന്നു ‘ഏറ്റവും കൂടുതൽ സഹോദരങ്ങൾ ഒരേ തീയതിയിൽ ജനിച്ചു’ എന്ന റെക്കോഡ് ഉണ്ടായിരുന്നത്.1952 നും 1966 നും ഇടയിൽ ഫെബ്രുവരി 20 ന് ജനിച്ച കമ്മിൻസ് കുടുംബത്തിലെ (യുഎസ്എ) അഞ്ച് കുട്ടികളാണ് ഈ റെക്കോഡ് മുമ്പ് നേടിയത്.
1992 ആഗസ്ത് 1ന് ആദ്യത്തെ കുട്ടിയായ സിന്ധു ജനിച്ചപ്പോള്‍ താനും ഭാര്യയും സന്തോഷത്തിലായിരുന്നുവെന്ന് ആമിര്‍ പറയുന്നു. തുടർച്ചയായി ഓരോ ജനനവും ഒരേ തീയതിയിൽ സംഭവിച്ചപ്പോൾ താനും ഖുദേജയും ഒരുപോലെ ആശ്ചര്യപ്പെട്ടുവെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്‍റെ സമ്മാനമായിട്ടാണ് ദമ്പതികള്‍ ഇതിനെ കണ്ടത്. എല്ലാ കുട്ടികളും മാസം തികഞ്ഞ് സാധാരണ പ്രസവത്തിലൂടെയാണ് ജനിച്ചത്. ഇരട്ട പെൺകുട്ടികളായ സാസുയിയും സപ്നയും ജനിച്ച് അഞ്ച് വർഷത്തിന് ശേഷം 2003-ൽ അവരുടെ ഇരട്ട ആൺകുട്ടികളായ അമ്മാറും അഹ്മറും ജനിച്ചു.
Adjust Story Font
16

