വാടക കൊടുത്തു മടുത്തപ്പോള്‍ കാടുകയറി; ഗുഹയില്‍ താമസിച്ചത് 14 വർഷം!
താമസം മാത്രമല്ല, ആധുനികമായ എല്ലാ ശീലങ്ങളും ഉപേക്ഷിച്ച് പ്രാകൃതനെപ്പോലെ ഇയാൾ ജീവിതം നയിച്ചു

യു.എസ്: സ്വന്തമായി വീട് ഇല്ലെങ്കിലോ ജന്മനാട്ടിൽ നിന്ന് മാറി താമസിക്കുകയാണെങ്കിലോ വാടക വീട് തന്നെയാണ് എല്ലാവർക്കും ആശ്രയം. വിദ്യാർഥികളാവട്ടെ ജോലിയുള്ളവരാകട്ടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പ്രതിമാസ വാടക. എന്നാൽ ജീവിത ചെലവുകൾ ഉയരുന്നതിനോടൊപ്പം തന്നെ വാടക നിരക്കും കുത്തനെ കുതിച്ചുയരുകയാണ്.പല നഗരങ്ങളിലും വൻ വാടകയാണ് ഈടാക്കുന്നത്. ജോലി ചെയ്യുന്ന ശമ്പളത്തിന്റെ പകുതി വാടക കൊടുക്കാൻ മാത്രമേ പലർക്കും തികയാറുള്ളത്. മറ്റുവഴികളില്ലാത്തതിനാൽ വാടക കൊടുത്ത് ജീവിക്കേണ്ട അവസ്ഥയിലാണ് നല്ലൊരു ശതമാനം പേരും.വാടക താങ്ങാനാവാതെ വരുമ്പോൾ മിക്കവരും ചെലവ് കുറഞ്ഞ സ്ഥലത്തേക്കോ ഹോസ്റ്റലിലേക്കോ മാറും.
എന്നാൽ ഇതുപോലെ വാടക കൊടുത്ത് മടുത്ത ഒരാൾ അതിനൊരു പരിഹാരം കണ്ടെത്തി. മറ്റൊന്നുമല്ല, താമസം ഗുഹയിലേക്ക് മാറ്റി. ഒന്നുംരണ്ടും ദിവസമല്ല,14 വർഷമാണ് ഇയാൾ ഗുഹയിൽ താമസിച്ചത്. അമേരിക്കക്കാരനായ ഡാനിയൽ ഷെല്ലബാർഗർ എന്നയാളാണ് വാടക കൊടുക്കാതെ ജീവിക്കാൻ ഈ മാർഗം കണ്ടെത്തിയത്. യൂട്ടയ്ക്കടുത്തുള്ള മോവാബിലാണ് ഇയാൾ ഗുഹയിൽ താമസം തുടങ്ങിയത്.
താമസം മാത്രമല്ല, ആധുനികമായ എല്ലാ ശീലങ്ങളും ഉപേക്ഷിച്ച് പ്രാകൃതനെപ്പോലെ ഇയാൾ ജീവിതം നയിച്ചു. പ്രകൃതിയിൽ നിന്ന് ലഭിച്ച സസ്യങ്ങളും ഫലങ്ങളും മറ്റും ശേഖരിച്ചാണ് അദ്ദേഹം ഗുഹയിൽ ജീവിച്ചത്. 90-കളുടെ പകുതി മുതൽ താൻ ഗുഹകളിലാണ് താമസിക്കുന്നതെന്ന് ഡാനിയൽ പറഞ്ഞു. 2009-ലാണ് തന്റെ എല്ലാ സ്വത്തുക്കളും ഉപേക്ഷിച്ചപ്പോഴാണ് ഗുഹയിലേക്ക് സ്ഥിരമായി മാറാനുള്ള തീരുമാനമെടുത്തത്. എന്നാൽ 2016-ൽ, പ്രായമായ മാതാപിതാക്കളെ നോക്കേണ്ടി വന്നതോടെ അദ്ദേഹത്തിന് ഗുഹാജീവിതം ഉപേക്ഷിച്ച് വീണ്ടും നാഗരികതയിലേക്ക് മടങ്ങിവരേണ്ടി വന്നു.
'ഒൺലി ഹ്യൂമൻ' എന്ന യൂട്യൂബ് ചാനലിലാണ് അദ്ദേഹം തന്റെ ജീവിതം തുറന്നു പറഞ്ഞത്. മാന്യമായ ഒരു ജോലി തനിക്കുണ്ടായിരുന്നു. എന്നാല്‍ വാടകക്കായി ഇനി പണം നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പണം മുഴുവൻ കൈയിൽ നിന്ന് ഒഴിവാക്കിയ നിമിഷത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നുണ്ട്. 'കൈയിലുള്ള മുഴുവൻ പണവുമെടുത്ത് പെൻസിൽവാനിയയിലെ ഒരു ഫോൺ ബൂത്തിൽ കൊണ്ടുവെച്ചു. അവിടെ നിന്ന് ഇറങ്ങിയപ്പോൾ തലയിൽ ഇളം ചൂടുള്ള വെള്ളം ഒഴിക്കുന്ന പോലുള്ള അനുഭൂതിയായിരുന്നു. വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവിക്കുന്ന പോലെ തോന്നിയെന്നും അദ്ദേഹം പറയുന്നു. ആധുനിക കാലത്തെ ജീവിതം തന്നെ വല്ലാത്ത വിഷാദാവസ്ഥയിലേക്ക് നയിച്ചിരുന്നെന്നും ഡാനിയൽ പറയുന്നു.
Adjust Story Font
16

