Quantcast

മുഹമ്മദ് ദൈഫ്; ഫലസ്തീന്റെ ഷാഡോ കമാൻഡർ

ഹമാസ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്നത് സായുധവിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫ് ആണ്.

MediaOne Logo

Web Desk

  • Published:

    10 Oct 2023 11:02 AM GMT

Muhammed Deif; Palastine Shadow commander
X

ശനിയാഴ്ച പുലർച്ചെ ഇസ്രായേലിന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളെയും മറികടന്ന് ഹമാസിന്റെ റോക്കറ്റുകൾ തീ തുപ്പിയതിന് പിന്നാലെ ഒരു വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. മസ്ജിദുൽ അഖ്‌സയിലെ അതിക്രമങ്ങൾക്കും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ മറികടന്നുള്ള അധിനിവേശത്തിനുമുള്ള മറുപടിയാണ് ആക്രമണമെന്നായിരുന്നു അതിൽ പറഞ്ഞത്. അമേരിക്കയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന എല്ലാ അതിക്രമത്തിനും കണക്ക് പറയേണ്ടിവരുമെന്ന മുന്നറിയിപ്പും അതിലുണ്ടായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ മേധാവിയായ മുഹമ്മദ് ദൈഫായിരുന്നു ആ മുന്നറിയിപ്പുകാരൻ.

ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിലുള്ള ഹമാസിന്റെ രഹസ്യകമാൻഡറാണ് മുഹമ്മദ് ദൈഫ്. ഒമ്പത് വർഷത്തോളമായി അദ്ദേഹം ജനങ്ങൾക്കിടയിൽ നിന്ന് അപ്രത്യക്ഷനായിട്ട്. ഇക്കാലയളവിനിടെ അദ്ദേഹത്തിന്റെതായി പുറത്തുവന്ന ആദ്യ സന്ദേശം 2021 മെയ് ആദ്യവാരത്തിലായിരുന്നു. ജറാഹ് മേഖലയിൽനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്നായിരുന്നു അന്ന് ദൈഫിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ അക്രമം മുൻകൂട്ടി കണ്ട് തിരിച്ചടിക്കാൻ ഹമാസ് ഒരുങ്ങിയിരുന്നുവെന്ന് തെളിയിക്കുന്നതായിന്നു ദൈഫിന്റെ സന്ദേശം. അഖ്സ മസ്ജിദിൽ ഇസ്രായേൽ അതിക്രമം നടത്തിയപ്പോൾ ഹമാസ് ഉടൻ നടത്തിയ തിരിച്ചടികൾ പിന്നീട് ലോകം കണ്ടു.

2021ൽ 11 ദിവസത്തെ അതിക്രമത്തിനിടെ രണ്ട് തവണ ദൈഫിനെ വധിക്കാൻ ശ്രമിച്ചിരുന്നതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ പരാജയപ്പെടുകയായിരുന്നു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ തന്നെ ദൈഫിനെ വധിക്കാൻ ഇസ്രായേൽ നീക്കമാരംഭിച്ചിരുന്നു. 2002ൽ ഇസ്രായേൽ അക്രമത്തിൽ അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. 2006ൽ ഹമാസ് നേതാക്കൻമാർ ഒരുമിച്ചു കൂടിയ കെട്ടിടത്തിന് നേരെ നടന്ന അക്രമത്തിൽ ദൈഫിന് ഗുരുതരമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. 2014ൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ദൈഫിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടു. പക്ഷേ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. നിരന്തരമായി വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിനാൽ ഫലസ്തീനികൾ അദ്ദേഹത്തിന് ഒരു ഓമനപ്പേരിട്ടു 'ഒമ്പത് ജീവനുകളുള്ള പൂച്ച'.

1965ൽ ഗസ്സയിലെ ഖാൻ യൂനുസിലാണ് ദൈഫ് ജനിച്ചത്. യഥാർത്ഥ പേര് മുഹമ്മദ് ദയ്ബ് ഇബ്രാഹീം അൽ മസ്രി. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ആദ്യകാലത്ത് ദൈഫ് മുസ്ലിം ബ്രദർഹുഡ് പ്രവർത്തകനായിരുന്നു. 1987ൽ ഹമാസ് രൂപീകരിക്കപ്പെടുകയും ആദ്യ ഇൻതിഫാദ ആരംഭിക്കുകയും ചെയ്തതോടെ ദൈഫ് ഹമാസിൽ ചേർന്നു. തന്ത്രപരമായ നിരവധി ആക്രമണങ്ങൾ ആസൂത്രമണം ചെയ്ത് നടപ്പാക്കിയതോടെ ഹമാസിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉയർന്നു. 2002ൽ രണ്ടാം ഇൻതിഫാദയുടെ മൂർധന്യാവസ്ഥയിൽ അൽ ഖസ്സാം മേധാവിയായിരുന്നു സലാഹ് ഷഹാദെ കൊല്ലപ്പെട്ടതിനെ തുടർന്ന് ദൈഫ് പുതിയ മേധാവിയായി.

ദൈഫ് മേധാവിയായി എത്തുമ്പോൾ അൽ ഖസ്സാം ബ്രിഗേഡ് അത്രശക്തമായ ഒരു സേനാവിഭാഗമായിരുന്നില്ല. ബ്രിഗേഡിനെ ശക്തിപ്പെടുത്തിയ ദൈഫ് ഇസ്രായേലിനെതിരെ ശക്തമായി തിരിച്ചടിച്ചു. തങ്ങളുടെ നിരവധി പൗരൻമാരുടെ മരണത്തിന് പിന്നിൽ ദൈഫ് ആണെന്ന് ഇസ്രായേൽ ആരോപിക്കുന്നു. 2015ൽ യു.എസ് ദൈഫിനെ തീവ്രവാദിയായി പ്രഖ്യാപിച്ചു. 2014ലെ സംഘർഷക്കാലത്ത് ദൈഫ് ഇസ്രായേലിൽ ചാവേർ ആക്രമണങ്ങൾ നടത്താനും ഇസ്രായേൽ പട്ടാളക്കാരെ തട്ടിക്കൊണ്ടുപോവാനും നേതൃത്വം കൊടുക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ആരോപിച്ചു.

ഹമാസ് ഒരു ബഹുജനസംഘടനയായി മാറുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തതോടെ ചാവേർ ആക്രമണങ്ങൾ നിർത്തി ദൈഫ് ഖസ്സാം ബ്രിഗേഡിനെ ഒരു സൈനിക വിഭാഗമാക്കി മാറ്റി. റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് തിരിച്ചടിക്കാൻ ഹമാസ് പരിശീലിച്ചത് ദൈഫിന് കീഴിലാണെന്ന് ഇസ്രായേൽ ആരോപിക്കുന്നു. ഇസ്രായേൽ അക്രമത്തിൽ പരിക്കേറ്റ ദൈഫ് വീൽചെയറിലാണ് സഞ്ചരിക്കുന്നതെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കാൻ ഹമാസ് ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം ഹമാസിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവ് മുഹമ്മദ് ദൈഫ് ആണെന്ന കാര്യത്തിൽ ഇസ്രായേലിനോ ഫലസ്തീനികൾക്കോ അഭിപ്രായവ്യത്യാസമില്ല. 2014ൽ ഇസ്രായേൽ അധിനിവേശം നടത്തിയപ്പോൾ ദൈഫിന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ഫലസ്തീനികൾ സമാധാനപരമായി ജീവിക്കുന്നത് വരെ സുരക്ഷിതമായ ഒരു ജീവിതമുണ്ടാവുമെന്ന് സിയോണിസ്റ്റുകൾ കരുതേണ്ട എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. ഇസ്രായേലിന്റെ ഓരോ അതിക്രമത്തിന് മുന്നിലും ഫലസ്തീനികൾക്ക് അതിജീവനത്തിന് ധൈര്യം പകരുന്നതും ദൈഫിന്റെ ഈ വാക്കുകളാണ്.

TAGS :

Next Story