Quantcast

ആകാശത്തുനിന്ന് കറൻസിമഴ; ഓടിക്കൂടി വാരിക്കൂട്ടി നാട്ടുകാർ-യാഥാര്‍ത്ഥ്യമിതാണ്

ചിലി നഗരത്തിലാണ് കൗതുകമുണർത്തിയ സംഭവം

MediaOne Logo

Web Desk

  • Published:

    22 Oct 2022 2:28 PM GMT

ആകാശത്തുനിന്ന് കറൻസിമഴ; ഓടിക്കൂടി വാരിക്കൂട്ടി നാട്ടുകാർ-യാഥാര്‍ത്ഥ്യമിതാണ്
X

സാന്റിയാഗോ: ആകാശത്തുനിന്ന് ഹൈവേയിലേക്ക് കറൻസിമഴ.. ഓടിക്കൂടി വാരിക്കൂട്ടി ജനക്കൂട്ടം. സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഡിയോക്കു പിന്നിലുള്ള യഥാർത്ഥ കഥ കേട്ടാൽ ചിരിവരും. ചിലിൽ ഒരു ചൂതാട്ടകേന്ദ്രം കൊള്ളയടിച്ച കവർച്ചാസംഘമാണ് കറൻസിമഴയ്ക്കു പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം.

ചിലി നഗരമായ പുദഹ്യൂവിലാണ് സംഭവം. നഗരത്തിലെ ചൂതാട്ടകേന്ദ്രത്തിലെത്തിയ കൊള്ളസംഘം തൊഴിലാളികളെ തോക്കിന്മുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കേന്ദ്രത്തിലുണ്ടായിരുന്ന മുഴുവൻ പണവുമെടുത്ത് കടന്നുകളഞ്ഞു.

വിവരമറിഞ്ഞ നഗരത്തിലെ പൊലീസ് കവർച്ചാസംഘത്തെ പിന്തുടർന്നു. നോർത്ത് കോസ്റ്റ് ദേശീയപാതയിൽ പ്രവേശിച്ച് അതിവേഗത്തിൽ കാറോടിച്ച് പോയി. പൊലീസ് തങ്ങളെ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് ശ്രദ്ധതിരിക്കാനായി സിനിമാകഥ പോലെ സംഘം പുതിയൊരു വിദ്യ പയറ്റിയത്. ചൂതാട്ടകേന്ദ്രത്തിൽനിന്ന് കവർന്ന ബാഗുകളിലൊന്ന് തുറന്ന് പുറത്തേക്കെറിഞ്ഞു.

ബാഗിൽനിന്ന് കറൻസികൾ പാറിപ്പറക്കുന്നതുകണ്ട് ജനങ്ങൾ വാഹനങ്ങൾ നിർത്തി ഓടിക്കൂടി. പലരും കിട്ടിയ കാശുമായി രക്ഷപ്പെട്ടു. എന്നാൽ, കവർച്ചാസംഘത്തെ പൊലീസ് അധികം വൈകാതെ തന്നെ പിടികൂടി. റോഡിൽ ഉപേക്ഷിച്ചതൊഴികെയുള്ള കവർച്ച ചെയ്ത മുഴുവൻ പണവും ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തു.

10 മില്യൻ ചിലിയൻ പെസോസ്(ഏകദേശം എട്ടരലക്ഷം രൂപ) ആണ് സംഘം ചൂതാട്ടകേന്ദ്രത്തിൽനിന്ന് കവർന്നതെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തത്. 60,000 ഡോളർ(ഏകദേശം 50 ലക്ഷം രൂപ) കവർന്നിട്ടുണ്ടെന്ന് സ്‌കൈ ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും വിദേശികളാണ്. രണ്ടുപേർ നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരുമാണെന്ന് പൊലീസ് അറിയിച്ചു.

Summary: Gambling hall robbed and gang tosses money on Highway in Chile

TAGS :

Next Story