Quantcast

കോവിഡ് വാക്‌സിന് പാർശ്വഫലങ്ങൾ; ആസ്‌ട്രേലിയയിൽ നഷ്ടപരിഹാരം തേടി ആയിരങ്ങൾ

ഓസീസ് സർക്കാരിന്റെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത 79,000 പേർക്ക് പാർശ്വഫലങ്ങളുണ്ടായതായി ആസ്‌ട്രേലിയയുടെ തെറപീറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-16 14:28:07.0

Published:

16 Nov 2021 2:27 PM GMT

കോവിഡ് വാക്‌സിന് പാർശ്വഫലങ്ങൾ; ആസ്‌ട്രേലിയയിൽ നഷ്ടപരിഹാരം തേടി ആയിരങ്ങൾ
X

ആസ്‌ട്രേലിയയിൽ കോവിഡ് വാക്‌സിനേഷന്റെ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ആയിരങ്ങൾ. വാക്‌സിൻ കുത്തിവയ്പ്പിനെ തുടർന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനായിരത്തിലേറെപേർ നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയതെന്ന് ആസ്‌ട്രേലിയൻ മാധ്യമമായ 'സിഡ്‌നി മോണിങ് ഹെറാൾഡ്' ആണ് റിപ്പോർട്ട് ചെയ്യുന്നു. പരാതി യാഥാർത്ഥ്യമാണെന്ന് സ്ഥിരീകരിച്ചാൽ ഓസീസ് ഭരണകൂടത്തിന് 50 മില്യൻ ആസ്‌ട്രേലിയൻ ഡോളർ(ഏകദേശം 270 കോടി രൂപ) നഷ്ടപരിഹാരമായി നൽകേണ്ടിവരും.

ഓസീസ് സർക്കാരിന്റെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഏകദേശം 3.68 കോടി പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്. ഇതിൽ 79,000 പേർക്ക് കുത്തിവയ്‌പ്പെടുത്ത ശേഷം വിവിധ തരത്തിലുള്ള പാർശ്വഫലങ്ങളുണ്ടായതായി ആസ്‌ട്രേലിയയുടെ തെറപീറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു. കൈവേദന, തലവേദന, പനി, ജലദോഷം അടക്കമുള്ള രോഗങ്ങളാണ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫൈസർ വാക്‌സിനെടുത്ത 300ഓളം പേർക്ക് നെഞ്ചെരിച്ചിൽ, ആസ്ട്രസെനെക്ക വാക്‌സിനെടുത്ത 160 പേർക്ക് രക്തം കട്ടപിടിക്കുന്നതടക്കമുള്ള അസുഖങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനേഷൻ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഒൻപതുപേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും 65 വയസ് കഴിഞ്ഞവരാണ്.

വാക്‌സിനെടുത്ത ശേഷമുണ്ടായ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നുള്ള ചികിത്സയ്ക്ക് ചെലവായ തുക ആവശ്യപ്പെട്ടാണ് സർക്കാരിന്റെ നഷ്ടപരിഹാര പദ്ധതിയിൽ പതിനായിരത്തിലേറെ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ പരാതിക്കാരനും സർക്കാർ 5,000 ആസ്‌ട്രേലിയൻ ഡോളർ(ഏകദേശം 2,72,972 രൂപ) നൽകേണ്ടിവരും.

കോവിഡിന്റെ രണ്ടാംഘട്ടത്തിൽ ആസ്‌ട്രേലിയൻ സർക്കാർ വാക്‌സിനേഷൻയജ്ഞം ശക്തമാക്കിയിരുന്നു. കോവിഡിന്റെ ഡെൽറ്റ വകഭേദം സിഡ്‌നി, മെൽബൺ അടക്കമുള്ള ഓസീസ് നഗരങ്ങളെ വലിയ തോതിൽ പിടിച്ചുലച്ചു. ഇവിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. രോഗവ്യാപനനിരക്ക് കുറഞ്ഞതോടെ ആഴ്ചകൾക്കുമുൻപാണ് ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത്.

Summary: More than 10,000 people have registered to be compensated after being hospitalized for side effects from the covid vaccination. Australia's government may face a more than A$50 million ($37 million) bill for compensation.

TAGS :
Next Story