Quantcast

അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ: മരണം 40 കടന്നു, പലരും മരിച്ചത് മിന്നല്‍ പ്രളയത്തില്‍ വാഹനങ്ങളില്‍ കുടുങ്ങി

ന്യൂയോർക്കിലും ന്യൂജഴ്സിലും കനത്ത മഴ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2021-09-03 04:22:22.0

Published:

3 Sept 2021 8:05 AM IST

അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ: മരണം 40 കടന്നു, പലരും മരിച്ചത് മിന്നല്‍ പ്രളയത്തില്‍ വാഹനങ്ങളില്‍ കുടുങ്ങി
X

അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റില്‍ മരണം 40 കടന്നു. ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളില്‍ കനത്ത നാശ നഷ്ടമാണുണ്ടായത്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു.

ന്യൂയോർക്കിലും ന്യൂജഴ്സിലും കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വെള്ളപ്പൊക്കവും രൂക്ഷമാണ്. മിക്കയിടങ്ങളിലും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു.

മുട്ടൊപ്പം വെള്ളത്തിലാണ് ന്യൂയോര്‍ക്കിലെ റോഡുകള്‍. കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന കാറുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്താവളത്തിലടക്കം വെള്ളം കയറി. ബുധനാഴ്ചയാണ് ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലും കനത്ത മഴ തുടങ്ങിയത്.

"ഈ കൊടുങ്കാറ്റിൽ ഇതുവരെ ന്യൂജഴ്സിയിലെ 23 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് അറിയിക്കേണ്ടിവരുന്നതില്‍ ഖേദമുണ്ട്. വെള്ളപ്പൊക്കത്തില്‍ വാഹനങ്ങളിൽ കുടുങ്ങിയാണ് പലരും മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു "- ന്യൂജഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു.

ന്യൂയോര്‍ക്കിലാകട്ടെ ബേസ്മെന്‍റ് അപാര്‍ട്മെന്‍റുകളില്‍ വെള്ളം ഇരച്ചെത്തി 11 പേര്‍ മരിച്ചു. പെൻസിൽവാനിയയിൽ അഞ്ച് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരം വീണ് ഒരാള്‍ മരിച്ചപ്പോള്‍, മറ്റൊരാൾ ഭാര്യയെ രക്ഷപ്പെടാൻ സഹായിച്ചതിന് ശേഷം കാറിൽ വെള്ളം കയറി മുങ്ങിമരിക്കുകയായിരുന്നു.

വർഷങ്ങൾക്ക്​ മുമ്പ്​ അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ്​ ഐഡ എത്തിയത്​. കഴിഞ്ഞ ഞായറാഴ്ചയാണ് ഐഡ തീരംതൊട്ടത്. അതായത് 16 വർഷം മുമ്പ്​ കത്രീന മഹാദുരന്തമായി എത്തിയ അതേ തിയ്യതിയില്‍, അന്ന്​ തീരംതൊട്ടതിന്​ 72 കിലോമീറ്റർ പടിഞ്ഞാറായാണ്​ ഐഡ എത്തിയത്​. ലൂസിയാനയിലും മിസിസിപ്പിയിലുമാണ് ഐഡ ആദ്യം നാശം വിതച്ചത്. ഇവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

TAGS :

Next Story