Quantcast

'നെതന്യാഹുവിനെ വെട്ടാൻ മൊസാദ് ഇടപെട്ടു'; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പെന്‍റഗണ്‍ രഹസ്യരേഖകൾ

യുക്രൈൻ യുദ്ധത്തിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട പെന്റഗണിൽനിന്നുള്ള രഹസ്യരേഖകളാണ് ചോർന്നത്

MediaOne Logo

Web Desk

  • Published:

    10 April 2023 11:55 AM GMT

MossadbackedprotestsagainstIsraelPMBenjaminNetanyahu, Pentagonleakeddocuments, MossadagainstNetanyahu, MossadandPentegonleak, Pentagonleakeddocuments
X

തെൽഅവീവ്: ഇസ്രായേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊടുമ്പിരികൊണ്ട ജനകീയ പ്രക്ഷോഭത്തിന് ചാരസംഘമായ മൊസാദിന്റെ പിന്തുണയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. പെന്റഗണിൽനിന്ന് ചോർന്നതായി പ്രചരിക്കപ്പെടുന്ന രഹസ്യരേഖകഖളിലാണ് വെളിപ്പെടുത്തലുള്ളത്. എന്നാൽ, റിപ്പോർട്ട് ഇസ്രായേൽ ഭരണകൂടം തള്ളി.

കഴിഞ്ഞ ദിവസമാണ് യുക്രൈൻ യുദ്ധത്തിലെ യു.എസ് ഇടപെടലുമായി ബന്ധപ്പെട്ട യു.എസ് ഇടപെടലുകൾ വിവരിക്കുന്ന രഹസ്യരേഖകൾ ട്വിറ്റർ, ടെലഗ്രാം അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇക്കൂട്ടത്തിലാണ് ഇസ്രായേലിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുമുള്ളത്. പെന്റഗണിൽനിന്നുള്ള രഹസ്യരേഖകളാണ് ഇവയെന്നാണ് പറയപ്പെടുന്നത്. ആധികാരികമെന്ന് തോന്നിക്കുന്ന രേഖകളാണ് ചോർന്നിരിക്കുന്നതെന്നാണ് 'ന്യൂയോർക്ക് ടൈംസ്' അടക്കമുള്ള യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നെതന്യാഹു ഭരണകൂടത്തിന്റെ ജുഡിഷ്യൽ പരിഷ്‌ക്കരണങ്ങൾക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ മൊസാദ് പിന്തുണയ്ക്കുന്നുണ്ടെന്ന് രഹസ്യരേഖയിൽ വെളിപ്പെടുത്തുന്നുണ്ട്. പ്രക്ഷോഭം നടത്തുന്ന പൗരന്മാർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. ഇതോടൊപ്പം നിരവധി ഉദ്യോഗസ്ഥർ മൊസാദ് തലവൻ ഡേവിഡ് ബാർണിയയിൽനിന്നുള്ള പ്രത്യേക അനുമതിയോടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മൊസാദ് ഉദ്യോഗസ്ഥരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു ഇത്. അഞ്ച് മുൻ തലവന്മാർ അടക്കം നൂറുകണക്കിന് മുൻ മൊസാദ് ഉദ്യോഗസ്ഥർ സർക്കാർ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

എന്നാൽ, റിപ്പോർട്ട് നിറയെ കള്ളങ്ങളാണെന്നും ഒരു അടിസ്ഥാനവുമില്ലെന്നുമാണ് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്. ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിലും രാഷ്ട്രീയ പ്രകടനങ്ങളിലും മറ്റ് ഒരുതരത്തിലുമുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിലും പങ്കെടുക്കാൻ ഉദ്യോഗസ്ഥരെ മൊസാദ് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, രഹസ്യവിവരങ്ങളുടെ ചോർച്ചയെക്കുറിച്ച് യു.എസ് ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് നിയമവകുപ്പ് അറിയിച്ചു. കൂടുതൽ പ്രതികരിക്കാൻ മന്ത്രാലയങ്ങൾ തയാറായിട്ടില്ല.

Summary: Mossad backed nationwide protests against Israel Prime Minister Benjamin Netanyahu: Claims in documents allegedly leaked from Pentagon

TAGS :

Next Story