'മിസ്റ്റർ ട്വീറ്റ്' ആയി മസ്ക് ; പേര് മാറ്റാൻ സമ്മതിക്കാതെ ട്വിറ്റർ
അടുത്തിടെയാണ് ട്വിറ്റർ സി.ഇ.ഒ ആയ ഇലോൺ മസ്ക് ട്വിറ്ററിൽ 'മിസ്റ്റർ ട്വീറ്റ്' എന്ന പേര് സ്വീകരിച്ചത്

ഇലോൺ മസ്ക്
ട്വിറ്ററിൽ 'മിസ്റ്റർ ട്വീറ്റ്' ആയ ഇലോൺമസ്കിനെ തന്നെ പുലിവാലു പിടിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. അടുത്തിടെയാണ് ട്വിറ്റർ സി.ഇ.ഒ ആയ ഇലോൺ മസ്ക് ട്വിറ്ററിൽ 'മിസ്റ്റർ ട്വീറ്റ്' എന്ന പേര് സ്വീകരിച്ചത്. ഇപ്പോള്‍ ആ പേര് തിരുത്താൻ മസ്കിനെ ട്വിറ്റർ സമ്മതിക്കുന്നില്ലെന്നാണ് മസ്ക് പറയുന്നത്.
'എന്‍റെ പേര് മിസ്റ്റർ ട്വീറ്റ് എന്ന് മാറ്റി, ഇപ്പോള്‍ അതിൽ മാറ്റം വരുത്താൻ ട്വിറ്റർ എന്നെ അനുവദിക്കുന്നില്ലെന്നാണ്' മസ്കിന്‍റെ ട്വീറ്റ്. ട്വീറ്റിന് കീഴിൽ നിരവധി രസകരമായ കമന്‍റുകളും വന്നിട്ടുണ്ട്.
Changed my name to Mr. Tweet, now Twitter won't let me change it back 🤣
— Mr. Tweet (@elonmusk) January 25, 2023
തലപ്പത്തെ അഴിച്ചുപണിയോടെയാണ് മസ്ക് ട്വിറ്ററില്‍ തുടക്കം കുറിച്ചത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ അഞ്ഞൂറിലധികം പരസ്യദാതാക്കളെ ട്വിറ്ററിന് നഷ്ടപ്പെട്ടിരുന്നു. ഏറ്റവുമൊടുവിലായി അഭിപ്രായ വോട്ടെടുപ്പുമായും ഇലോണ്‍ മസ്ക് എത്തിയിരുന്നു. ട്വിറ്റര്‍ മേധാവി സ്ഥാനത്തു നിന്നു താന്‍ ഒഴിയണോ എന്നായിരുന്നു ട്വിറ്ററിലൂടെ മസ്കിന്‍റെ ചോദ്യം. അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലം താന്‍ അംഗീകരിക്കുമെന്നും മസ്ക് പറഞ്ഞു. വോട്ടെടുപ്പില്‍ മസ്കിന് കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ആകെ ഒരു കോടി 75 ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.5 ശതമാനം പേർ ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌ക്കിനെതിരായി വോട്ട് ചെയ്തു. 43 ശതമാനം പേർ മാത്രമാണ് മസ്‌കിനെ പിന്തുണച്ചത്. ട്വിറ്ററിൽ സ്വന്തം പ്രൊഫൈലിലാണ് മസ്‌ക് പോൾ പങ്കുവച്ചത്.
ഇതിനുപിന്നാലെ ട്വിറ്ററിന്‍റെ സി.ഇ.ഒ സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ഇ.ഒ സ്ഥാനത്തേക്ക് മികച്ച പകരക്കാരനെ കണ്ടെത്തിയാലുടന്‍ രാജിവെക്കുമെന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞത്.
Adjust Story Font
16



