Quantcast

ദേശീയപതാകയിൽ പുതച്ച് അന്ത്യയാത്ര; ട്രക്ക് കൊലപാതകത്തിലെ ഇരകൾക്ക് കാനഡയുടെ ആദരം

തെക്കുപടിഞ്ഞാറൻ ഒന്റാരിയോയിലെ ഇസ്‍ലാമിക് സെന്ററിലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന്‍റെ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചത്

MediaOne Logo

Web Desk

  • Updated:

    2021-06-13 08:05:11.0

Published:

13 Jun 2021 8:03 AM GMT

ദേശീയപതാകയിൽ പുതച്ച് അന്ത്യയാത്ര; ട്രക്ക് കൊലപാതകത്തിലെ ഇരകൾക്ക് കാനഡയുടെ ആദരം
X

ലോകത്തെ ഞെട്ടിച്ച ക്രൂരമായ ട്രക്ക് ആക്രമണത്തിൽ കൊല്ലപ്പെട്ട മുസ്‍ലിം കുടുംബത്തിന് ആദരമര്‍പ്പിച്ച് കാനഡ. കനേഡിയൻ ദേശീയപതാകയിൽ പുതച്ചായിരുന്നു കുടുംബത്തിന്റെ അന്ത്യയാത്ര. മത, ജാതി, കക്ഷി ഭേദമന്യേ നൂറുകണക്കിനു പേരാണ് വിദ്വേഷക്കൊലയുടെ ഇരകൾക്ക് അന്ത്യോപചാരമർപ്പിച്ചത്.

തെക്കുപടിഞ്ഞാറൻ ഒന്റാരിയോയിലെ ഇസ്‍ലാമിക് സെന്ററിലാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട നാലുപേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള നൂറുകണക്കിനു പേരാണ് ഇവിടെ അവസാനമായൊരു നോക്കുകാണാനും ആദരമർപ്പിക്കാനുമായി എത്തിയത്. പൊതുദർശനത്തിനുശേഷം മയ്യിത്ത് നിസ്‌കാരവും പ്രാർത്ഥനകളും പൂർത്തിയാക്കിയ ശേഷമാണ് നാലുപേരെയും ഖബറടക്കിയത്.

നാലുപേരുടെയും മൃതദേഹങ്ങൾ സുന്ദരമായ ദേശീയപതാകയിൽ പുതച്ചത് കാനഡ മുഴുവൻ അവർക്കൊപ്പം നിൽക്കുന്നുവെന്നതിന്റെ കൃത്യമായ തെളിവാണെന്ന് പാക് ഹൈക്കമ്മിഷണർ റസ ബഷീർ തരാർ മരണാനന്തര ചടങ്ങിൽ പറഞ്ഞു. നിറ, വംശ വ്യത്യാസമില്ലാതെയുള്ള ആശ്വാസവാക്കുകളും പ്രാർത്ഥനകളും വികാരപ്രകടനങ്ങളുമാണ് ദിവസങ്ങളായി തങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കൊല്ലപ്പെട്ട മദീഹ സൽമാന്റെ അമ്മാവൻ അലി ഇസ്‍ലാം ചടങ്ങിൽ പറഞ്ഞു. ഇതിൽ ബന്ധുക്കളും പരിചയക്കാരും ഒട്ടും പരിചയമില്ലാത്ത നൂറുകണക്കിനുപേരുമുണ്ടായിരുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാനുള്ള ആദ്യ പടിയാണിതെന്നും അലി ഇസ്‍ലാം കൂട്ടിച്ചേർത്തു.


കഴിഞ്ഞ ഞായറാഴ്ചയാണ് കാനഡയിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ വിദ്വേഷക്കൊലപാതകം നടന്നത്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു പാക് വംശജരായ കുടുംബം. ഈ സമയം നോക്കി 20 വയസുകാരനായ നഥാനിയേൽ വെൽറ്റ്‌മെൻ കുടുംബത്തിനുനേരെ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ 46കാരനായ സൽമാൻ അഫ്‌സൽ, ഭാര്യ മദീഹ സൽമാൻ, മകൾ യുംന സൽമാൻ, മാതാവ് തലാത് അഫ്‌സൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന സൽമാന്റെ മകൻ ഫായിസ് അഫ്‌സൽ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ തീവ്ര പരിചരണത്തിൽ കഴിയുകയാണ്.

ഭീകരാക്രമണത്തെ അപലപിച്ചും മുസ്‍ലിംകൾക്കെതിരായ വിദ്വേഷ നീക്കങ്ങൾ പൊറുപ്പിക്കില്ലെന്നു വ്യക്തമാക്കിയും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കമുള്ള കനേഡിയൻ നേതാക്കൾ സംഭവത്തോട് പ്രതികരിച്ചിരുന്നു. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം ഉൾപ്പെടെ നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

TAGS :

Next Story