അരുണാചലിലെ കൊടുമുടിക്ക് ദലൈലാമയുടെ പേര്; എതിര്‍പ്പുമായി ചൈന
പര്‍വതാരോഹകര്‍ തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയെന്നാണ് ചൈനയുടെ ആരോപണം
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര് നല്‍കിയ ഇന്ത്യന്‍ പര്‍വതാരോഹക സംഘത്തിന്‍റെ നീക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ചൈന. പര്‍വതാരോഹകര്‍ തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയെന്നാണ് ചൈനയുടെ ആരോപണം. ചൈനീസ് പ്രദേശത്ത് ഇന്ത്യ സ്ഥാപിക്കുന്നത് നിയമവിരുദ്ധവും അസാധുവുമായ കാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ബീജിംഗില്‍ പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്‌പോർട്‌സിലെ (നിമാസ്) സംഘം 20,942 അടി ഉയരമുള്ള കൊടുമുടി ഈയിടെ വിജയകരമായി കീഴടിക്കിയിരുന്നു. തുടര്‍ന്ന് ഈ കൊടുമുടിക്ക് 'സങ്‌യാങ് ഗ്യാസ്തോ’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. 1682-ൽ മോണ്‍ തവാങ്ങില്‍ ജനിച്ച ആറാമത്തെ ദലൈലാമയാണ് സാങ്‌യാങ്. കേണൽ രൺവീർ സിംഗ് ജംവാളിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് കൊടുമുടി കീഴടക്കിയത്. അരുണാചൽ പ്രദേശിലെ ദിരാംഗ് ആസ്ഥാനമായുള്ള നിമാസ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
മോൺപ സമൂഹത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും ദലൈലാമയുടെ പാരമ്പര്യത്തോടുള്ള ആദരവ് പ്രകടിപ്പിച്ചുമാണ് പര്‍വതത്തിന് ദലൈലാമയുടെ പേരിട്ടതെന്ന് പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. 15 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് നിമാസ് സംഘം തവാങ്-വെസ്റ്റ് കമെങ് മേഖലയിലുള്ള ഗോരിചരന്‍ പര്‍വത നിരകളിലെ 20,942 അടി ഉയരമുള്ള കൊടുമുടി കീഴടക്കിയത്. വളരെ വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു ഇതെന്ന് പ്രതിരോധ മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ സാങ്‌നാൻ പ്രദേശം ചൈനയുടെ പ്രദേശമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ചൈന അരുണാചൽ പ്രദേശിനെ സാങ്‌നാൻ എന്നാണ് വിളിക്കുന്നത്. കൂടാതെ, ചൈന തങ്ങളുടെ അവകാശവാദങ്ങൾ ഉറപ്പിക്കുന്നതിനായി 2017 മുതൽ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടിരിക്കുകയാണ്. അരുണാചലിനു മേലുള്ള ചൈനയുടെ അവകാശവാദം തുടര്‍ച്ചയായി നിഷേധിച്ച ഇന്ത്യ സംസ്ഥാനം രാജ്യത്തിന്റെ അവിഭാജ്യവും അനിഷേധ്യവുമായ' ഭാഗമാണെന്നും പേരുകള്‍ മാറ്റുന്നത് ഈ യാഥാര്‍ഥ്യത്തെ മറയ്ക്കുന്നില്ലെന്നും വ്യക്തമാക്കി.
അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്ന് അവകാശപ്പെടുന്ന ചൈന, ഇന്ത്യൻ നേതാക്കൾ അവിടെ പോകുന്നതിനെതിരെ നിരന്തരം വിമര്‍ശിക്കാറുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണചാല്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിരുന്നു. സേലാ തുരങ്കപാതാ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ നീക്കം അതിര്‍ത്തി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നായിരുന്നു അയല്‍രാജ്യത്തിന്‍റെ പ്രതികരണം. അതേസമയം പ്രധാനമന്ത്രിയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ തുടർന്ന് ചൈന നടത്തിയ പരാമർശം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയുടെ വികസന പദ്ധതികളെയോ അതിനായുള്ള സന്ദർശനങ്ങളെയോ എതിർക്കുന്നത് ന്യായമല്ലെന്നായിരുന്നു മറുപടി.
അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെ അമേരിക്കയും എതിര്‍ത്തിരുന്നു. ചൈനയുടെ വാദത്തെ ശക്തമായി എതിര്‍ക്കുന്നു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമായിട്ടാണ് അമേരിക്ക കണക്കാക്കുന്നത് എന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് സ്റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16