Quantcast

ട്രംപിന് പേജർ സമ്മാനിച്ച് നെതന്യാഹു

കഴിഞ്ഞ വർഷം ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിന്റെ സ്മരണാർത്ഥമാണ് സമ്മാനം.

MediaOne Logo

Web Desk

  • Published:

    8 Feb 2025 12:57 PM IST

ട്രംപിന് പേജർ സമ്മാനിച്ച് നെതന്യാഹു
X

വാഷിങ്ടൺ: യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന് സ്വർണത്തിൽ തീർത്ത പേജർ സമ്മാനമായി നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെൻയമിൻ നെതന്യാഹു. 'ഞങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിയും സുഹൃത്തുമായ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്' എന്നു രേഖപ്പെടുത്തിയ ഫലകത്തോടൊപ്പമാണ് ഒലിവ് മരത്തടിയുടെ ഫലകത്തിൽ സ്ഥാപിച്ച പേജർ കൈമാറിയത്. കഴിഞ്ഞ വർഷം ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ ആക്രമണത്തിന്റെ സ്മരണാർത്ഥമാണ് സമ്മാനം.

2024 സെപ്തംബർ 17, 18 തിയ്യതികളിൽ ലബനാനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് 42 പേർ കൊല്ലപ്പെടുകയും 4,000-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 12 പേരും പരിക്കേറ്റവരിൽ സിംഹഭാഗവും സിവിലിയന്മാരായിരുന്നു. നിരവധി കുട്ടികൾക്കും സ്‌ഫോടനങ്ങളിൽ പരിക്കേറ്റു. ഇസ്രായേലിന്റെ ഈ ആക്രമണം യുദ്ധക്കുറ്റമായാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തിയത്.

2024 തുടക്കത്തിൽ അധ്യക്ഷൻ ഹസ്സൻ നസ്‌റുല്ലയുടെ നിർദേശത്തെ തുടർന്നാണ് ഹിസ്ബുല്ല അംഗങ്ങൾ മൊബൈൽ ഫോണുകൾ ഒഴിവാക്കി പേജറുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. ഇസ്രായേലി ചാരസംഘടനയായ മൊസാദ് ബാറ്ററിക്കൊപ്പം സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ച പേജറുകൾ നിർമിക്കുകയും വിദേശത്തുള്ള ഷെൽ കമ്പനി വഴി ഹിസ്ബുല്ലയ്ക്ക് വിൽക്കുകയുമായിരുന്നു.

പേജർ ആക്രമണത്തിൽ ഉത്തരവാദിത്തം ഇസ്രായേൽ തുടക്കത്തിൽ ഏറ്റെടുത്തിരുന്നില്ല. ഒരു മാസത്തിനു ശേഷം പ്രധാനമന്ത്രി ബെൻയമിൻ നെതന്യാഹുവാണ് ആക്രമണം നടത്തിയത് ഇസ്രായേൽ ആണെന്ന് സമ്മതിച്ചത്. പേജർ ആക്രമണത്തോടെ, ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധം പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചതായി ഇസ്രായേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റും അവകാശപ്പെട്ടു.

പേജർ ആക്രമണം നിയമവിധേയമായ യുദ്ധമല്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ, സുരക്ഷാ പ്രതിനിധി ജോസപ് ബോറൽ ആരോപിച്ചു. ലബനാനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഷോൺ ഹെന്നിസ് പ്ലസ്‌കാർട്ടും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് ബെൽജിയം ഉപപ്രധാനമന്ത്രി പെട്ര ദെ സുറ്ററും മുൻ സി.ഐ.എ ഡയറക്ടർ ലിയോൺ പനേറ്റയും വ്യക്തമാക്കി.

TAGS :

Next Story