Quantcast

ഞങ്ങളുടെ അന്ത്യത്തിനായി വർഷങ്ങളായി അവർ ആഹ്വാനം ചെയ്യുകയായിരുന്നു, ഇത് തിരിച്ചടിക്കാനുള്ള സമയം, ട്രംപിന് നന്ദി: നെതന്യാഹു

ഇറാനെതിരായ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്‍റെ ആദ്യ പ്രതികരണം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-02-28 11:43:28.0

Published:

28 Feb 2026 5:10 PM IST

ഞങ്ങളുടെ അന്ത്യത്തിനായി വർഷങ്ങളായി അവർ ആഹ്വാനം ചെയ്യുകയായിരുന്നു, ഇത് തിരിച്ചടിക്കാനുള്ള സമയം, ട്രംപിന് നന്ദി: നെതന്യാഹു
X

തെല്‍ അവിവ്: യുഎസുമായി ചേര്‍ന്ന് ഇറാനെതിരായി ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വര്‍ഷങ്ങളായി ഇറാന്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഭീഷണികള്‍ ഇല്ലാതാക്കാനും ഇറാനിലെ സാധാരണക്കാര്‍ക്ക് അവരുടെ ഭാവി തിരുത്തിയെഴുതാനും വേണ്ടിയാണ് സൈനിക നടപടി ആരംഭിച്ചതെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാനെതിരായ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ ആദ്യപ്രതികരണം.

'പ്രിയ സഹോദരങ്ങളേ, കഴിഞ്ഞ കുറേ കാലങ്ങളായി ഇസ്രായേലിന്റെ അന്ത്യം, ഇസ്രായേലിനെ വകവരുത്തC, അമേരിക്കയെ തീർത്തുകളയണമെന്നെല്ലാം പറഞ്ഞുകൊണ്ടിരുന്നവര്‍ക്കെതിരെ യുഎസുമായി ചേര്‍ന്ന് നാം സൈനികനടപടി സ്വീകരിച്ചിരിക്കുകയാണ്. ഇപ്പോള്‍ നാം അവരെ ആക്രമിക്കാത്ത പക്ഷം അവര്‍ കൂടുതല്‍ ശക്തരാകും. ഐതിഹാസികമായ സഹകരണത്തിനും നേതൃത്വത്തിനും പ്രിയ സുഹൃത്ത് ട്രംപിന് നന്ദി. നാം അവര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിച്ചിരിക്കുകയാണ്'. നെതന്യാഹു പറഞ്ഞു.

'നമ്മുടെ സുഹൃത്ത് ട്രംപുമായി ചേര്‍ന്ന് തീവ്രവാദ ശക്തികളെ നാം കൂടുതല്‍ ശക്തമായി ആക്രമിക്കും. നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്ന് ഇറാനിലെ ധീരരായ സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ കൂടിയാണ് ഈ നീക്കം. ഈ ഏറ്റുമുട്ടലിനിടെ ആയുധം താഴെ വെക്കുന്നവരാരോ അവര്‍ സുരക്ഷിതരായിരിക്കും'. കൊലപാതകികളായ ഇറാന്‍ ഭരണകൂടത്തെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അത് മാനവികതയെ ഭീഷണിപ്പെടുത്താന്‍ അവര്‍ക്ക് സഹായകരമാകുമെന്നും നെതന്യാഹു വീഡിയോയില്‍ പറഞ്ഞു.

'പേര്‍ഷ്യക്കാര്‍, കുര്‍ദുകള്‍, അസരികള്‍, ബലൂചുകള്‍, അഹ്വാസി എന്നിങ്ങനെ ഇറാനിയന്‍ ജനതയുടെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വേച്ഛാധിപത്യത്തിന്റെ കടിഞ്ഞാണ്‍ വലിച്ചെറിഞ്ഞ് സ്വതന്ത്രവും സമാധാനപൂര്‍ണവുമായി ഇറാന്‍ സ്ഥാപിക്കാനുള്ള സമയം ആഗതമായിരിക്കുകയാണ്'. നെതന്യാഹു പറഞ്ഞു.

ഇറാനെതിരായ സൈനികനടപടി തുടരുന്നതോടൊപ്പം ഇസ്രായേലിന്റെ നല്ല ഭാവി ഉറപ്പാക്കുന്നതിനായി പൗരന്മാര്‍ ക്ഷമയും സ്ഥൈര്യവും പ്രകടിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു.

നേരത്തെ, ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലുള്ള പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മിനാബ് നഗരത്തിലെ സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന അഞ്ച് കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലിലെ ഒമ്പത് നിലകളുള്ള കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 50 വയസുകാരന് പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായി ഇസ്രായേല്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.

ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെയും ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഐആര്‍ജിസി വ്യക്തമാക്കി. മേഖലയിലെ അമേരിക്കയുടേതായ എല്ലാം തങ്ങളുടെ സ്വാഭാവിക ലക്ഷ്യങ്ങളാണെന്നും ഐആര്‍ജിഎസി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പല വിമാനക്കമ്പനികളും സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

TAGS :

Next Story