ഭൂമിക്ക് വേറെയും ചന്ദ്രൻമാരോ? പുതിയ ഒരു 'ക്വാസി മൂണിനെ' കണ്ടെത്തി ഗവേഷകർ !
കഴിഞ്ഞ ദിവസമാണ് ഭൂമിക്ക് സമീപം ഒരു പുതിയ ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്.. 60 വർഷമായി ടെലസ്‌കോപുകളുടെ കണ്ണിൽ പെടാതെ ഭ്രമണം ചെയ്യുകയായിരുന്നു ഇത്..

ഭൂമിക്ക് ഒരു ഉപഗ്രഹമേ ഉള്ളൂ എന്നും അത് ചന്ദ്രനാണ് എന്നുമാണ് നമ്മളെല്ലാവരും പഠിച്ചിരിക്കുന്നത് അല്ലേ.. എന്നാൽ അതിലൊരു ട്വിസ്റ്റ് ഉണ്ട്. ചന്ദ്രന് സമാനമായ ഒരു വസ്തു ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 60 വർഷങ്ങളായി അത് ഭൂമിയെ ഭ്രമണം ചെയ്യുകയാണത്രേ. ക്വാസി മൂൺ എന്നാണ് ഇങ്ങനെ ഭൂമിയുടെ ഭ്രമണപഥത്തിൽ കണ്ടെത്തുന്ന വസ്തുക്കൾക്ക് ശാസ്ത്രലോകം നൽകുന്ന വിശേഷണം. അതായത് ചന്ദ്രനോട് സമാനമായ വസ്തുക്കൾ എന്നർഥം.. 2025 പിഎൻ7 എന്നാണ് പുതിയ ക്വാസി മൂണിന് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രന് സമാനമായ, ഛിന്നഗ്രഹം കണക്കെയുള്ള 2025 പിഎൻ സെവനിനെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത്. 15-30 മീറ്റർ വിസ്തീർണമുള്ള ഇതിന് നമ്മുടെ സ്റ്റ്യാച്യു ഓഫ് ലിബർട്ടിയുടെ മൂന്നിലൊന്ന് ഉയരമുണ്ട്. അർജുനാ ആസ്റ്ററോയ്ഡ് ബെൽറ്റിലെ ഒരു ഛിന്നഗ്രഹം തന്നെയാണിത്.. കഴിഞ്ഞ 60 വർഷമായി ഇത് ഭൂമിയെ ചുറ്റുന്നുണ്ട്.. പക്ഷേ ഇതുവരെ നമ്മുടെ കണ്ണിൽ പെട്ടിട്ടില്ല. ഇനിയൊരു 60 വർഷം കൂടി ഇവ ഇങ്ങനെ തന്നെ ഭൂമിയെ ഭ്രമണം ചെയ്യും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
യുഎസിലെ ഹവായിയിലുള്ള പാൻ സ്റ്റാർസ് ഒബ്സർവേറ്ററി ആണ് ഈ ക്വാസി മൂണിനെ ആദ്യമായി പകർത്തിയത്. തുടർന്ന് വിശദവിവരങ്ങൾ റിസർച്ച് നോട്ട്സ് ഓഫ് ദി എഎഎസിൽ ഇവർ പ്രസിദ്ധീകരിച്ചു. ഈ റിപ്പോർട്ട് ശരിക്കും ശാസ്ത്രലോകത്തിന് ഞെട്ടൽ തന്നെ ആയിരുന്നു. കാരണം, ഇത്രയും നാളായിട്ടും ഇത്തരത്തിലൊരു ക്വാസി മൂൺ കണ്ണിൽപ്പെട്ടില്ല എന്നത് അവരെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമായിരുന്നു.
ഈ ക്വാസി മൂൺ സത്യത്തിൽ മറ്റ് ക്വാസി മൂണുകൾക്ക് സമാനമല്ല എന്നതാണ് ശരിക്കും അവയെ തിരിച്ചറിയാതെ പോയതിന് ഒരു പ്രധാന കാര്യം. ഇവയ്ക്ക് അത്ര തിളക്കവുമില്ല. നിയർ എർത്ത് ഒബ്ജക്ട്സ് ഗണത്തിൽ പെടുന്ന ഛിന്നഗ്രഹമാണ് 2025 പിഎൻ 7. പ്രപഞ്ചത്തിൽ ഭൂമിക്ക് ഏറ്റവും അടുത്തായി കാണപ്പെടുന്ന വസ്തുക്കളെയാണ് നിയർ എർത്ത് ഒബ്ജക്ട്സ് എന്ന് വിളിക്കുന്നത്. വാൽനക്ഷത്രങ്ങളും ഉൾപ്പെടാം. ഇത്തരത്തിലൊരു നിയർ എർത്ത് ഒബ്ജക്ട് ആയി 2025 പിഎൻ സെവനെ നേരത്തേ തന്നെ ട്രേസ് ചെയ്തിട്ടുണ്ട് ശാസ്ത്രജ്ഞർ. പക്ഷേ ഇത് ഭൂമിയെ ഭ്രമണം ചെയ്യുന്നുണ്ട് എന്നതൊരു പുതിയ അറിവായിരുന്നു ശാസ്ത്രലോകത്തിന്.
പക്ഷേ ഭൂമിയെ ഭ്രമണം ചെയ്യുക എന്നത് കൊണ്ട് സത്യത്തിൽ അതല്ല അർഥമാക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. ക്വാസി മൂണുകൾ ശരിക്കും സൂര്യനെയാണ് ഭ്രമണം ചെയ്യുന്നത്. പക്ഷേ ഭൂമിയുടെ അടുത്താണിവ ഉള്ളത് എന്നത് കൊണ്ടു തന്നെ ഇവയുടെ ഭ്രമണപഥത്തിനും ഭൂമിയുടേതിനുമിടയിൽ ഒരു കാന്തികസ്വാധീനമുണ്ടാകും. തല്ഫലമായി ഇവ ഭൂമിയെ ഭ്രമണം ചെയ്യുകയാണ് എന്ന പ്രതീതി വരും. ഭൂമിയുമായി 1-0-1 എന്ന അനുരണനത്തിലാണ് 2025 പിഎൻ സെവനിന്റെ ഭ്രമണം. അതുകൊണ്ടു തന്നെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവ നമ്മെ ഭ്രമണം ചെയ്യുന്നതായേ തോന്നൂ.. ഇതാണ് ഭൂമിക്ക് മറ്റൊരു ചന്ദ്രൻ എന്ന നിഗമനങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഈ കാരണം കൊണ്ടു തന്നെ, ഇവ മിനി മൂൺ ആണോ എന്ന തോന്നൽ ശാസ്ത്രജ്ഞരിലുണ്ടാക്കിയിരുന്നു. ക്വാസി മൂണുകളിൽ നിന്ന് വ്യത്യസ്തമാണ് മിനി മൂണുകൾ. ഭൂമിയെ ചുറ്റുന്നു എന്ന പ്രതീതി ഉണ്ടാക്കുകയാണ് ക്വാസി മൂണെങ്കിൽ താല്ക്കാലികമായെങ്കിലും മിനി മൂണുകൾ ശരിക്കും ഭൂമിയെ ചുറ്റും.
ഇതാദ്യമായല്ല ഒരു ക്വാസി മൂൺ ഇത്തരത്തിൽ ഭൂമിയുടെ ഭ്രമണപഥത്തിന് സമീപം കാണപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കാമോലെവ, കാർഡിയ എന്ന് പേരിട്ട ക്വാസി മൂണുകളെയൊക്കെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. പക്ഷേ ഇവയെക്കാളൊക്കെ സ്പീഡിലാണ് 2025 പിഎൻ സെവനിന്റെ ഭ്രമണം. 1960കളിലാണ് ഇവ സൂര്യനെ ഭ്രമണം ചെയ്യാൻ തുടങ്ങിയത് എന്നാണ് കരുതപ്പെടുന്നത്. ഒരു തരത്തിലുള്ള ഭീഷണിയും ഭൂമിയ്ക്കിവ ഉണ്ടാക്കുന്നില്ല എന്നത് കൊണ്ടു തന്നെ ആശങ്കപ്പെടാനൊന്നുമില്ല എന്നാണ് ശാസ്ത്രജ്ഞരുടെ അറിയിപ്പ്.
നിലവിൽ 2025 പിഎൻ സെവനിനെ പോലെ ആറ് ക്വാസി മൂണുകൾ ഭൂമിയ്ക്ക് സമീപമുണ്ട്. കണ്ടെത്തിയ വർഷത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയ്ക്കൊക്കെയും പേരിടുന്നത്. ഇതിൽ നേരത്തേ സൂചിപ്പിച്ച കാമോലെവ തന്നെയാണ് വമ്പൻ. 2016 എച്ച്ഒ 3 എന്ന് പേരിട്ടിരിക്കുന്ന ഇവയ്ക്ക് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ അത്ര തന്നെ വലിപ്പമുണ്ട്.
കാമോലെവയെ കുറിച്ച് പഠിക്കാൻ 2026 ജൂലൈയോടെ ചൈന ടിയാൻവെൻ 2നെ അയയ്ക്കുമെന്നാണ് വിവരം. ഇവയിൽ നിന്നുള്ള സാംപിളുകൾ പഠനവിധേയമാക്കാനാണ് ചൈനയുടെ തീരുമാനം. അങ്ങനെ വന്നാൽ ഭൂമിയിൽ നിന്നുള്ള ഒരു ബഹിരാകാശപേടകം സന്ദർശിക്കുന്ന ഏറ്റവും ചെറിയ ഛിന്നഗ്രഹമാകും അത്.
Adjust Story Font
16

